കല്‍പറ്റ: വയനാട്ടില്‍ താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്നാക്കി മാറ്റുമെന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് നേതാക്കളും വയനാട്ടുകാരും. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് കെ.സുരേന്ദ്രന്‍ ആദ്യമായി ഈ പ്രസ്താവന നടത്തിയത്. താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്നാക്കി മാറ്റുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 1987ല്‍ വയനാട് സന്ദര്‍ശിച്ച പ്രമോദ് മഹാചനും സമാന പ്രസ്താവന നടത്തിയിരുന്നു എന്നും സുരേന്ദ്രന്‍ ഓര്‍മിപ്പിച്ചു. ഇന്ന് വീണ്ടും പത്രസമ്മേളനം നടത്തി സുരേന്ദ്രന്‍ ഇക്കാര്യം ഉറപ്പിച്ച് പറയുകയായിരുന്നു.
എന്നാല്‍ സുരേന്ദ്രന്റെ ഈ പ്രസ്താവനയെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സുല്‍ത്താന്‍ ബത്തേരിയിലെ ജനങ്ങളും സൈബര്‍ ലോകവും.
ജയിച്ചാല്‍ വയനാട്ടില്‍ കടലുണ്ടാക്കുമെന്ന് വരെ സുരേന്ദ്രന് ധൈര്യമായി പറയാമെന്നും കാരണം അദ്ദേഹം ഒരിക്കലും ജയിക്കില്ലെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്ത ഒരു വ്യാപാരി പറഞ്ഞത്. വയനാട്ടുകാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായിരുന്നു ബത്തേരിയുടെ പേരെന്നും അത് ശരിയാക്കിത്തരാമെന്ന് പറഞ്ഞ സുരേന്ദ്രനെ ജയിപ്പിച്ചുതരാമെന്ന് ഇതേ പരിപാടിയില്‍ പങ്കെടുത്ത ബത്തേരിയിലെ ഒരു ചുമട്ട് തൊഴിലാളിയും പരിഹസിച്ചു. സുരേന്ദ്രന്‍ ജയിക്കുമെന്നുള്ളത് തന്നെ അതിമോഹമാണ് എന്നിട്ടല്ലേ പേര് മാറ്റുന്നത് എന്നാണ് ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു വഴിയാത്രക്കാരന്‍ ചോദിക്കുന്നത്.
അതേസമയം കെ.സുരേന്ദ്രന്റെ ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം ജയിക്കുകയുമില്ല അത് കൊണ്ട് തന്നെ പേരും മാറില്ല എന്ന് മുസ്‌ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട് മണ്ഡലത്തിലെ ഏറ്റവും വലിയ ജനകീയ പ്രശ്‌നം സുരേന്ദ്രന്‍ കണ്ടെത്തിയല്ലോ എന്നതില്‍ അത്ഭുതപ്പെടുന്നു എന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.എന്‍. കാരശ്ശേരി പരിഹസിച്ചു. ബാബരി മസ്ജിദ് പൊളിച്ചതോടുകൂടി ഇന്ത്യയിലെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നെന്ന് വിശ്വസിക്കുന്നവരാണ് കെ.സുരേന്ദ്രന്റെ പാര്‍ട്ടിയെന്നും അതുകൊണ്ട് തന്നെ ബത്തേരിയുടെ പേര് മാറ്റിയാല്‍ വയനാട്ടിലെ എല്ലാ പ്രശ്‌നങ്ങളും മാറുമെന്നാണ് അവര്‍ കരുതുന്നത് എന്നും എം.എന്‍. കാരശ്ശേരി പറഞ്ഞു.
സൈബര്‍ലോകത്താണ് സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ കൂടുതല്‍ രൂക്ഷമായ ട്രോളുകളുള്ളത്. എല്ലാ തെരഞ്ഞെടുപ്പുകളിലും തോല്‍ക്കുന്നത് കൊണ്ടാണ് അദ്ദേഹം വട്ടമെന്ന പേരില്‍ പിടിച്ചത് എന്നാണ് ഭൂരിഭാഗം കമന്റുകളിലും പറയുന്നത്.
‘വട്ടം വിട്ട് ഒരു കളിയുമില്ല. കഴിഞ്ഞ തവണ കിട്ടിയ പൂജ്യമൊന്നും മതിയായില്ലെ’ എന്നാണ് നാസിറുദ്ദീന്‍ മണ്ണാര്‍ക്കാട് എന്ന വ്യക്തി ഇത് സംബന്ധിച്ച വാര്‍ത്തയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതോടെ ഒരു പരിഹാരമാകുമെന്നും ചിലര്‍ കമന്റുകളില്‍ പറയുന്നു. ‘ജയിച്ചാല്‍ വയനാട് കടല്‍ കൊണ്ട് വരും എന്നും സുരേന്ദ്രന് വാഗ്ദാനം ചെയ്യാമല്ലോ! തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചു എന്ന് ആരും സുരേന്ദ്രനോട് പറയില്ല എന്ന് ഉറപ്പാണ്!’ അബ്ദുല്‍ നാസിര്‍ നെടുങ്ങോടുപറമ്പില്‍ എന്ന വ്യക്തി പറയുന്നു.
ഐ.സി.യു, ട്രോള്‍ സംഘ് ഉള്‍പ്പടെയുള്ള ട്രോള്‍ ഗ്രൂപ്പുകളിലും ഇത് സംബന്ധിച്ച ട്രോളുകള്‍ നിരവധിയാണ്. വട്ടങ്ങള്‍ എനിക്കെന്നും ഒരു വീക്‌നെസ്സ് ആയിരുന്നു എന്നാണ് ബിലാല്‍ നസീര്‍ എന്ന വ്യക്തി ഐ.സി.യുവില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ട്രോളില്‍ പറയുന്നത്. ‘ആദ്യം നമുക്ക് ബത്തേരിയുടെ പേര് ഗണപതിവട്ടമെന്നാക്കണം, പിന്നെ മലപ്പുറം മഹാദേവപുരം എന്നാക്കണം, പിന്നീട് പത്തനംതിട്ടയുടെ പേര് അയ്യപ്പന്‍ കുന്നെന്ന് മാറ്റും, പിന്നെ കോട്ടയം ശ്രീകൃഷ്ണപുരമാക്കും, അങ്ങനെ പേരുമാറ്റിയങ്ങ് സുഖിക്കണം’ എന്നാണ് വി. മുരളീധരനും കെ. സുരേന്ദ്രനും പരസ്പരം പറയുന്ന മീമിനൊപ്പം ഐവിറ്റ്‌നസ് എന്നാണ് അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത ട്രോളില്‍ പറയുന്നത്.
content highlights: Trolls against K. Surendran’s statement to change the name of Sultan Batheri