World News
ഹുസൈന്‍ അല്‍ ഷേഖിനെ തന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്ത് മഹമൂദ് അബ്ബാസ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 28, 03:08 am
Monday, 28th April 2025, 8:38 am

റാമല്ല: ഹുസൈന്‍ അല്‍ ഷെയ്ഖ് പി.എല്‍.ഒ (ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍) വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഫലസ്തീന്‍ പ്രസിഡന്റായ മഹമൂദ് അബ്ബാസും പി.എല്‍.ഒയും സംയുക്തമായി ചേര്‍ന്നാണ് പുതിയ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

ഇതാദ്യമായാണ് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് ഒരു വൈസ് പ്രസിഡന്റ് ഉണ്ടാവുന്നത്. പുതുതായി സൃഷ്ടിക്കപ്പെട്ട പദവിയാണിത്. ഇതോടെ മഹ്‌മൂദ് അബ്ബാസിന്റെ പിന്‍ഗാമിയായി ഫലസ്തീന്‍ പ്രസിഡന്റ് സ്ഥാനത്തേക്കും ഹുസൈന്‍ അല്‍ ഷേഖ് എത്തും എന്നുറപ്പായി.

നിയമനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രസിഡന്റ് മഹമൂദ് അബ്ബാസിന് നന്ദി അറിയിച്ചുകൊണ്ട് ഹുസൈന്‍ അല്‍ ഷേഖ് എത്തിയിരുന്നു. തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി മിസ്റ്റര്‍ പ്രസിസിഡന്റ് എന്നാണ് ഹുസൈന്‍ ഷേഖ് കുറിച്ചത്. മഹമൂദ് അബ്ബാസിനെ ഗാര്‍ഡിയന്‍ ഏഞ്ചല്‍ എന്നും ഷേഖ് അഭിസംബോധന ചെയ്തിട്ടുണ്ട്.

‘ദൈവത്തിന്റേയും ഫലസ്തീനായി വീരമൃത്യു വരിച്ചവരുടേയും നാമത്തില്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം ഞാന്‍ കാത്ത് സൂക്ഷിക്കും,’ ഹുസൈന്‍  അല്‍ ഷേഖ്  ഫേസ്ബുക്കില്‍ കുറിച്ചു.

അബ്ബാസിന്റെ അടുത്ത വിശ്വസ്തനായ ഹുസൈന്‍ അല്‍ ഷേഖ്  മുമ്പ് ഇസ്രഈല്‍ അധിനിവേശവുമായി ബന്ധപ്പെട്ട വിഷയങ്ങളും സുരക്ഷ ചുമതലകളും വഹിച്ചിരുന്ന മന്ത്രിയായിരുന്നു. അതിനാല്‍ പല ഇസ്രഈലി, യു.എസ് നേതാക്കളുമായും അടുത്ത ബന്ധമായിരുന്നു ഹുസൈന്‍ അല്‍ ഷേഖ് സൂക്ഷിച്ചിരുന്നത്.

20022ല്‍ മഹ്‌മൂദ് അബ്ബാസ് ഇദ്ദേഹത്തെ ഫലസ്തീന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ സെക്രട്ടറി ജനറലായി നിയമിച്ചിരുന്നു. കമ്മിറ്റിയിലെ ഏറ്റവും  ഉയര്‍ന്ന രണ്ടാമത്തെ പദവിയാണിത്.
ഫലസ്തീന്‍, ഇസ്രഈല്‍, യു.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉയര്‍ന്ന സ്ഥാനമുണ്ടെങ്കിലും ഫലസ്തീന്‍ ജനതയ്ക്കിടയില്‍ ഹുസൈന്‍ അല്‍ ഷേഖിന് ജനപിന്തുണ വളറെ കുറവാണ്.

2012ല്‍ ഒരു വനിത ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഹുസൈന്‍ അല്‍ ഷേഖിനെതിരെ ഉയര്‍ന്നിരുന്നു. ആരോപണം മറച്ച് വെക്കാന്‍ ജീവനക്കാരിക്ക് ഒരു ലക്ഷം ഡോളര്‍ നല്‍കിയതായി ഫോറിന്‍ പോളിസി മാഗസിനും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2004ല്‍ യാസര്‍ അറഫാത്ത് മരിച്ചതിനുശേഷം 89 കാരനായ അബ്ബാസ് പി.എല്‍ഒ.യെയും ഫലസ്തീന്‍ അതോറിറ്റിയെയും നയിക്കുന്നുണ്ട്. പക്ഷേ പിന്‍ഗാമിയെ പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള ആഭ്യന്തര പരിഷ്‌കാരങ്ങളെ അദ്ദേഹം വളരെക്കാലമായി എതിര്‍ക്കുകയായിരുന്നു.

ഹുസൈന്‍ ഷേഖ് അടുത്ത ഫലസ്തീന്‍ പ്രസിഡന്റാകുമെന്ന് പുതിയ നിയമനം ഉറപ്പുനല്‍കുന്നില്ലെങ്കിലും മുതിര്‍ന്ന ഫത്താ രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ ഇദ്ദേഹത്തെ ഒരു പ്രധാന മത്സരാര്‍ത്ഥിയായി വിലയിരുത്തുന്നുണ്ട്.

അതേസമയം ഹുസൈന്‍  അല്‍ ഷേഖിന്റെ പുതിയ നിയമനത്തില്‍ ഹമാസ് അതൃപ്തി അറിയിച്ചിട്ടുണ്ട്. ദേശീയ താത്പര്യം മറികടന്നാണ് ഹുസൈന്‍ ഷേഖിന്റെ നിയമനം നടന്നതെന്ന് ഹമാസ് ആരോപിച്ചു. ഈ സമയത്ത് രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നതിന് പകരം ഫലസ്തീനികള്‍ നേരിടുന്ന ഇസ്രഈലി ആക്രമണം, വംശഹത്യ, പട്ടിണി എന്നിവ പരിഹരിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഹമാസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഹമാസിന് അതൃപ്തി ഉണ്ടെങ്കിലും സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഹുസൈന്റെ നിയമനത്തെ സ്വാഗതം ചെയ്തു. യു.എ.ഇ, ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും ഹുസൈന്റെ നിയമനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

Content Highlight: Mahmoud Abbas appoints Hussein al-Sheikh as vice president of the Palestine Liberation Organization