ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി വിജയം നിലനിര്‍ത്തി എ.ഐ.എസ്.എ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പോസ്റ്റുകളിലാണ് എ.ഐ.എസ്.എ വിജയിച്ചത്.
എ.ഐ.എസ്.എ-ഡി.എസ്.എഫ് സഖ്യമാണ് വിജയിച്ചത്. എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സഖ്യത്തിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുണ്ടായ ഭിന്നിപ്പിനെ തുടര്‍ന്നാണ് ഐസയും എസ്.എഫ്.ഐയും പ്രത്യേക സഖ്യങ്ങളായി മത്സരിക്കാന്‍ കാരണമായത്. എന്നാല്‍ ഇത് എ.ബി.വി.പിക്ക് ഗുണം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എ.ബി.വി.പി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. വോട്ടെടുപ്പില്‍ തുടക്കം മുതല്‍ അവസാനം വരെ മുന്നേറിയിരുന്ന എ.ബി.വി.പിയെ പിന്തള്ളിക്കൊണ്ടായിരുന്നു എ.ഐ.എസ്.എ വിജയം കൈവരിച്ചത്.
എ.ഐ.എസ്.എ സ്ഥാനാര്‍ത്ഥി നിതീഷ് കുമാറാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റായി മനീഷ, ജനറല്‍ സെക്രട്ടറിയായി മുതേഹ ഫാത്തിമയുമാണ് തെരഞ്ഞടുക്കപ്പെട്ടത്.
നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് എ.ബി.വി.പിക്ക് സ്ഥാനങ്ങള്‍ നഷ്ടമായത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാനല്‍ സീറ്റുകളിലേക്ക് എ.ബി.വി.പിക്ക് ഒരു സീറ്റ്ലഭിക്കുന്നത്.
അതേസമയം ഇന്നലെ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ എ.ബി.വി.പി ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഫലസ്തീന്‍ പതാക കത്തിക്കുകയും ഇസ്രഈല്‍ അനുകൂല മുദ്രാവാക്യം വിളിച്ച് ക്യാമ്പസില്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ നിരവധി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
Content Highlight: AISA maintains dominance in JNU Students’ Union elections; wins three out of four seats in the central panel