national news
പഹൽഗാം ഭീകരാക്രമണത്തിൽ സർക്കാരിനെ വിമർശിച്ചു; ഗായിക നേഹ സിങ്ങിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 28, 02:43 am
Monday, 28th April 2025, 8:13 am

ലഖ്‌നൗ: പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് പിന്നാലെ ഭോജ്പുരി ഗായിക നേഹ സിങ് റാത്തോഡിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്.

പഹൽഗാം ഭീകരാക്രമണം ഭരണകക്ഷി, ഇന്റലിജൻസ്, സുരക്ഷാ സംവിധാനങ്ങളുടെ പരാജയമാണെന്ന് വിമർശിച്ച് മോദി സർക്കാരിനെതിരെ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലെ ഭോജ്പുരി ഗായികക്കെതിരെ കേസ് ഫയൽ ചെയ്തത്.

2019ൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന് ശേഷം, പഹൽഗാം ആക്രമണത്തിന്റെ പേരിൽ പ്രധാനമന്ത്രി മോദി ബീഹാറിൽ വോട്ട് തേടുമെന്ന് നേഹ അവകാശപ്പെട്ട വീഡിയോ പാകിസ്ഥാൻ പത്രപ്രവർത്തകരുടെ ഒരു ഗ്രൂപ്പ് നടത്തുന്ന എക്സ് ഹാൻഡിൽ വന്നിരുന്നു. തുടർന്നാണ് നേഹയ്‌ക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ അഭയ് പ്രതാപ് സിങ് എന്ന വ്യക്തി പരാതി നൽകുകയായിരുന്നു. നേഹയുടെ പോസ്റ്റ് വിവിധ സമുദായങ്ങളിൽ ഭിന്നത ഉണ്ടാക്കുമെന്നും ഇത് ദേശീയ അഖണ്ഡതയെ പ്രതികൂലമായി ബാധിക്കുമെന്നും അഭയ് ആരോപിച്ചു.

‘ഏപ്രിൽ 22 ന് പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ ഹിന്ദുക്കളെ മതം ചോദിച്ച് കൊലപ്പെടുത്തി. ആക്രമണത്തിൽ 26 വിനോദസഞ്ചാരികൾ വേദനാജനകമായ മരണത്തിന് കീഴടങ്ങി. തീവ്രവാദികളുടെ ഈ പ്രവൃത്തി കാരണം, ഇന്ത്യയിലുടനീളം പാകിസ്ഥാനോടുള്ള രോഷം വളർന്നു. ഭീരുത്വപരമായ ആക്രമണത്തിനെതിരെ ഏറ്റവും കഠിനമായ പ്രതികാരം ചെയ്യണമെന്ന് രാജ്യത്തെ എല്ലാ ജനങ്ങളും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. ഈ അവസ്ഥയിൽ, ഗായികയും കവയിത്രിയുമായ നേഹ സിങ് റാത്തോഡ് തന്റെ ട്വിറ്റർ ഹാൻഡിൽ ഉപയോഗിച്ച് ദേശീയ അഖണ്ഡതയെ പ്രതികൂലമായി ബാധിക്കുന്ന ചില ആക്ഷേപകരമായ പോസ്റ്റുകൾ പോസ്റ്റ് ചെയ്തു, മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു സമുദായത്തെ മറ്റൊരു സമൂഹത്തിലേക്ക് പ്രകോപിപ്പിക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തി,’ അഭയ് പരാതിയിൽ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ 196(1)(a) (മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക), 196(1)(b) (വ്യത്യസ്ത മത, വംശീയ, ഭാഷാ അല്ലെങ്കിൽ പ്രാദേശിക ഗ്രൂപ്പുകൾ അല്ലെങ്കിൽ ജാതികൾ അല്ലെങ്കിൽ സമൂഹങ്ങൾ തമ്മിലുള്ള ഐക്യം നിലനിർത്തുന്നതിന് വിരുദ്ധമായതും പൊതു സമാധാനത്തെ ശല്യപ്പെടുത്തുന്നതോ ശല്യപ്പെടുത്താൻ സാധ്യതയുള്ളതോ ആയ പ്രവൃത്തി ചെയ്യുന്നു) എന്നീ വകുപ്പുകൾ നേഹക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഏപ്രിൽ 25 ന് പോസ്റ്റ് ചെയ്ത വീഡിയോയിൽ, നേഹ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. റഷ്യ-ഉക്രൈൻ യുദ്ധം നിർത്തലാക്കാൻ കഴിയുന്ന വ്യക്തിക്ക് സ്വന്തം രാജ്യത്ത് ഒരു ഭീകരാക്രമണം ഒഴിവാക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞിരുന്നു.

‘എന്തിനെക്കുറിച്ചാണ് ഞാൻ സർക്കാരിനോട് ചോദിക്കേണ്ടത്? വിദ്യാഭ്യാസവും ആരോഗ്യവും ഇനി പ്രസക്തമല്ല. രാജ്യത്ത് ഹിന്ദു മുസ്‌ലിം സംഘർഷത്തിൽ ആളുകൾ കൊല്ലപ്പെടുകയാണ്. 56 ഇഞ്ച് നെഞ്ചളവ് ഉണ്ടായിരുന്നിട്ടും ആളുകൾ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ഞാൻ ആരെയാണ് ചോദ്യം ചെയ്യേണ്ടത് ? മുഹമ്മദ് അലി ജിന്നയെ ആണോ? പുൽവാമ ആക്രമണത്തിന് ശേഷം നടന്നത് പോലെ പഹൽഗാം ആക്രമണത്തിലെ ഇരകളുടെ പേരിൽ പ്രധാനമന്ത്രി മോദി ബീഹാറിൽ വോട്ട് തേടുകയാണ്,’ നേഹ പറഞ്ഞു.

ഇത് ആദ്യമായല്ല സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ നേഹയ്ക്ക് നേരെ നടപടിയുണ്ടാകുന്നത്. 2023ൽ, കാൺപൂർ ദേഹാട്ടിൽ ഒരു കുടിയൊഴിപ്പിക്കൽ നടപടിക്കിടെ അമ്മയും മകളും മരിച്ച സംഭവത്തിൽ ബി.ജെ.പി നയിക്കുന്ന ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച ‘യു.പി മേ കാ ബാ- സീസൺ 2’ എന്ന ഗാനത്തിന്റെ പേരിൽ നേഹയ്ക്ക് പൊലീസ് നോട്ടീസ് ലഭിച്ചിരുന്നു.

 

Content Highlight: Folk singer booked for sedition in UP