Daily News
വിജിലന്‍സ് നടപടി തന്നെ ആക്ഷേപിക്കാനെന്ന് ടോം ജോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Oct 28, 04:55 am
Friday, 28th October 2016, 10:25 am

സ്വത്ത് താന്‍ നിയമപ്രകാരം വെളിപ്പെടുത്തിയതാണ്. അത് ചീഫ് സെക്രട്ടറി പരിശോധിച്ചതുമാണെന്നും ടോം ജോസ് പറയുന്നു.  ക്രിമിനല്‍ പശ്ചാത്തലമുളള ആളാണ് തനിക്കെതിരെ പരാതി നല്‍കിയത്.


തിരുവനന്തപുരം: തനിക്കെതിരെ വിജിലന്‍സ് നടത്തുന്ന റെയ്ഡ് പൊതുമധ്യത്തില്‍ തന്നെ ആക്ഷേപിക്കാനാണെന്ന് മുതിര്‍ന്ന എ.എ.എസ് ഉദ്യോഗസ്ഥന്‍ ടോം ജോസ്.

സ്വത്ത് താന്‍ നിയമപ്രകാരം വെളിപ്പെടുത്തിയതാണ്. അത് ചീഫ് സെക്രട്ടറി പരിശോധിച്ചതുമാണെന്നും ടോം ജോസ് പറയുന്നു.  ക്രിമിനല്‍ പശ്ചാത്തലമുളള ആളാണ് തനിക്കെതിരെ പരാതി നല്‍കിയത്. രണ്ടുവര്‍ഷം മുമ്പേ വിജിലന്‍സ് പരിശോധന നടത്തി സര്‍ക്കാര്‍ അവസാനിപ്പിച്ച കേസിലാണ് വീണ്ടും റെയ്ഡ് നടത്തിയിരിക്കുന്നതെന്നും ടോം ജോസ് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും തന്റെ നിലപാട് പിന്നീട് വിശദീകരിക്കുമെന്നും ടോം ജോസ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്‌ളാറ്റുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്.

തിരുവനന്തപുരത്തെ ജഗതിയിലെയും കൊച്ചി കലൂരിലെയും ഫ്‌ളാറ്റുകളാണ് വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്. ടോം ജോസിന് അനധികൃത സ്വത്തുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിന് ശേഷമാണ് മൂവാറ്റുപുഴ വിജലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കുകയും റെയ്ഡിന് അനുമതി വാങ്ങുകയും ചെയ്തത്. പായിച്ചിറ നവാസ് എന്നയാളാണ് ടോ ജോസിനെതിരെ പരാതി നല്‍കിയത്.

നേരത്തെ ചവറയിലെ കെ.എം.എം.എല്‍ ഇടപാടുമായി ബന്ധപ്പെട്ട് ടോം ജോസിനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മഗ്‌നീഷ്യം വാങ്ങിയ വകയില്‍ വന്‍തിരിമറി നടന്നതായാണ് വിജിലന്‍സ് കണ്ടെത്തിയത്. ടണ്ണിന് 1,83,000 രൂപയ്ക്ക് വാങ്ങേണ്ടിടത്ത് 3,42,000 രൂപ നല്‍കിയാണ് മഗ്‌നീഷ്യം വാങ്ങിയതെന്നാണ് കണ്ടെത്തല്‍.അഞ്ചുലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇടെന്‍ഡര്‍ വേണമെന്ന നിയമവും ടോം ജോസ് എം.ഡിയായിരിക്കെ കെ.എം.എം.എല്‍ ലംഘിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു.

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സംബന്ധിച്ചും ടോം ജോസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്താണ് മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിയത്.

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഭൂമി വാങ്ങുമ്പോള്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കണമെന്ന് നിയമമുണ്ട്. പണത്തിന്റെ സ്രോതസ്സും കാണിക്കണം. എന്നാല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്ഥലം വാങ്ങിയത് സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ചീഫ് സെക്രട്ടറി ടോം ജോസിനോട് വിശദീകരണം തേടിയിരുന്നു. ഔദ്യോഗിക തിരക്കുകള്‍ മൂലം മുന്‍കൂര്‍ അനുവാദം വാങ്ങാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അന്ന് ടോം ജോസ് നല്‍കിയ വിശദീകരണം.