ശബരിമലയില്‍ വെച്ച് താന്‍ കൊല്ലപ്പെട്ടാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്ക്: തൃപ്തി ദേശായി
Kerala News
ശബരിമലയില്‍ വെച്ച് താന്‍ കൊല്ലപ്പെട്ടാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്ക്: തൃപ്തി ദേശായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th November 2018, 10:33 am

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനിടെ തനിക്ക് നേരെ ഉണ്ടാകുന്ന ഏത് ആക്രമണത്തിനും ഉത്തരവാദി കേരള മുഖ്യമന്ത്രിയും കേരള പൊലീസും ആയിരിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.

ശബരിമലയില്‍ താന്‍ എന്തുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടാവുകയും താന്‍ കൊല്ലപ്പെടുകയും ചെയ്താല്‍ അതിന് ഉത്തരവാദി കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസും മാത്രമായിരിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.

പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തും. സുരക്ഷ ആവശ്യപ്പെട്ട് നല്‍കിയ കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. തന്നോടൊപ്പം ഏഴ് സ്ത്രീകള്‍ കൂടി ദര്‍ശനം നടത്തുന്നതുകൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടത്. ദര്‍ശനത്തിനിടെ എന്ത് സംഭവിച്ചാലും പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിക്കായിരിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.

ശബരിമലയിലെത്താനുള്ള തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി അറിയിച്ചിരുന്നു. പൊലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും താന്‍ ശബരിമലയില്‍ എത്തിയിരിക്കുമെന്നും താന്‍ അയച്ച കത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.


അഭിമന്യു വധക്കേസ് അന്വേഷണത്തില്‍ പൊലീസിന് പഴയ താത്പര്യമില്ല; പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും പിതാവ് മനോഹരന്‍


ശബരിമല ദര്‍ശനത്തിന് കേരളത്തില്‍ എത്തുന്ന തൃപ്തി ദേശായിക്ക് പൊലീസ് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് പൊലീസ് തീരുമാനിച്ചിരുന്നു. എല്ലാ തീര്‍ത്ഥാടകര്‍ക്കും നല്‍കുന്ന സുരക്ഷ അവര്‍ക്കും നല്‍കും. പ്രത്യേക പരിഗണന ഒന്നും തന്നെ നല്‍കില്ല. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി നല്‍കിയ കത്തില്‍ പൊലീസ് ഇത് വരെ മറുപടി നല്‍കിയിട്ടില്ല. തൃപ്തി ദേശായിയുടെ കത്ത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിരുന്നു.

ആറ് വനിതകള്‍ക്കൊപ്പം വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും സംഘത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്നും ശനിയാഴ്ച ക്ഷേത്രദര്‍ശനം സാധ്യമാക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും തൃപ്തി ദേശായി ഇന്നലെ കത്തയച്ചിരുന്നു

ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താന്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.