ശ്രീനഗര്‍: നിയന്ത്രണ രേഖയ്ക്ക് (എല്‍.ഒ.സി) സമീപം ഇന്ത്യന്‍ ചെക്ക് പോസ്റ്റുകള്‍ക്ക് നേരെ തുടര്‍ച്ചയായി മൂന്നാം ദിവസവും പാകിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി മുഴുവനും വെടിവെപ്പ് നീണ്ടുനിന്നതായും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ച് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
വടക്കന്‍ കശ്മീരിലെ പാകിസ്ഥാന്‍ ചെക്ക് പോസ്റ്റുകളായ ടുട്മാരി ഗാലി, റാംപൂര്‍ സെക്ടറുകള്‍ തുടങ്ങിയവിടങ്ങളിലേക്കാണ് ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തത്. നിയന്ത്രണ രേഖകള്‍ക്ക് സമീപം നിയന്ത്രണങ്ങള്‍ ലംഘിക്കാനും ആക്രമണം രൂക്ഷമാവാനും സാധ്യതയുണ്ടെന്നും വെടിനിര്‍ത്തല്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് എല്‍.ഒ.സിയില്‍ പാകിസ്ഥാന്‍ സൈന്യം വെടിയുതിര്‍ക്കല്‍ തുടരുന്നത്.
2021ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനും ശത്രുത കൂടുതല്‍ വര്‍ധിപ്പിക്കാനുമായാണ് പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുന്നതെന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇരുപക്ഷവും സൈനിക നടപടിക്ക് തയ്യാറെടുക്കുന്നതിനാല്‍, എല്‍.ഒ.സിയില്‍ പിരിമുറുക്കം വര്‍ദ്ധിക്കുമെന്നത് ഉറപ്പാണെന്നും ഇത് 2021ലെ വെടിനിര്‍ത്തല്‍ ധാരണയുടെ ദുര്‍ബലത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉറി, തങ്ധര്‍, കുപ്‌വാര, ഗുരേസ് തുടങ്ങിയ മേഖലകളില്‍ വെള്ളിയാഴ്ചയടക്കം വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് ഇന്ത്യന്‍ സൈനികര്‍ ശക്തമായി മറുപടി നല്‍കിയതായും പാകിസ്ഥാന്റെ ആക്രമണങ്ങള്‍ നേരിടാന്‍ തങ്ങള്‍ ശക്തമായും തയ്യാറെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏപ്രില്‍ 22നുണ്ടായ പഹല്‍ഗാം ആക്രമണത്തില്‍ വിനോദസഞ്ചാരികളുള്‍പ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ലഷ്‌കര്‍ ഇ ത്വയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു. തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനുമായുള്ള പ്രധാനപ്പെട്ട കരാറുകളെല്ലാം പിന്‍വലിച്ചിരുന്നു. ഷിംല, സിദ്ധു നദീജല കരാര്‍ അടക്കമാണ് പിന്‍വലിച്ചത്. ജലം തരാതിരിക്കുന്നത് യുദ്ധത്തിനുള്ള തുടക്കമാണെന്ന് പാകിസ്ഥാനും പറഞ്ഞിരുന്നു.
Content Highlight: Pakistan continues to attack Indian check posts near the Line of Control for the third day