national news
ഗുണ്ടാ നേതാവിൽ നിന്നും തീവ്രവാദത്തിലേക്ക്; പഞ്ചാബിലെ ഗ്രനേഡ് ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഹാപ്പി പാസിയ യു.എസിൽ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 19, 03:22 am
Saturday, 19th April 2025, 8:52 am

ന്യൂദൽഹി: പഞ്ചാബിലെ ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന ഒളിവിൽ പോയ ഹർപ്രീത് സിങ് എന്നറിയപ്പെടുന്ന ഹാപ്പി പാസിയ അമേരിക്കയിൽ അറസ്റ്റിൽ. വെള്ളിയാഴ്ച, സാക്രമെന്റോയിൽ വെച്ച് എഫ്.ബി.ഐയും എൻഫോഴ്‌സ്‌മെന്റ് ആൻഡ് റിമൂവൽ ഓപ്പറേഷൻസും (ഇ.ആർ.ഒ) ഹർപ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) അറിയിച്ചു.

രണ്ട് അന്താരാഷ്ട്ര ഭീകര ഗ്രൂപ്പുകളുമായി ബന്ധമുള്ളയാളാണ് ഹർപ്രീത് സിങ്ങെന്നും ഇയാൾ നിയമവിരുദ്ധമായി യു.എസിൽ പ്രവേശിച്ചുവെന്നും അറസ്റ്റ് ഒഴിവാക്കാൻ ബർണർ ഫോണുകൾ ഉപയോഗിച്ചിരുന്നുവെന്നും എഫ്.ബി.ഐ പറഞ്ഞു.

‘ഇന്ത്യയിലെ പഞ്ചാബിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന തീവ്രവാദി ഹർപ്രീത് സിങ്ങിനെ സാക്രമെന്റോയിൽ വെച്ച് എഫ്.ബി.ഐയും ഇ.ആർ.ഒയും ചേർന്ന് അറസ്റ്റ് ചെയ്തു. രണ്ട് അന്താരാഷ്ട്ര ഭീകര ഗ്രൂപ്പുകളുമായി ബന്ധമുള്ള ഇയാൾ നിയമവിരുദ്ധമായി യു.എസിൽ പ്രവേശിച്ചു. പൊലീസ് പിടികൂടാതിരിക്കാൻ ബർണർ ഫോണുകളായിരുന്നു ഇയാൾ ഉപയോഗിച്ചിരുന്നത്,’ എഫ്.ബി.ഐ എക്‌സിൽ കുറിച്ചു.

പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസിലും (ഐ.എസ്.ഐ ) ഖാലിസ്ഥാനി ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലിലും സിങ് പ്രവർത്തിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നുവെന്ന് എഫ്.ബി.ഐ പറഞ്ഞു.

ഹർപ്രീത് സിങ് 2021ൽ മെക്സിക്കോയിൽ നിന്ന് അനധികൃതമായി സാക്രമെന്റോയിൽ എത്തുകയും അവിടെ സിഖ് സമൂഹങ്ങൾ താമസിക്കുന്ന ഒരു കാർഷിക മേഖലയിൽ താമസമാക്കുകയുമായിരുന്നെന്നും ഐ.എസ്.ഐ പറഞ്ഞു.

കഴിഞ്ഞ ഏഴ് മാസത്തിനിടെ പഞ്ചാബിൽ നടന്ന 16 ഗ്രനേഡ് ആക്രമണങ്ങളിൽ 14 എണ്ണത്തിലും സിങ്ങിന് ബന്ധമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസ് പോസ്റ്റുകൾ, മതസ്ഥലങ്ങൾ, പൊതു വ്യക്തികളുടെ വീടുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്.

2024ൽ ചണ്ഡീഗഢ് നഗരത്തിലെ ഒരു വീടിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ടും ഇന്ത്യൻ അധികൃതർ ഹാപ്പി പാസിയെ അന്വേഷിക്കുന്നുണ്ട്. ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി പറയുന്നത് (എൻ‌.ഐ‌.എ) പ്രകാരം, വിരമിച്ച പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥനെ ലക്ഷ്യം വച്ചായിരുന്നു അന്ന് ആക്രമണം ഉണ്ടായത്.

ജനുവരിയിൽ, സിങ്ങിനെക്കുറിച്ച് വിവരങ്ങൾ പങ്കുവെക്കുന്നവർക്ക് എൻ.ഐ.എ 5,00,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മാർച്ചിൽ നടന്ന ആക്രമണത്തിൽ സിങ് ഉൾപ്പെടെ നാല് പേർക്കെതിരെ എൻ.ഐ.എ ഔദ്യോഗിക കുറ്റം ചുമത്തിയിരുന്നു.

പഞ്ചാബ് മേഖലയിൽ ഖാലിസ്ഥാൻ എന്ന സ്വതന്ത്ര രാഷ്ട്രം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന തീവ്രവാദ സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലിൽ (ബി.കെ.ഐ) പെട്ടവരായിരുന്നു നാലുപേരും എന്ന് എൻ.ഐ.എ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ ബി.കെ.ഐയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Content Highlight: Indian man accused of grenade attacks held in the US