മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന നടനാണ് ജഗദീഷ്. ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങൾ മാത്രമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും നായക വേഷങ്ങളും ലഭിച്ചു. സ്ഥലത്തെ പ്രധാന പയ്യൻസ്, ഭാര്യ , സ്ത്രീധനം, മിമിക്സ് പരേഡ് തുടങ്ങിയ ജഗദീഷ് അഭിനയിച്ച ചിത്രങ്ങൾ തൊണ്ണൂറുകളിൽ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. കോളേജ് അധ്യാപകനായിരുന്നു ജഗദീഷ്.
ഒരു കാലത്ത് ഹാസ്യകഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന ജഗദീഷ് അടുത്ത കാലത്തായി സീരിയസ് വേഷങ്ങളും കൈകാര്യം ചെയ്തുതുടങ്ങി. അടുത്തിടെ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, മാര്‍ക്കോ, കിഷ്‌കിന്ധ കാണ്ഡം, ഫാലിമി എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോൾ കഥാപാത്രങ്ങൾ നന്നാകുമ്പോൾ അതിൻ്റെ ക്രെഡിറ്റ് കൊടുക്കേണ്ടത് എഴുത്തുകാരനും സംവിധായകനുമാണെന്ന് പറയുകയാണ് ജഗദീഷ്. തങ്ങളുടെ സംഭാവന ഇല്ലെന്ന് പറയുന്നില്ലെന്നും അതിവിനയം കാണിക്കുന്നില്ലെന്നും ജഗദീഷ് പറയുന്നു.
തങ്ങളുടെ റോൾ തീർച്ചയായിട്ടും ഉണ്ടെന്നും പക്ഷെ നല്ല പ്രൊജക്ട് കിട്ടുമ്പോൾ തനിക്ക് ശോഭിക്കാനും പേരെടുക്കാനും കഴിയുമെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. ഒർജിനൽസിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘വേഷങ്ങളെല്ലാം നന്നാകുമ്പോൾ അതിന് ക്രെഡിറ്റ് കൊടുക്കേണ്ടത് എഴുത്തുകാരനും സംവിധായകനുമാണ്. പിന്നെ നമ്മുടെ സംഭാവന ഇല്ലെന്ന് പറയുന്നില്ല. അതിവിനയം ഇല്ല. തീർച്ചയായിട്ടും നമ്മുടെ റോൾ ഉണ്ട്. പക്ഷെ നല്ല പ്രൊജക്ട് കിട്ടുമ്പോൾ നമുക്ക് ശോഭിക്കാൻ കഴിയും, പേരെടുക്കാൻ കഴിയും,’ ജഗദീഷ് പറയുന്നു.
ജഗദീഷിൻ്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ ആസിഫ് അലി നായകനാകുന്ന ആഭ്യന്തര കുറ്റവാളിയാണ്. നവാഗതനായ സേതുനാഥ് പത്മകുമാർ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന ചിത്രം ഉടൻതന്നെ തിയേറ്ററുകളിലെത്തും.
Content Highlight: Credit should be given to them says Jagadish