'ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയില്‍ പങ്കെടുക്കുക'; ഒടുവില്‍ 'കുമ്മനടി' ഡിക്ഷണറിയിലും എത്തി
Kerala
'ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയില്‍ പങ്കെടുക്കുക'; ഒടുവില്‍ 'കുമ്മനടി' ഡിക്ഷണറിയിലും എത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd June 2017, 5:28 pm

 

കോഴിക്കോട്: കൊച്ചി മെട്രോയ്‌ക്കൊപ്പം “ഉദ്ഘാടനം” ചെയ്യപ്പെട്ട മറ്റൊരു വാക്കാണ് “കുമ്മനടിക്കുക” എന്നത്. മെട്രോ ട്രെയിനിന്റെ കന്നിയാത്രയില്‍ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും മറ്റ് പ്രമുഖര്‍ക്കുമൊപ്പം ക്ഷണിക്കപ്പെടാത്ത അതിഥിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കയറിപ്പറ്റിയതോടെയാണ് ഈ വാക്ക് രൂപപ്പെട്ടത്.

വന്‍തോതിലാണ് കുമ്മനടിക്കുക എന്ന പ്രയോഗത്തിന് പ്രചാരം ലഭിച്ചത്. ട്രോളുകളായും മറ്റും കുമ്മനടി സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയപ്പോള്‍ ചിലര്‍ ദൈനംദിന സംഭാഷണങ്ങളില്‍ പോലും ഈ വാക്ക് ഉപയോഗിച്ചു തുടങ്ങി. ഇപ്പോഴിതാ ഡിക്ഷണറിയിലും ഇടംപിടിച്ചിരിക്കുകയാണ് കുമ്മനടി.


Also Read: നോമ്പ് തുടങ്ങിയാല്‍ മലപ്പുറത്ത് ഒരു ഹിന്ദുവിനും പച്ചവെള്ളം കുടിക്കാന്‍ പറ്റില്ല; തീവ്ര വര്‍ഗീയ പരാമര്‍ശവുമായി വീണ്ടും ഗോപാലകൃഷ്ണന്‍


അര്‍ബന്‍ ഡിക്ഷണറി എന്ന ഓണ്‍ലൈന്‍ നിഘണ്ടുവിലാണ് കുമ്മനടി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിലോ സ്വകാര്യ വാഹനത്തിലോ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയില്‍ പങ്കെടുക്കുക എന്നീ അര്‍ത്ഥങ്ങളാണ് കുമ്മനടിക്ക് നല്‍കിയിരിക്കുന്നത്. സാധാരണക്കാരുടെ നിഘണ്ടു എന്നറിയപ്പെടുന്ന നിഘണ്ടുവാണ് അര്‍ബന്‍ ഡിക്ഷണറി.

കന്നിയാത്രയില്‍ മെട്രോയില്‍ സഞ്ചരിക്കുന്നവരുടെ പട്ടികയില്‍ ഇല്ലാതിരുന്ന കുമ്മനം അവസാന നിമിഷമാണ് ട്രയിനില്‍ കയറിക്കൂടിയത്. രൂക്ഷമായ പ്രതിഷേധമാണ് ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയര്‍ന്നത്.


Don”t Miss: ലേബര്‍ റൂമായി റെയില്‍വേ പ്ലാറ്റ്‌ഫോം; പ്രസവമെടുത്തത് ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍; പ്ലാറ്റ്‌ഫോമില്‍ യുവതിയ്ക്ക് സുഖപ്രസവം


എന്തായാലും അര്‍ബന്‍ ഡിക്ഷണറിയിലേക്ക് പുതിയ വാക്ക് സംഭാവന ചെയ്ത തങ്ങളുടെ നേതാവിനെയോര്‍ത്ത് അഭിമാനിക്കുകയായിരിക്കും ബി.ജെ.പിക്കാര്‍ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍!

“കുമ്മനടി”യുടെ അര്‍ത്ഥം വിശദീകരിക്കുന്ന അര്‍ബന്‍ ഡിക്ഷണറിയുടെ പേജിലേക്കുള്ള ലിങ്ക്.