വെസ്റ്റ് ബാങ്ക്: ഇസ്രഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഗ്രാമമായ മസാഫര്‍ യാട്ട സന്ദര്‍ശിക്കുന്നതിനിടെ രണ്ട് ബ്രിട്ടീഷ് എം.പിമാരെ ആയുധധാരികളായ ഇസ്രഈലി കുടിയേറ്റക്കാര്‍ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്.
ലെസ്റ്റര്‍ സൗത്തില്‍ നിന്നുള്ള സ്വതന്ത്ര എം.പിയായ ഷോക്കാറ്റ് ആദം, സെന്റ് ഐവ്സില്‍ നിന്നുള്ള ലിബറല്‍ ഡെമോക്രാറ്റ് എം.പി ആന്‍ഡ്രൂ ജോര്‍ജ്ജ് എന്നിവരെയാണ് കുടിയേറ്റക്കാര്‍ തടഞ്ഞത്. ഫലസ്തീനികളായ ബെഡൂയിന്‍ കര്ഷകര്ക്കൊപ്പമുണ്ടായിരുന്ന ബ്രീട്ടീഷ് എം.പിമാരെയാണ് ആയുധധാരികളായ കുടിയേറ്റക്കാരും സുരക്ഷാ സേനയും തടഞ്ഞത്. ഒടുവില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ സംഘത്തിലുണ്ടെന്ന് കണ്ടെത്തിയപ്പോഴാണ് അവര്‍ എം.പിമാരെ കടത്തി വിട്ടത്.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളെ നിരന്തരം വിമര്‍ശിച്ചിരുന്ന ആന്‍ഡ്രൂ ജോര്‍ജിന് ഇസ്രഈല്‍ സൈന്യം രാജ്യത്ത് പ്രവേശനം നിഷേധിച്ചിരിന്നു. അതിര്‍ത്തിയില്‍വെച്ച് ജോര്‍ജിനെ മാറ്റിനിര്‍ത്തി ചോദ്യം ചെയ്ത സൈന്യം ഒടുവില്‍ ടെല്‍ അവീവിലെ ബ്രിട്ടീഷ് എംബസിയുമായും ജറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റുമായും ആശയവിനിമയം നടത്തിയതിനെത്തുടര്‍ന്നാണ് പ്രവേശനം അനുവദിച്ചത്.
ഏപ്രില്‍ 13നാണ് ബ്രിട്ടീഷ് എം.പിമാര്‍ ഇസ്രഈലിലെത്തിയത്. ഇതുവരെ ഇവര്‍ ഹെബ്രോണ്‍, ബെത്ലഹേം, കിഴക്കന്‍ ജറുസലേം എന്നീ പ്രദേശങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.
അതേസമയം ബ്രിട്ടീഷ് എം.പിമാര്‍ തങ്ങളുടെ സന്ദര്‍ശനത്തിനിടെ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളി സന്ദര്‍ശിച്ചപ്പോള്‍, നൂറുകണക്കിന് ഇസ്രഈലി കുടിയേറ്റക്കാര്‍ പള്ളി മുറ്റത്ത് പ്രാര്‍ത്ഥന നടത്തുന്നതായി കണ്ടതായി പറഞ്ഞു.
ഇസ്ലാമിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ അല്‍ അഖ്സ പള്ളിയില്‍ ജൂത പ്രാര്‍ത്ഥന പതിറ്റാണ്ടുകളായി നിരോധിച്ചിരുന്നതാണ്. എന്നാല്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിലെ നിരവധി അംഗങ്ങള്‍ ഇതിനെ എതിര്‍ക്കുകയും അവിടെ ജൂത പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച മുതല്‍ 6,315 ല്‍ അധികം ഇസ്രഈലി കുടിയേറ്റക്കാരാണ് അല്‍ അഖ്സയിലെത്തിയത്. ഇതാദ്യമായാണ് ഇത്രയും ഇസ്രഈലികള്‍ പ്രാര്‍ത്ഥനയ്ക്കായി ഇവിടെയെത്തുന്നത്. പൊലീസ് സംരക്ഷണത്തിലാണ് ഇസ്രഈലി കുടിയേറ്റക്കാര്‍ പള്ളി മുറ്റത്തേക്ക് പ്രവേശിക്കുന്നത്.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ പിടിമുറുക്കുക എന്ന ലക്ഷ്യത്തോടെ ഈ ജനുവരിയില്‍ ഇസ്രഈല്‍ ഓപ്പറേഷന് അയണ്‍ വാള് എന്ന പേരില്‍ ഒരു സൈനിക നടപടി ആരംഭിച്ചിരുന്നു. ഈ ഓപ്പറേഷനിലൂടെ കുറഞ്ഞത് 40,000 ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് ഇസ്രഈല്‍ പുറത്താക്കിയതായാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.
കുറച്ച് ദിവസങ്ങസള്ക്ക് മുമ്പ് പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഇസ്രഈലില്‍ സന്ദര്‍ശനത്തിനെത്തിയ രണ്ട് ബ്രിട്ടീഷ് എം.പിമാരെ ഇസ്രഈല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ലേബര്‍ പാര്‍ട്ടി എം.പിമാരായ യുവാന്‍ യാങ്, അബ്തിസം മുഹമ്മദ് എന്നിവരെയാണ് ഇസ്രഈല്‍ കസ്റ്റഡിയില്‍ എടുത്തത്.
ഇരുവരും ഇസ്രഈല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഇസ്രഈല്‍ വിരുദ്ധത പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന്
ഇരുവരേയും യു.കെയിലേക്ക് തന്നെ തിരിച്ചയച്ചിരുന്നു.
Content Highlight: Israeli settlers question British MPs during visit to occupied West Bank; attempt to invade Al-Aqsa