Advertisement
Sports News
ടീമില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല; വമ്പന്‍ വെളിപ്പെടുത്തലുമായി രോഹിത് 
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 17, 08:06 am
Thursday, 17th April 2025, 1:36 pm

2024 -25 ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ ഇന്ത്യ 1-3 ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അവസാന ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നിരുന്നു. ഇപ്പോള്‍ ഇതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രോഹിത് ശര്‍മ. തനിക്ക് തന്നോട് തന്നെ സത്യസന്ധത പുലര്‍ത്തണമായിരുന്നുവെന്നും മറ്റുള്ളവരും ബുദ്ധിമുട്ടുന്നതിനാല്‍ ടീമില്‍ തുടരാന്‍ താന്‍ ആഗ്രഹിച്ചില്ലായെന്നും രോഹിത് പറഞ്ഞു.


ഗൗതം ഗംഭീറിനോടും അജിത് അഗാക്കാരോടും താന്‍ കളിക്കാതിരിക്കുന്ന തീരുമാനം അറിയിച്ചപ്പോള്‍ പൂര്‍ണമായി അംഗീകരിച്ചില്ലെന്നും പിന്നീട് ചര്‍ച്ചകള്‍ നടത്തി ടീമിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയായിരുന്നുവെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു. ബീയോണ്ട് 23 എന്ന ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്ററായ മൈക്കല്‍ ക്ലാര്‍ക്കുമായി സംസാരിക്കുകയായിരുന്നു രോഹിത് ശര്‍മ.

രോഹിത് ശര്‍മ പറഞ്ഞത്

‘എനിക്ക് എന്നോട് തന്നെ സത്യസന്ധത പുലര്‍ത്തണമായിരുന്നു. ഞാന്‍ നന്നായി കളിക്കുന്നില്ല, മറ്റുള്ളവരും ബുദ്ധിമുട്ടുന്നതിനാല്‍ ടീമില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അപ്പോള്‍ ഞാന്‍ കൂടെ ഉണ്ടായിരുന്നങ്കില്‍ ഗുണം ചെയ്യുമായിരുന്നില്ല. ശുഭ്മാന്‍ വളരെ കഴിവുള്ള കളിക്കാരനായതിനാല്‍ ഞങ്ങള്‍ അവനെ കളിപ്പിക്കാന്‍ ആഗ്രഹിച്ചു. മുമ്പത്തെ ടെസ്റ്റില്‍ അവന് അവസരം ലഭിച്ചിരുന്നില്ല.

ഞാന്‍ നന്നായി കളിക്കുന്നില്ലെങ്കില്‍ അത് ശരിയായ തീരുമാനമാണെന്ന് ഞാന്‍ കരുതി. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അല്ലെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ പോലും കാര്യങ്ങള്‍ മാറിയേക്കാം.

പരിശീലകനോടും സെലക്ടറോടും ഞാന്‍ സംസാരിച്ചപ്പോള്‍  അവര്‍ പൂര്‍ണമായി സമ്മതിച്ചില്ല, പക്ഷേ ഞങ്ങള്‍ അതിനെക്കുറിച്ച് ഒരു ചര്‍ച്ച നടത്തി. പ്രധാന ശ്രദ്ധ എപ്പോഴും ടീമായിരുന്നു, ടീമിന് ഏറ്റവും മികച്ചത് എന്താണെന്നതിനെ അടിസ്ഥാനമാക്കി ഒരു തീരുമാനം എടുക്കുക എന്നതായിരുന്നു ലക്ഷ്യം.

ചിലപ്പോള്‍ അത് വിജയിക്കും, ചിലപ്പോള്‍ അത് നടക്കില്ല. അങ്ങനെയാണ് കാര്യങ്ങള്‍ പോകുന്നത്. നിങ്ങള്‍ എടുക്കുന്ന ഓരോ തീരുമാനവും വിജയം ഉറപ്പുനല്‍കുന്നില്ല,’ രോഹിത് പറഞ്ഞു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിച്ചിരുന്നില്ല. അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് താരം 31 റണ്‍സ് മാത്രമാണ് നേടിയത്. 6.20  ആവറേജും 28.18 സ്‌ട്രൈക്ക് റേറ്റും മാത്രമായിരുന്നു രോഹിത്തിനുണ്ടായിരുന്നത്.


നിലവില്‍ മുംബൈ ഇന്ത്യന്‍സ് താരമായ രോഹിത് ശര്‍മ ഐ.പി.എല്ലിലും മോശം പ്രകടനമാണ് നടത്തുന്നത്. ഇന്ത്യന്‍ നായകന്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 56  റണ്‍സാണെടുത്തിട്ടുള്ളത്. ഈ സീസണില്‍ 11.20 ശരാശരിയും 136.58 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിന്റെ പേരിലുള്ളത്.

Content Highlight: Indian Skipper Rohit Sharma talks about his decision to sit out of the fifth Test of the Border-Gavaskar Trophy