വിഷു റിലീസുകളില്‍ വന്‍ ബജറ്റിലും ഹൈപ്പിലുമെത്തിയ ചിത്രമായിരുന്നു ബസൂക്ക. നവാഗതനായ ഡിനോ ഡെന്നീസ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ആദ്യ ഷോ അവസാനിച്ചതുമുതല്‍ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. മലയാളത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഗെയിം ത്രില്ലറാണെന്ന് അവകാശപ്പെട്ടുകൊണ്ട് വന്ന ചിത്രം ഹൈപ്പിനോട് നീതി പുലര്‍ത്തിയിരുന്നില്ല.
വിഷു റിലീസുകളില്‍ ക്ലാഷിനെത്തിയ ആലപ്പുഴ ജിംഖാനയെക്കാള്‍ കുറവ് കളക്ഷനാണ് ബസൂക്ക സ്വന്തമാക്കിയത്. വന്‍ ബജറ്റിലെത്തിയ ചിത്രം വേള്‍ഡ്‌വൈഡ് ബോക്‌സ് ഓഫീസില്‍ ഇതിനോടകം വെറും 25 കോടി മാത്രമാണ് നേടിയത്. 20 കോടി ബജറ്റിലെത്തിയ ചിത്രം ബ്രേക്ക് ഇവന്‍ ആകണമെങ്കില്‍ 30 കോടിയിലധികം നേടണം.
കേരള ബോക്‌സ് ഓഫീസിലും ചിത്രത്തിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ സാധിക്കുന്നില്ല. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ 13.4 കോടി മാത്രമാണ് ചിത്രം ഇതുവരെ നേടിയത്. മോഹന്‍ലാല്‍ നായകനായ ബ്രഹ്‌മാണ്ഡ ചിത്രം എമ്പുരാന്റെ ആദ്യദിന കളക്ഷന്‍ പോലും കേരളത്തില്‍ നിന്ന് ബസൂക്കക്ക് നേടാന്‍ സാധിച്ചില്ല. 14.5 കോടിയാണ് എമ്പുരാന്റെ കേരള ഫസ്റ്റ് ഡേ കളക്ഷന്‍.
വിജയ് നായകനായ ലിയോയെ തകര്‍ത്താണ് എമ്പുരാന്‍ ആദ്യദിന കളക്ഷനുകളില്‍ ഒന്നാം സ്ഥാനം നേടിയത്. റിലീസിന് മുമ്പുള്ള ഹൈപ്പിനോട് പരമാവധി നീതി പുലര്‍ത്താന്‍ ചിത്രത്തിന് സാധിച്ചു. ഇന്‍ഡസ്ട്രി ഹിറ്റ് ടാഗ് സ്വന്തമാക്കിയാണ് എമ്പുരാന്‍ കളം വിട്ടത്. ബോക്‌സ് ഓഫീസില്‍ എമ്പുരാന് മുന്നില്‍ വീഴാന്‍ ഇനി റെക്കോഡുകളൊന്നും ബാക്കിയുണ്ടായിരുന്നില്ല.
അതേസമയം വിഷു റിലീസുകളില്‍ വിന്നറായി മാറിയത് ആലപ്പുഴ ജിംഖാനയാണ്. നസ്‌ലെന്‍, ലുക്ക്മാന്‍, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയത് ചിത്രം സ്‌പോര്‍ട്‌സ് ഡ്രാമയായാണ് പ്രേക്ഷകരിലേക്കെത്തിയത്. കണ്ടു ശീലിച്ച സ്‌പോര്‍ട്‌സ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ആലപ്പുഴ ജിംഖാന കഥ പറയുന്നത്. ചിത്രം ഇതിനോടകം കേരളത്തില്‍ നിന്ന് മാത്രം 25 കോടിക്കുമുകളില്‍ സ്വന്തമാക്കിക്കഴിഞ്ഞു.
ബേസില്‍ ജോസഫ് നായകനായ മരണമാസ് ബ്രേക്ക് ഇവനാവുകയും വിജയം നേടുകയും ചെയ്തു. അജിത് നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം ഗുഡ് ബാഡ് അഗ്ലിയും കേരളത്തില്‍ ബ്രേക്ക് ഇവന്‍ ടാഗ് നേടി ബോക്‌സ് ഓഫീസില്‍ സുരക്ഷിതസ്ഥാനത്ത് നിലയുറപ്പിച്ചു. വന്‍ ബജറ്റ് ബസൂക്കക്ക് ബോക്‌സ് ഓഫീസില്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ്.
Content Highlight: Bazooka can’t collect that Empuraan collected in First day from Kerala Box office