ടിപ്പുവിന്റെ ചരിത്രമുറങ്ങുന്ന ശ്രീരംഗപട്ടണം
Travel Diary
ടിപ്പുവിന്റെ ചരിത്രമുറങ്ങുന്ന ശ്രീരംഗപട്ടണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th June 2018, 6:30 pm

ഹൈദരാലിയുടേയും ടിപ്പുവിന്റെയും പോരാട്ട വീര്യങ്ങള്‍ ഉറങ്ങുന്ന മണ്ണാണ് ശ്രീരംഗപട്ടണം. കര്‍ണ്ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചരിത്രത്തോട് ചേര്‍ന്നു കിടക്കുന്ന ഈ നഗരം കാവേരി നദിയുടെ രണ്ട് ശാഖകള്‍ക്കിടയിലായി ഒരു ദ്വീപെന്ന പോലെ സ്ഥിതി ചെയ്യുന്നു.

പതിമൂന്ന് കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പട്ടണം മൈസൂരിനോട് ചേര്‍ന്നാണുള്ളത്. സുല്‍ത്താന്‍ ഹൈദരലിയുടെയും മകന്‍ ടിപ്പുവിന്റെയും കാലത്ത് മൈസൂരിന്റെ തലസ്ഥാനമായി മാറിയതോടെയാണ് ശ്രീരംഗപട്ടണം പ്രശസ്തമാകുന്നത്.

ടിപ്പു സുല്‍ത്താന്റെ ഭരണത്തില്‍ മൈസൂര്‍ രാജ്യത്തിന്റെ ആധിപത്യം തെക്കേ ഇന്ത്യ മുഴുവനും വ്യാപിക്കുകയും ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായി ശ്രീരംഗപട്ടണം മാറുകയും ചെയ്തു.

തന്റെ അനുയായികളാല്‍ വെട്ടേറ്റ് വീരചരമം പ്രാപിക്കുന്നതു വരെ 36 വര്‍ഷങ്ങള്‍ ടിപ്പു മൈസൂരിനെ ഭരിച്ചു. ടിപ്പു സുല്‍ത്താന്റെ കൊട്ടാരങ്ങളും കോട്ടകളും ചരിത്രസ്മാരകങ്ങളും ഈ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. ദരിയ ദൗലത്ത്, ജുമാമസ്ജിദ്, ഗുംബാസ് തുടങ്ങിയവയാണ് ഇവയില്‍ പ്രശസ്തമായത്.

ശ്രീരംഗപട്ടണം കോട്ട

ഒറ്റ കവാടമുള്ള കോട്ടയിലേയ്ക്കു കടക്കുമ്പോള്‍ ആദ്യം സ്വാഗതം ചെയ്യുന്നത് മുതലപ്പൊഴിയാണ്. കോട്ടമതിലിന്റെ ചുറ്റുമാണ് മുതലപ്പൊഴി നിര്‍മിച്ചിരിക്കുന്നത്. കോട്ടയുടെ സുരക്ഷക്കായി ടിപ്പു ഇവിടെ മുതലകളെ വളര്‍ത്തിയിരുന്നു.

നാന്നൂര്‍ ഏക്കറോളം വരുന്ന കോട്ട ഇന്ന് ജനവാസ കേന്ദ്രമാണ്. എന്നാലും ടിപ്പുവിന്റെ കാലത്തെ കെട്ടിടങ്ങള്‍ ഇപ്പോഴും ഇവിടെ അവശേഷിക്കുന്നുണ്ട്. ടിപ്പുവിന്റെ ആയുധപ്പുര ഇന്നും സംരക്ഷിച്ചു പോരുന്നു. കോട്ടയില്‍ നിന്നു കാവേരിയിലേയ്ക്ക് തുറക്കുന്ന രഹസ്യകവാടമായ വാട്ടര്‍ഗേറ്റ്, ബ്രിട്ടീഷ് പട്ടാളക്കാരെ ബന്ധിച്ചിരുന്ന തടവറ എന്നിവയും ഇവിടെ കാണാം.

1787ല്‍ ടിപ്പു സ്ഥാപിച്ച് നിത്യപ്രാര്‍ത്ഥന നടത്തിപ്പോന്നിരുന്ന മസ്ജിദ്-ഉല്‍-അലാ അഥവാ ജുമാമസ്ജിദ് ആണ് കോട്ടയ്ക്കുള്ളിലെ മറ്റൊരു വിസ്മയം. വിശാലമായ മുറ്റവും പ്രാര്‍ത്ഥനാമുറിയുമുള്ള മസ്ജിദിന് അഷ്ടകോണോടുകൂടിയ രണ്ട് മിനാരങ്ങളാണ്.


