Kerala News
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്‍റെ സംസ്കാരം ഇന്ന്, ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 25, 02:38 am
Friday, 25th April 2025, 8:08 am

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍റെ സംസ്കാരം ഇന്ന്. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന രാമചന്ദ്രന്‍റെ മൃതദേഹം രാവിലെ വീട്ടിലെത്തിച്ചു. ഏഴര മുതൽ ഒമ്പത് മണി വരെ ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പിന്നാലെ ഒമ്പതരയ്ക്ക് മൃതദേഹം വീട്ടിലെത്തിക്കും.

തുടർന്ന്‌ 11 വരെ മാമംഗലം മങ്ങാട്ട്‌ റോഡിലെ ‘നീരാഞ്ജനം’ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിച്ചതിന് പിന്നാലെ 12 മണിക്ക് ഇടപ്പള്ളി ശ്മശാനത്തിലാണ് സംസ്കരിക്കുക. ബുധൻ രാത്രി എട്ടിന്‌ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി പി. പ്രസാദ്‌ ഏറ്റുവാങ്ങിയശേഷം റിനൈ മെഡിസിറ്റി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. വർഷങ്ങളോളം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് അഞ്ചുവർഷം മുമ്പാണ് രാമചന്ദ്രൻ നാട്ടിലെത്തിയത്.

ദുബായിൽനിന്ന് നാട്ടിലെത്തിയ മകൾ ആരതിക്കും പേരക്കുട്ടികൾക്കുമൊപ്പം രാമചന്ദ്രനും ഭാര്യ ഷീലയും അവധി ആഘോഷിക്കാനായി 21ന്‌ രാവിലെയാണ് കശ്മീരിലേക്ക് പോയത്‌.

മകൾ ആരതിയുടെ കൺമുന്നില്‍ വെച്ചാണ് കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന തന്‍റെ മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറയുന്നു. മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്. തന്റെ മുന്നിലെത്തിയ ഭീകരർ സൈനിക വേഷത്തിൽ ആയിരുന്നില്ലെന്നും ആരതി പറഞ്ഞു.

വേദനയുടെ നിമിഷങ്ങളിൽ കശ്മീരിലെ പ്രദേശവാസികളാണ് തന്റെ കൂടെ നിന്നതെന്നും ആരതി പറഞ്ഞിരുന്നു. ജമ്മുവില്‍ പോയപ്പോള്‍ രണ്ട് സാഹോദരങ്ങളെ കിട്ടിയെന്നും ആക്രമണം നടന്ന് അടുത്ത ദിവസം പുലര്‍ച്ചെ വരെ കശ്മീരികളായ മുസാഫീറും സമീറും എല്ലാ സഹായങ്ങള്‍ക്കും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും ആരതി പറഞ്ഞു.

ഏപ്രിൽ 22 ഉച്ചയോടായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ പാകിസ്ഥാന് ബന്ധം ഉണ്ടെന്നുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ 1960 ലെ സിന്ധു നദീജല കരാർ ഇന്ത്യ ബുധനാഴ്ച താൽക്കാലികമായി നിർത്തിവയ്ക്കുകയും പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

 

Content Highlight: Pahalgam terror attack; Funeral of slain Malayali Ramachandran today, public viewing at Changampuzha Park