തെലുങ്കിലെ മികച്ച നടന്മാരില്‍ ഒരാളാണ് വിജയ് ദേവരകൊണ്ട. സഹനടനായി കരിയര്‍ ആരംഭിച്ച താരം വളരെ പെട്ടെന്ന് തെലുങ്കിലെ മുന്‍നിര താരമായി ഉയര്‍ന്നു. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ടയുടെ കരിയര്‍ തിരുത്തിയത്. പിന്നീട് മികച്ച സിനിമകളുടെ ഭാഗമായ താരത്തിന് അടുത്ത കാലത്തായി തെരഞ്ഞെടുക്കുന്ന സ്‌ക്രിപ്റ്റുകളില്‍ പാളിച്ച സംഭവിച്ച കാഴ്ചയാണ് കാണാന്‍ സാധിച്ചത്.
കഴിഞ്ഞ ദിവസം സൂര്യ നായകനായ റെട്രോയുടെ പ്രീ റിലീസ് ഇവന്റിനിടെ വിജയ് ദേവരകൊണ്ട നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഒരു ടൈം മെഷീന്‍ ലഭിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് വിജയ് നല്‍കിയ മറുപടിയാണ് ചര്‍ച്ചക്ക് കാരണമായത്. ടൈം മെഷീന്‍ ലഭിച്ചാല്‍ സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുള്ള കാലത്തേക്ക് പോകുമെന്നായിരുന്നു താരം പറഞ്ഞത്.
ഈയടുത്താണ് താന്‍ ഛാവാ എന്ന സിനിമ കണ്ടതെന്നും അത് തന്നെ വല്ലാതെ ഡിസ്റ്റര്‍ബ് ചെയ്‌തെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു. അതിന് മറുപടി നല്‍കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും അതുകൊണ്ടാണ് പഴയകാലത്തേക്ക് പോകുന്നതെന്നും വിജയ് ദേവരകൊണ്ട കൂട്ടിച്ചേര്‍ത്തു. പഴയകാലത്തേക്ക് പോയ ശേഷം ബ്രിട്ടീഷുകാരെയും ഒറംഗസേബിനെയും ചവിട്ടി പുറത്താക്കുമെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.
‘എനിക്ക് ഒരു ടൈം ടൈം മെഷീന്‍ ലഭിച്ചാല്‍ ഞാന്‍ സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുള്ള കാലത്തിലേക്ക് പോകും. ഈയടുത്ത് റിലീസായ ഛാവാ എന്ന സിനിമ ഞാന്‍ കണ്ടു. വല്ലാതെ ഡിസ്റ്റര്‍ബ് ചെയ്ത സിനിമയാണ്. അതില്‍ കാണിച്ച ക്രൂരതക്ക് മറുപടി നല്‍കണമെന്ന് ആഗ്രഹമുണ്ട്. പഴയ കാലത്തിലേക്ക് പോയി ബ്രിട്ടീഷുകാരെയും ഔറംഗസേബിനെയും ചവിട്ടി പുറത്താക്കും ഞാന്‍,’ വിജയ് ദേവരകൊണ്ട പറയുന്നു.
വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഛാവാ. മറാത്താ രാജാവായ സംഭാജി മഹാരാജിന്റെ കഥയാണ് ചിത്രം പറഞ്ഞത്. സംഭാജിയോട് മുഗള്‍ രാജാവ് ഔറംഗസേബ് കാണിച്ച ക്രൂരതയാണ് ചിത്രത്തിന്റെ അവസാന 20 മിനിറ്റില്‍ കാണിക്കുന്നത്. ബോക്‌സ് ഓഫീസില്‍ നിന്ന് 500 കോടിയിലധികം നേടിയ ചിത്രം പല വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.
ചിത്രത്തിന്റെ റിലീസിന് പിന്നാലെ മഹാരാഷ്ട്രയിലെ അസീഗഢ് കോട്ടയില്‍ നിധി തേടി ആളുകള്‍ കുഴികളെടുത്തതും ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് പറഞ്ഞുകൊണ്ട് ലഹളകള്‍ നടത്തിയതും വലിയ വാര്‍ത്തയായിരുന്നു. ദല്‍ഹിയിലെ ഔറംഗസേബ് റോഡിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
Content Highlight: Vijay Devarakonda saying after watching Chhaava he will kicked Auarangazeb and British them out if he get a time machine