ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്.
231 റണ്‍സ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റ് വീശിയ ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സില്‍ പുലര്‍ത്തിയ ആധിപത്യം പുറത്തെടുക്കാന്‍ സാധിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍ എന്നിവര്‍ക്ക് രണ്ടാം മത്സരത്തില്‍ തിളങ്ങാനായില്ല.
ജെയ്‌സ്വാള്‍ 15 റണ്‍സിന് പുറത്തായപ്പോള്‍ രാഹുല്‍ 22നും ജഡേജ രണ്ട് റണ്‍സിനും പുറത്തായി. 58 പന്തില്‍ 39 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സകോറര്‍.
ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ ടോം ഹാര്‍ട്‌ലിയാണ് ഇന്ത്യയെ തവിടുപൊടിയാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി വരവറിയിച്ച ഹാര്‍ട്‌ലി രണ്ടാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മയുടേതടക്കം ഏഴ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, അക്‌സര്‍ പട്ടേല്‍, എസ്. ഭരത്, ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവരുടെ വിക്കറ്റാണ് ഹാര്‍ട്‌ലി സ്വന്തമാക്കിയത്.
അഞ്ച് മെയ്ഡനടക്കം 26.5 ഓവറില്‍ 62 റണ്‍സ് വഴങ്ങിയാണ് ഹാര്‍ട്‌ലി ഏഴ് വിക്കറ്റ് വീഴ്ത്തിയത്.
ജോ റൂട്ടും ജാക്ക് ലീച്ചുമാണ് രണ്ടാം ഇന്നിങ്‌സില്‍ ശേഷിക്കുന്ന ഇന്ത്യന്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയത്.