Entertainment
'എത്ര പാവപ്പെട്ട കുട്ടികളെയാണ് ആ മനുഷ്യന്‍ ഫ്രീയായി പഠിപ്പിക്കുന്നത്' തമിഴ് നടനെ കുറിച്ച് ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 28, 03:03 am
Monday, 28th April 2025, 8:33 am

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് ജയറാം. പത്മരാജന്‍ മലയാള സിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് ജയറാം. ആദ്യ ചിത്രമായ അപരനിലൂടെ തന്നെ മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ ജയറാം 100ലധികം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.

എന്നാല്‍ പിന്നീട് മലയാളത്തില്‍ തുടര്‍ പരാജയങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയപ്പോള്‍ ജയറാം തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷകളില്‍ കൂടുതല്‍ സജീവമാവുകയായിരുന്നു. സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ റെട്രോയാണ് ജയറാമിന്റെ ഏറ്റവും പുതിയ സിനിമ.

തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളായ കാര്‍ത്തിക് സുബ്ബരാജിനൊപ്പം സൂര്യ ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് റെട്രോ. ഒരു ശക്തമായ വേഷത്തിലായിരിക്കും ജയറാം റെട്രോയില്‍ എത്തുന്നതെന്ന് നേരത്തെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞിരുന്നു.

ഇപ്പോള്‍ സൂര്യയെ കുറിച്ച് പറയുകയാണ് ജയറാം. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും പറയാന്‍ നിന്നാല്‍ ഇന്നൊന്നും തീരില്ലെന്നാണ് നടന്‍ പറയുന്നത്. റെട്രോയുടെ പ്രൊമോഷന്റെ ഭാഗമായി തിരുവനന്തപുരം ലുലു മാളില്‍ വെച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയറാം.

‘സൂര്യയെ കുറിച്ച് പലരും പറയാറുണ്ട്. നിങ്ങള്‍ക്ക് അതൊക്കെ ഞാന്‍ പറയാതെ തന്നെ അറിയാവുന്നതാകുമല്ലോ. സൂര്യയുടെ കാര്യം വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന് പറയുന്നത് പോലെയാണ്.

അദ്ദേഹം ചെയ്യുന്ന കാര്യങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും പറയാന്‍ നിന്നാല്‍ ഇന്നൊന്നും തീരില്ല. പാവപ്പെട്ടവര്‍ക്ക് വേണ്ടി അത്രത്തോളം സഹായങ്ങളാണ് ആ മനുഷ്യന്‍ ചെയ്യുന്നത്.

സൂര്യ തന്നെ അതിനുവേണ്ടി ഒരു ഓര്‍ഗനൈസേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. എത്ര പാവപ്പെട്ട കുട്ടികളെ ആണെന്നറിയുമോ ഈ മനുഷ്യന്‍ ഫ്രീയായി പഠിപ്പിക്കുന്നത്. അതൊന്നും ഒരുപാട് ആളുകള്‍ക്ക് അറിയാത്ത കാര്യങ്ങളാണ്,’ ജയറാം പറയുന്നു.

Content Highlight: Jayaram Talks About Suriya