സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് റെട്രോ. തമിഴിലെ മികച്ച സംവിധായകരിലൊരാളായ കാർത്തിക് സുബ്ബരാജിനൊപ്പം സൂര്യ ആദ്യമായി കൈകോർക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രേക്ഷകരിൽ പ്രതീക്ഷയുണർത്തുന്നതായിരുന്നു.
ഇന്നലെ (വെള്ളി) റെട്രോയുടെ ട്രെയ്‌ലർ പുറത്തുവന്നിരുന്നു. പൂജ ഹെഗ്ഡേ നായികയാകുന്ന ചിത്രത്തിൽ ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
ഇപ്പോൾ റെട്രോ എന്ന ചിത്രത്തിലേക്ക് വന്നതിന് കുറിച്ച് സംസാരിക്കുകയാണ് നടി പൂജ ഹെഗ്‌ഡേ. തന്റെ രാധേ ശ്യാം എന്ന സിനിമ കണ്ടതിന് ശേഷമാണ് കാർത്തിക് സുബ്ബരാജ് തന്നെ റെട്രോയിലേക്ക് വിളിച്ചതെന്ന് പൂജ ഹെഗ്‌ഡേ പറയുന്നു. സംവിധായകനെ കാണാൻ പോയപ്പോൾ തന്നോട് മേക്കപ്പില്ലാതെ വരാനാണ് പറഞ്ഞതെന്നും തനിക്ക് അത്തരം വേഷങ്ങൾ ചെയ്യാൻ വളരെ ഇഷ്ടമാണെന്നും പൂജ പറഞ്ഞു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൂജ.
‘ഞാൻ കർത്തി സാറിനെ കാണാൻ വേണ്ടി പോയപ്പോൾ അദ്ദേഹം എന്നോട് ഒരു കാര്യം മാത്രമാണ് പറഞ്ഞത്, ഒരു മേക്കപ്പും ഇല്ലാതെ സെറ്റിൽ വരണമെന്ന്. അത് കേട്ടപ്പോൾ ഞാൻ ഭയങ്കര ഹാപ്പിയായി. കാരണം മേക്കപ്പ് ഇടാത്തതും മുടി ശരിയായി കെട്ടിവെക്കാത്തതുമായ കഥാപാത്രങ്ങളെ ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്.
കുളി കഴിഞ്ഞാൽ ഞാൻ എങ്ങനെ ആണോ, അതേ രൂപത്തിലാണ് ഞാൻ അദ്ദേഹത്തിൻ്റെ അടുത്തേക്ക് പോകുന്നത്. വേഗം തന്നെ അദ്ദേഹവുമായുള്ള മീറ്റിങ് കഴിഞ്ഞു. അതിന് ശേഷമാണ് ഞാൻ കഥ കേൾക്കുന്നത്. എന്തുകൊണ്ടാണ് എന്നെ ഈ കഥാപാത്രത്തിലേക്ക് സെലക്ട് ചെയ്തതെന്ന് ഞാൻ കാർത്തി സാറിനോട് ചോദിച്ചു.
അപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ ചെയ്ത രാധേ ശ്യാം എന്ന സിനിമ കണ്ടെന്നും അതിലെ ഒരു ഇമോഷണൽ സീൻ വളരെ ഇഷ്ടപ്പെട്ടു എന്നുമാണ്. രാധേ ശ്യാമിലെ വേഷം ശരിക്കും എൻ്റെ ഗ്ലാം വേർഷനാണ്. അങ്ങനെയുള്ള എന്നെ എങ്ങനെ റെട്രോയിലെ കഥാപാത്രത്തിലേക്ക് ചിന്തിച്ചു എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു. അതാണ് സത്യത്തിൽ സംവിധായകൻ്റെ മാജിക്ക്,’ പൂജ ഹെഗ്‌ഡേ പറയുന്നു.
Content Highlight: Pooja Hegde Talks About How She Became A Part Of Retro Movie