Also Read  നിലപാട് മയപ്പെടുത്തി ഐ.എ.എസ് ഓഫീസര്‍മാര്‍; കേജ്‌രിവാളിന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിച്ചു


രണ്ട് നിലകള്‍ വീതമുള്ള ഇവയുടെ മുകളിലെത്താന്‍ ഇരുനൂറോളം പടികള്‍ വീതമുണ്ട്. കോട്ടയ്ക്കുള്ളില്‍ തന്നെ അല്‍പമകലെ മാറി അതിപുരാതനമായ ശ്രീരംഗനാഥസ്വാമിക്ഷേത്രം തലയെടുപ്പോടെ നിലകൊള്ളുന്നു.

എഡി 897ല്‍ തിരുമലയ ഗംഗന്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിഷ്ണുക്ഷേത്രം, തിരുച്ചിയിലെ അന്ത്യരംഗശ്രീരംഗക്ഷേത്രം, ശിവസമുദ്രത്തിലെ മധ്യരംഗക്ഷേത്രം എന്നിവയ്ക്കൊപ്പം ആദിരംഗക്ഷേത്രമായി കണക്കാക്കപ്പെടുന്നു. ഹൈദരാലിയും ടിപ്പുവും ക്ഷേത്രത്തെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നതായും സംഭാവനകള്‍ നനല്‍കിയിരുന്നതുമായാണ് ചരിത്രം.

ദരിയദൗലത്

കോട്ടയില്‍ നിന്ന് ഏതാനും വാര അകലെയാണ് ടിപ്പുവിന്റെ പ്രശസ്തമായ വേനല്‍ക്കാല വസതിയായ ദരിയദൗലത്. നദീതീരത്ത് വിശാലവും മനോഹരവുമായ പുന്തോട്ടത്തിന് നടുവില്‍ തേക്കിന്‍ തടിയില്‍ പണിതിരിക്കുന്ന ഇതിന്റെ അകത്തളങ്ങളില്‍ വേനല്‍ക്കാലത്തും സുഖകരമായ തണുപ്പാണ്.

1784ല്‍ ടിപ്പു പണികഴിപ്പിച്ച ഈ മനോഹരസൗധം തറയില്‍ നിന്നും ഒന്നരമീറ്റര്‍ ഉയരത്തിലാണ്. മനോഹരമായ മ്യൂറല്‍ പെയിന്റിംഗുകളും പ്രശസ്തരായ ബ്രിട്ടീഷ് ചിത്രകാരന്മാര്‍ രചിച്ച ഛായാചിത്രങ്ങളുമുള്‍പ്പെടെയുള്ള അപൂര്‍വ്വശേഖരം ഇവിടെയുണ്ട്.

ടിപ്പുവിന്റെ വെള്ളിനൂലിഴപാകിയ അംഗവസ്ത്രങ്ങളും, വാള്‍, തോക്ക്, കഠാര തുടങ്ങി സുല്‍ത്താന്റെ കൈമുദ്ര പതിഞ്ഞ ആയുധങ്ങളും അദ്ദേഹം ഉപയോഗിച്ച ഇരിപ്പിടങ്ങളും ടിപ്പുവിന്റെ പതനം സാധ്യമാക്കിയ പട്ടാള ഉദ്യോഗസ്ഥര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ ചാര്‍ത്തി നല്‍കിയ വെള്ളി, ചെമ്പ്, ഓട്ടുമെഡലുകളും അന്നത്തെ വിവിധനാണയങ്ങളും ടിപ്പുവിന്റെ പുത്രന്മാരുടെയും മന്ത്രിമാരുടേയും രേഖാചിത്രങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

ഗുംബാസ്

1782-84 കാലഘട്ടത്തില്‍ ടിപ്പു പണികഴിപ്പിച്ച ഗുംബാസ് ആണ് ഗ്രീരംഗപട്ടണത്തെ മറ്റൊരാകര്‍ഷണം. മനോഹരമായ ഉദ്യാനത്തിന് നടുവില്‍ പണിതിരിക്കുന്ന ഇവിടെയാണ് സുല്‍ത്താന്‍ കുടുംബാംഗങ്ങളുടെ അന്ത്യവിശ്രമം.

ഹൈദരാലിയുടെ ശവകുടീരത്തിനിരുവശത്തുമായി ടിപ്പുവിന്റെയും മാതാവ് ഫാത്തിമാബീഗത്തിന്റെയും കല്ലറകള്‍. മുന്‍വശത്തായി മറ്റു കുടുംബാംഗങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നു.