World News
'ആ വലിയ ഇടപാട് മറ്റൊരവസരത്തിലേക്ക് മാറ്റുന്നു, അമേരിക്കയോടുള്ള ഇന്ത്യയുടെ സമീപനം മികച്ചതല്ല'; ഇന്ത്യയുമായി വ്യാപാര കരാറില്‍ ഒപ്പിടില്ലെന്ന് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 19, 04:21 am
Wednesday, 19th February 2020, 9:51 am

വാഷിംഗ്ടണ്‍: ഇന്ത്യയുമായി വ്യപാര കരാറില്‍ ഒപ്പിടില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ വ്യാപര കരാര്‍ സംബന്ധിച്ച് തീരുമാനമുണ്ടാകുകയുള്ളൂവെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. വ്യാപാരകരാറില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം മികച്ച രീതിയിലുള്ളതല്ലെന്നും ട്രംപ് പറഞ്ഞു

” ഇന്ത്യയുമായി ഞങ്ങള്‍ വ്യാപാര കറാറില്‍ ഏര്‍പ്പെടും. പക്ഷേ, ആ വലിയ ഇടപാട് മറ്റൊരു അവസരത്തിലേക്ക് മാറ്റിവെക്കുന്നു,” ട്രംപ് പറഞ്ഞു.

ഫെബ്രുവരി 24 നും 25നുമാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
ഇന്ത്യയുമായി വലിയ ഇടപാടാണ് അമേരിക്ക നടത്താന്‍ പോകുന്നതെന്നും അത് നടക്കുമെന്നും പറഞ്ഞ ട്രംപ് എപ്പോഴാണ് കരാര്‍ യാഥാര്‍ത്ഥ്യമാവുക എന്ന കാര്യം തനിക്കറിയില്ലെന്നും ട്രംപ് പറഞ്ഞു.

” ഇന്ത്യയുമായി വളരെ വലിയ ഇടപാടാണ് അമേരിക്ക നടത്തുക. അത് ഉണ്ടാകും. തെരഞ്ഞെടുപ്പിന് മുന്‍പ് അത് സാധ്യമകുമോ എന്ന് എനിക്കറിയില്ല, പക്ഷേ, ഇന്ത്യയുമായി വലിയ ഇടപാട് നടക്കുക തന്നെ ചെയ്യും”, ട്രംപ് വ്യക്തമാക്കി.

അമേരിക്കയോടുള്ള ഇന്ത്യയുടെ സമീപനം മികച്ച രീതിയിലല്ല എന്ന് പറഞ്ഞ ട്രംപ് മോദിയെ പ്രശംസിക്കുകയും ചെയ്തു.
വിമാനത്താവളം മുതല്‍ വേദിവരെ ഏഴ് മില്യണ്‍ ആളുകള്‍ ഉണ്ടാകുമെന്ന് മോദി പറഞ്ഞതായും ട്രംപ് പറഞ്ഞു.

ഫെബ്രുവരി 24, 25 തിയതികളിലാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റായ ശേഷം ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ മതില്‍ കെട്ടിയ നടപടിക്കു പിന്നാലെ ചേരിപ്രദേശം ഒഴിപ്പിക്കാനുള്ള നീക്കവും അഹമ്മദാബാദ് നഗരസഭ നടത്തുന്നുണ്ട്. ഏഴുദിവസത്തിനകം ചേരി നിവസികളോട് വീടൊഴിയണമെന്ന് അറിയിച്ച് നഗരസഭ നോട്ടീസ് അയച്ചിരുന്നു.

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ എതിര്‍ത്ത് സി.പി.ഐയും സി.പി.ഐ.എമ്മും രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഉയരുന്ന ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കപ്പെടേണ്ടതാണ് എന്ന കാഴ്ച്ചപ്പാടാണ് ഇടതുപാര്‍ട്ടികള്‍ക്ക് ഉള്ളതെന്നും ട്രംപിന്റെ വരവ് പലകാരണങ്ങള്‍കൊണ്ടും എതിര്‍ക്കപ്പെടേണ്ടതാണെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞിരുന്നു.

ട്രംപിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ കാണിക്കുന്നത് ഇന്ത്യക്കാരുടെ അടിമത്വ മനോഭാവമാണെന്ന് ശിവസേനയും പറഞ്ഞിരുന്നു.