എന്റെ പേരില്‍ ഒരു ഫാന്‍ ഫൈറ്റുണ്ടായാല്‍ അന്ന് ആ തീരുമാനമെടുക്കും; ടൊവിനോ പറയുന്നു
Entertainment news
എന്റെ പേരില്‍ ഒരു ഫാന്‍ ഫൈറ്റുണ്ടായാല്‍ അന്ന് ആ തീരുമാനമെടുക്കും; ടൊവിനോ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th June 2021, 2:29 pm

ഫാന്‍സ് അസോസിയേഷനുകളെപ്പറ്റിയുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് നടന്‍ ടൊവിനോ തോമസ്.

ഫാന്‍സ് അസോസിയേഷന്‍ വേണ്ട എന്ന കാര്യത്തില്‍ ഉറച്ച തീരുമാനമെടുത്ത ആളാണ് താനെന്നും ഫാന്‍സ് അസോസിയേഷന്‍ ഉണ്ടായാല്‍ ഒരുപാട് തലവേദനയ്ക്ക് അത് വഴിവെക്കുമോ എന്ന ആശങ്ക തനിക്കുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.

‘ടൊവിനോയുടെ പേരില്‍ ഒരു വഴക്കുണ്ടാവാന്‍ എനിക്ക് യാതൊരു താല്‍പര്യവുമില്ല. നിരന്തരമായി കുറച്ച് കുട്ടികള്‍ വന്ന് ചോദിച്ചപ്പോഴാണ് ഉപാധികളോടെ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങാന്‍ ഞാന്‍ സമ്മതിച്ചത്. എന്റെ പേരില്‍ ഇവിടെയൊരു ഫാന്‍ ഫൈറ്റ് ഉണ്ടാവാന്‍ പാടില്ലെന്ന് ഞാന്‍ അവരോട് ഉറപ്പിച്ച് പറഞ്ഞു. അങ്ങനെയെങ്ങാന്‍ ഉണ്ടായാല്‍ ആ ദിവസം ഫാന്‍സ് അസോസിയേഷന്‍ അവസാനിക്കുമെന്നും ഞാന്‍ അവരോട് പറഞ്ഞു’. ടൊവിനോ പറയുന്നു.

ആരും സ്വന്തം കാര്യങ്ങള്‍ നോക്കാതെ തനിക്ക് വേണ്ടി സമയം കളയരുതെന്നും സിനിമയെ ആസ്വദിക്കാന്‍ മാത്രമുള്ള ഉപാധിയായി കാണണമെന്നും അസോസിയേഷനിലെ ആളുകളോട് പറഞ്ഞിട്ടുണ്ടെന്നും നടന്‍ പറഞ്ഞു.

‘നിങ്ങള്‍ വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തോളൂ, അതിന്റെ ഒരു പുണ്യവും എനിക്ക് വേണ്ടെന്ന് ഞാനവരോട് പറഞ്ഞു. അവര്‍ പറഞ്ഞത് അവര്‍ക്ക് കൂട്ടമായി സിനിമ കാണാന്‍ വേണ്ടിയിട്ടാണ് അസോസിയേഷനെന്നാണ്. അത് എന്റെയും ആവശ്യമാണ്. അത് സിനിമ വിജയിക്കാനുള്ള സാധ്യത കൂട്ടും. എന്നാല്‍ ഞാന്‍ മോശം സിനിമ ചെയ്താലും അത് ബാധിക്കും. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന നിമിഷം വന്നാല്‍ എന്റെ ഫാന്‍സ് അസോസിയേഷന്‍ അവസാനിപ്പിക്കും,’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയില്‍ ആരെയെങ്കിലും കോമ്പറ്റീറ്റര്‍ ആയി കാണുന്നുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ഫഹദോ പൃഥ്വിയോ ദുല്‍ഖറോ നിവിനോ ആരെയാണു കോമ്പറ്റീറ്റര്‍ ആയി കാണുന്നത് എന്ന ചോദ്യത്തോട് ടൊവിനോയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘എന്റെ ആഗ്രഹം ഒരു ഇന്റര്‍നാഷണല്‍ എക്സ്പോഷര്‍ ആണ്. അത് ഒരു സിനിമയിലല്ല. നിരന്തരമായിട്ട് ഇന്റര്‍നാഷണല്‍ എക്സ്പോഷര്‍ കിട്ടുന്ന രീതിയിലേക്കു ഞാന്‍ വളരണമെങ്കില്‍ ഞാന്‍ നില്‍ക്കുന്ന ഈ ഇന്‍ഡസ്ട്രി, അങ്ങനെ ഇന്റര്‍നാഷണലി ആളുകള്‍ നോക്കിക്കാണുന്ന, ഉറ്റുനോക്കുന്ന ഇന്‍ഡസ്ട്രി ആയി മാറണം. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് ഇവരൊന്നും കോമ്പറ്റീറ്റേഴ്സ് അല്ല. ഇവരൊക്കെ എന്റെ ടീം അംഗങ്ങളാണ്,’ ടൊവിനോ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Tovino Thomas says about fanfight