ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ സിനിമയിലേക്കെത്തിയ സംഗീത സംവിധായകനും ഗായകനുമാണ് രഞ്ജിൻ രാജ്. നിത്യഹരിതനായകൻ, ജോസഫ് എന്നീ സിനിമകളിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈ രണ്ട് സിനിമകളും 2018 നവംബർ 16നാണ് പുറത്തിറങ്ങിയത്.
ജോസഫ് എന്ന സിനിമയിലെ പൂമൂത്തോളെ എന്ന ഗാനത്തിന് വിജയ് യേശുദാസിന് 2018 ലെ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. പിന്നീട് നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചു. കാവൽ, മാളികപ്പുറം എന്നീ ചിത്രങ്ങളിലെ പാട്ടുകൾ വളരെ ശ്രദ്ധേയമാണ്.
ഇപ്പോൾ കാവൽ സിനിമയിലെ പാട്ടുകൾ ഡമ്മി പാടിയത് ചിത്രത്തിൻ്റെ സംവിധായകൻ നിതിൻ രൺജി പണിക്കർ സുരേഷ് ഗോപിയെ കേൾപ്പിച്ചുവെന്നും എന്നാൽ അപ്പോൾ തന്നോട് തന്നെ പാടിയാൽ പോരെ എന്നാണ് സുരേഷ് ഗോപി പറഞ്ഞതെന്നും രഞ്ജിൻ രാജ് പറയുന്നു.
എന്തിനാണ് വേറെ ഗായകനെ നോക്കുന്നതെന്ന് ചോദിച്ചുവെന്നും എന്നാൽ താൻ ഉദ്ദേശിച്ച ശബ്ദം ഇതല്ല എന്ന് മറുപടി പറഞ്ഞുവെന്നും രഞ്ജിൻ രാജ് പറഞ്ഞു.
അങ്ങനെയാണ് മധു ബാലകൃഷ്ണന്‍ എന്ന ഗായകനിലേക്ക് എത്തിയതെന്നും മധു ബാലകൃഷ്ണനുമായി ആദ്യമായി കൊളാബറേറ്റ് ആകുന്നത് എന്നോമല്‍ നിധിയല്ലേ എന്ന പാട്ടിന് വേണ്ടിയാണെന്നും രഞ്ജിൻ രാജ് കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കാവലിലെ ‘എന്നോമൽ നിധിയല്ലേ’ എന്ന പാട്ടും ‘കാർമേഘം മൂടുന്നു’ എന്ന പാട്ടും ഡമ്മി പാടിയിട്ട് നിതിൻ രൺജി പണിക്കർ ആദ്യമായിട്ട് സുരേഷേട്ടനെ കേൾപ്പിച്ചു. കേൾപ്പിച്ചപ്പോൾ സുരേഷേട്ടൻ പറഞ്ഞത് ‘ഇവന് തന്നെ പാടിയാൽ പോരെ ഈ രണ്ടു പാട്ടും എന്തിനാണ് വേറെ ഗായകനെ നോക്കുന്നത്’ എന്നാണ്.
അപ്പോൾ ഞാൻ പറഞ്ഞത് എൻ്റെ തലയിൽ ഈ ശബ്ദം അല്ല എന്നാണ്. കുറച്ചുകൂടി കട്ടിയുള്ള ഒരു ശബ്ദം വേണമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് മധു ബാലകൃഷ്ണന്‍ ചേട്ടനിലേക്ക് എത്തുന്നത്. മധുച്ചേട്ടനുമായി ആദ്യമായി പാട്ടിന് വേണ്ടി കൊളാബറേറ്റ് ആകുന്നത് എന്നോമല്‍ നിധിയല്ലേ എന്ന പാട്ടിന് വേണ്ടിയാണ്,’ രഞ്ജിൻ രാജ് പറയുന്നു.
Content Highlight: When Suresh Gopi was shown the song ‘Ennomal Nidhiyalle’, he said: Ranjin Raj