കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മടങ്ങവേ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്രത്ത് ജഹാന് വാഹനാപകടത്തില്‍ പരിക്ക് പറ്റിയതായി തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചതിന് പിന്നാലെ വിവാദം. നുസ്രത്ത് ജഹാന് ഒരു അപകടവും പറ്റിയിട്ടില്ലെന്നും ഇത് നാടകമാണെന്നുമാണ് ബി.ജെ.പിയുടെ വാദം.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ നുസ്രത്ത് ജഹാന്‍ ക്ഷുഭിതയാകുന്നതിന്റെ വീഡിയോ ബി.ജെ.പി അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നുസ്രത്തിന് അപകടം പറ്റിയതായി തൃണമൂല്‍ നേതൃത്വം അറിയിച്ചത്.
നാല് മണിക്കായിരുന്നു റാലിയെന്നും ഒന്നരമണിക്കൂര്‍ നേരത്തെ പരിപാടിക്ക് ശേഷം ആറ് മണിയോടെ അവിടെ നിന്ന് തിരിച്ചെന്നും പോകും വഴി വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായതെന്നും തൃണമൂല്‍ നേതാവും സ്ഥാനാര്‍ത്ഥിയുമായ നാരായണ്‍ ഗോസ്വാമി പറഞ്ഞിരുന്നു.
‘ഞാനും ആ വാഹത്തിലുണ്ടായിരുന്നു. എനിക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. ഡ്രൈവര്‍ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്ത സമയത്ത് നുസ്രത്ത് സീറ്റില്‍ നിന്നും താഴേക്ക് തെറിച്ചു. അവര്‍ ഇരുന്ന് കരയുകയായിരുന്നു. അവരെ ആശുപത്രിയിലെത്തിക്കാനായിരുന്നു അപ്പോള്‍ ശ്രമിച്ചത്,’ ഗോസ്വാമി പറഞ്ഞു.
നുസ്രത്തിനെതിരെ പ്രചരിച്ച വീഡിയോ വ്യാജമാണെന്നും ടെക്‌നോളജിയുടെ സഹായത്തോടെ ബി.ജെ.പി ഉണ്ടാക്കിയെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തൃണമൂലിന്റെ വാദത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. നുസ്രത്ത് ജഹാന് അപകടമുണ്ടായി എന്നത് പച്ചക്കള്ളമാണെന്നും അവര്‍ നല്ല ഒരു നടി തന്നെയാണെന്നുമായിരുന്നു ബി.ജെ.പിയുടെ ആക്ഷേപം.
ആളുകളെ സേവിക്കുന്നതിനായി നടിമാര്‍ പൊതുരംഗത്ത് പ്രവേശിക്കുന്നത് നല്ലതാണ്, പക്ഷേ അവര്‍ അഭിനയവും അവരോടൊപ്പം കൊണ്ടുവരുന്നു. കൊവിഡും അംഫാന്‍ ചുഴലിക്കാറ്റും ഉണ്ടായപ്പോള്‍ അവരെ ജനങ്ങള്‍ക്കിടയില്‍ കണ്ടിരുന്നില്ല. ഇത് ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നായിരുന്നു ബി.ജെ.പി നേതാവ് തനുജ ചക്രവര്‍ത്തി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക