Advertisement
Kerala News
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം; ബി.ജെ.പി നേതാക്കള്‍ക്കെതിരെ പരാതി, കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 17, 07:21 am
Thursday, 17th April 2025, 12:51 pm

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് ഓമനക്കുട്ടനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. ബി.ജെ.പി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടിക്കുകയും ചെയ്തു.

പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിലാണ് കോണ്‍ഗ്രസ് പരാതിപ്പെട്ടത്. ബി.ജെ.പി നേതാവും പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഓമനക്കുട്ടനെതിരെ കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ , ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്നും രാഹുലിന്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പിക്കെതിരെ വ്യാപക വിമര്‍ശനവും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി പ്രസംഗമുയര്‍ന്നത്.

Content Highlight: Murder speech against Rahul Mangkootatil; Complaint against BJP leaders, police register case