കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024.
ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് ബാഹുല്‍ രമേശിന്റെ രചനയില്‍ പുറത്തിറങ്ങിയ
കിഷ്‌കിന്ധാ കാണ്ഡം കേരളത്തിനും കേരളത്തിന് പുറത്തും ഏറെ ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ രേഖാചിത്രവും സൂപ്പര്‍ ഹിറ്റായിരുന്നു.
സേതുനാഥ് പത്മകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ചിത്രത്തില്‍ ആസിഫ് അലി, ജഗദീഷ്, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഇഷ്‌ക്, മഹാവീര്യര്‍ എന്നി ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച വ്യക്തിയാണ് സേതുനാഥ് പത്മകുമാര്‍.
ഇപ്പോള്‍ ആസിഫ് അലിയെ കുറിച്ച് സംസാരിക്കുകയാണ് സേതുനാഥ് പത്മകുമാര്‍.
തന്റെ ആഭ്യന്തര കുറ്റവാളിയെന്ന സിനിമയുടെ സെറ്റില്‍ വെച്ച് കണ്ട ആസിഫ് അലിയ്ക്കും മഹാവീര്യര്‍ സിനിമയുടെ സമയത്ത് കണ്ട ആസിഫ് അലിയ്ക്കും ഒരു മാറ്റവുമില്ലെന്ന് സേതുനാഥ് പറയുന്നു. അദ്ദേഹം ലൊക്കേഷനില്‍ വരുമ്പോള്‍ അവിടെയുള്ള എല്ലാവരെയും കണ്ട് സംസാരിക്കുകയും ഹാപ്പിയാക്കുകയും ചെയ്യുമെന്നും എന്നിട്ടാണ് കാരവാനിലേക്ക് വരുകയുള്ളൂവെന്നും സേതു കൂട്ടിച്ചേര്‍ത്തു. ആസിഫ് അലിയ്ക്ക് വല്ലാത്തൊരു പോസീറ്റീവ് വൈബുണ്ടെന്നും സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയിലും, എപ്പോഴും തന്നോട് താന്‍ ഓക്കെയല്ലെ എന്ന് ചോദിക്കാറുണ്ടെന്നും എന്നിട്ടാണ് സിനിമ തുടങ്ങാറുള്ളതെന്നും സേതുനാഥ് പറഞ്ഞു. മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ സിനിമയിലാണേലും മഹാവീര്യറിലാണെങ്കിലും ഞാന്‍ കണ്ട ആസിഫ് ബ്രോയ്ക്ക് ഒരു മാറ്റവും ഇല്ല. ലൊക്കേഷനില്‍ വന്നാല്‍, ആസിഫ് ബ്രോ ആ യൂണിറ്റിലുള്ള എല്ലാവരെയും പോയി കാണുകയും കൈ കൊടുത്ത് ഒന്ന് എല്ലാവരെയും ഹാപ്പിയാക്കുകയും ചെയ്യും. അതിന് ശേഷം മാത്രമേ അദ്ദേഹം കാരവാനില്‍ കേറുകയുള്ളൂ. ഭയങ്കര പോസിറ്റീവ് വൈബാണ് ആസിഫ് അലിയ്ക്ക്. പിന്നെ അന്ന് എടുക്കണ്ട സീനുകളെ പറ്റി ഞങ്ങള്‍ ഒരു അരമണിക്കൂറോളം ചര്‍ച്ച ചെയ്യും. അപ്പോഴും നീ ഓക്കെയല്ലേടാ എന്ന് ചോദിച്ചിട്ടേ സിനിമ തുടങ്ങുകയുള്ളൂ,’ സേതുനാഥ് പത്മകുമാര്‍ പറയുന്നു.
Content Highlight: Director Sethunath padmakumar about Asif Ali