ഇന്ത്യന്‍ വംശജയായ ഹര്‍മീത് കെ. ദില്ലനെ സിവില്‍ റൈറ്റ് അറ്റോര്‍ണി ജനറലായി നിയമിച്ച് ട്രംപ്
World News
ഇന്ത്യന്‍ വംശജയായ ഹര്‍മീത് കെ. ദില്ലനെ സിവില്‍ റൈറ്റ് അറ്റോര്‍ണി ജനറലായി നിയമിച്ച് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th December 2024, 4:55 pm

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ ഹര്‍മീത് കെ. ദില്ലനെ യു.എസിലെ സുപ്രധാന പദവിയില്‍ നിയമിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൗരാവകാശങ്ങള്‍ക്കായുള്ള യു.എസ് നീതിന്യായ വകുപ്പിലെ അറ്റോര്‍ണി ജനറലായാണ് നിയമനം. ഇതോടെ ട്രംപിന്റെ കാബിനറ്റിലെ ഇന്ത്യന്‍ വംശജരുടെ എണ്ണം നാലായി ഉയര്‍ന്നു.

ഹര്‍മീതിനെ യു.എസ് നീതിന്യായ വകുപ്പിലെ സിവില്‍ റൈറ്റ്സ് അറ്റോര്‍ണി ജനറലായി നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ട്രംപ് ഹര്‍മീത് ദില്ലന്‍ പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്നും നിലകൊണ്ടിട്ടുണ്ടെന്നും ഭരണഘടനാപരമായ അവകാശങ്ങളെ സംരക്ഷിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കൊവിഡ്- 19 ന്റെ സമയത്ത് ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് വിലക്ക് നേരിട്ട ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ഹര്‍മീത് നിലകൊണ്ടിട്ടുണ്ടെന്നും വിവിധ വിഷയങ്ങളില്‍ ഹര്‍മീത് പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

ഡാര്‍ട്ട്മൗത്ത് കോളേജില്‍ നിന്നും യൂണിവേഴ്സിറ്റി ഓഫ് വെര്‍ജീനിയ ലോ സ്‌കൂളില്‍ നിന്നും ബിരുദം നേടിയ ഹര്‍മീത് യു.എസ് ഫോര്‍ത്ത് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ ക്ലര്‍ക്ക് ആയിരുന്നു.

2024 ജൂലൈയില്‍ നടന്ന റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനില്‍ സിഖ് പ്രാര്‍ത്ഥനയായ അര്‍ദാസ് ചൊല്ലിയതിനെ തുടര്‍ന്ന് ഹര്‍മീത് ദില്ലന് വംശീയ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

നിലവില്‍ ട്രംപ് നാല് ഇന്ത്യന്‍ വംശജരെ തന്റെ ക്യാബിനറ്റിലെ സുപ്രധാന പദവിയില്‍ നിയമിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ തലപ്പത്ത് നിയമിച്ച ഡോ. ജയ് ഭട്ടാചാര്യ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയില്‍ വിവേക് രാമസ്വാമി, എഫ്.ബി.ഐ. ഡയറക്ടറായി കാഷ് പട്ടേല്‍ എന്നിവരാണ് ട്രംപിന്റെ ക്യാബിനറ്റിലെ ഇന്ത്യന്‍ വംശജര്‍.

Content Highlight: Trump appoints Indian origin Harmeet K. Dillon has civil rights attorney general