വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് പൗന്മാര്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്ക. ജമ്മു കശ്മീരില്‍ തീവ്രവാദ ആക്രമണങ്ങളും സിവിലിയന്‍ കലാപങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ പ്രദേശത്തേക്ക് യാത്ര ചെയ്യരുതെന്നാണ് യു.എസ് പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
എന്നാല്‍ കിഴക്കന്‍ ലഡാക്ക് മേഖലയിലേക്കും അതിന്റെ തലസ്ഥാനമായ ലേയിലേക്കുമുള്ള സന്ദര്‍ശനങ്ങള്‍ക്ക് അനുമതിയുണ്ട്. ജമ്മു കശ്മീരില്‍ ഇടയ്ക്കിടെ അക്രമം നടക്കാറുണ്ടെന്നും ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള നിയന്ത്രണ രേഖയില്‍ (എല്‍.ഒ.സി) ഇത് സാധാരണമാണെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
കശ്മീര്‍ താഴ്‌വരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, പഹല്‍ഗാം എന്നിവിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സായുധ സംഘട്ടന സാധ്യതയുള്ളതിനാല്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പോകുന്നത് ഒഴിവാക്കണമെന്നും യു.എസ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള വിസ ഇന്ത്യ റദ്ദാക്കിയ സാഹചര്യത്തില്‍ യു.എസ് പൗരത്വമുള്ള ഇന്ത്യന്ത്യയിലെ താമസക്കാര്‍ക്ക് മാത്രമേ പാകിസ്ഥാന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുള്ളൂവെന്നും അല്ലാത്തവര്‍ സ്വന്തം രാജ്യത്ത് നിന്ന് പാകിസ്ഥാന്‍ വിസയ്ക്ക് അപേക്ഷിച്ച് ശേഷം മാത്രമെ ഇന്ത്യയിലേക്ക് പോകാവൂ എന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
26 പേരുടെ മരണത്തിനിനിടയാക്കിയ പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ എല്ലാ പാകിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള വിസ റദ്ദാക്കിയിരുന്നു. പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ച ഇന്ത്യ പാകിസ്ഥാന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും ആവശ്യപ്പെട്ടിരുന്നു. പാക് നയതന്ത്ര ഉദ്യോഗസ്ഥരോടും ഉടന്‍ ഇന്ത്യ വിടാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാഗ-അട്ടാരി അതിര്‍ത്തിയും ഇന്ത്യ ഇതിനകം അടയ്ക്കുകയുണ്ടായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സിന്ധു നദീതട കരാറും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.
തൊട്ട് പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ പാകിസ്ഥാനും റദ്ദാക്കിയിരുന്നു. വ്യോമമേഖല അടച്ച പാകിസ്ഥാന്‍ ഷിംല അടക്കമുള്ള കരാറുകള്‍ അവസാനിപ്പിക്കുമെന്നും വാഗ അതിര്‍ത്തി അടയ്ക്കുമെന്നും ഇന്നലെ അറിയിച്ചിരുന്നു.
ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ വ്യാപാരവും നിര്‍ത്തിവെയ്ക്കുമെന്നും പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വ്യാപാര-വിനിമയങ്ങളെല്ലാം നിര്‍ത്തലാക്കുമെന്നും പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്.
Content Highlight: Pahalgam attack; Do not travel to Jammu and Kashmir; US issues security advisory to citizens