Entertainment
ഞാന്‍ ആകെ ഒരു സംവിധായകനോടേ ചാന്‍സ് ചോദിച്ചിട്ടുള്ളൂ അത് അദ്ദേഹമാണ്: സിദ്ധാര്‍ത്ഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 17, 08:47 am
Thursday, 17th April 2025, 2:17 pm

വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണെങ്കിലും ചുരുങ്ങിയ സിനിമകളില്‍ മാത്രം അഭിനയിക്കുന്ന നടനാണ് സിദ്ധാര്‍ത്ഥ്. അഭിനയത്തിനൊപ്പം സംവിധാനവും ഉണ്ടെങ്കിലും ചെയ്യുന്ന ക്യാരക്ടറുകളുടെ എണ്ണം ഇപ്പോഴും കുറവാണ്.

അടുത്തിടെയിറങ്ങിയ ഭ്രമയുഗത്തിലും സൂക്ഷ്മദര്‍ശിനിയിലുമെല്ലാം വ്യത്യസ്തമാര്‍ന്ന പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരെ ഞെട്ടിക്കാനും സിദ്ധാര്‍ത്ഥിന് സാധിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് അങ്ങനെ ഒരുപാട് സിനിമകളില്‍ ഭാഗമാകാത്തത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സിദ്ധാര്‍ത്ഥ്. ചാന്‍സ് ചോദിക്കാന്‍ പൊതുവെ മടിയുള്ള ആളാണ് താനെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.

ഒപ്പം താന്‍ ആകെ ചാന്‍സ് ചോദിച്ച ഒരു സംവിധായകനെ കുറിച്ചും സിദ്ധാര്‍ത്ഥ് പറയുന്നുണ്ട്.

വരുന്ന റോളുകള്‍ ചെയ്യുന്നു എന്നതിനപ്പുറം ചോദിച്ചു മേടിക്കുന്ന സ്വഭാവമോ അങ്ങനെ ഒരു രീതിയോ ഇല്ല. എന്തുകൊണ്ടോ അങ്ങനെ ഉണ്ടായിട്ടില്ല.

അത് നല്ലതിനാണോ മോശമാണോ എന്നറിയില്ല. അങ്ങനെ സംഭവിച്ചിട്ടില്ല. ഞാന്‍ ആകെ ചാന്‍സ് ചോദിച്ചത് സമീര്‍ താഹിറിന്റെ അടുത്താണ്. ഇത്തവണ സമീര്‍ അത് നികത്തുകയും ചെയ്തു. നീയുണ്ട് എന്ന് പറഞ്ഞു.

സമീറുമായി ഞാന്‍ ആദ്യമായി വര്‍ക്ക് ചെയ്യുന്നത് നിദ്രയിലാണ്. പക്ഷേ അതിന് മുന്‍പേ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞങ്ങള്‍ പരിയപ്പെട്ടിരുന്നു.

നിദ്ര ചെയ്യുന്നതിന് മുന്‍പ് ഞാന്‍ വേറൊരു പ്രൊജക്ട് ചെയ്യുന്ന സമയത്ത് ക്യാമറ ടെസ്റ്റ് ചെയ്യാന്‍ വന്നപ്പോള്‍ സമീര്‍ അവിടെ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ആദ്യം പരിചയപ്പെടുന്നത്.

സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ സമയത്ത്. അങ്ങനെയാണ് ഞാന്‍ അവരെ ആദ്യം പരിചയപ്പെടുന്നത്. ആഷിഖ് അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തെ എനിക്ക് നേരത്തെ അറിയാമായിരുന്നു.

അന്നാണ് നമ്പറൊക്കെ വാങ്ങുന്നത്. സമീര്‍ ചാപ്പാ കുരിശ് തുടങ്ങാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ വിളിച്ച് വെച്ചു. പിന്നീട് നിദ്ര തുടങ്ങുമ്പോഴാണ് സമീറിനെ വിളിക്കുന്നത്.

പുള്ളി എന്നെ വന്ന് കണ്ടു. കഥ പറഞ്ഞു. കൊള്ളാം നന്നായിട്ടുണ്ട്. നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. പിന്നെ ഞങ്ങള്‍ ശരിക്കും സിങ്ക് ആയി. സിനിമ ചെയ്യുന്നതോടു കൂടി നല്ല ഒരു ബോണ്ടിങ് ആയി,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

അപകടത്തെ കുറിച്ചും അതില്‍ നിന്ന് രക്ഷപ്പെട്ടു വന്നതിനെ കുറിച്ചും ആളുകളുടെ പ്രാര്‍ത്ഥനയെ കുറിച്ചുമൊക്കെ സിദ്ധാര്‍ത്ഥ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

പ്രതിസന്ധികളില്‍ നിന്ന് മറികടക്കാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ലെന്നും അത് കറക്ട് ചെയ്ത് മുന്നോട്ടു നീങ്ങുക എന്നതാണ് രീതിയെന്നും താരം പറഞ്ഞു.

‘പേഴ്‌സണല്‍ സ്‌പേസ് ഒരുപാട് എന്‍ജോയ് ചെയ്യുന്ന ആളാണ് ഞാന്‍. ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ ചെയ്യുന്ന കാര്യങ്ങളേയും നമ്മള്‍ അനലൈസ് ചെയ്യണം.

അത് പ്രൊഡക്ടീവ് ആകണം. ഒന്നുകില്‍ നിങ്ങള്‍ക്ക് ആലോചിക്കാം. എന്തെങ്കിലും സ്‌കില്‍ ഡെവലപ് ചെയ്യാം. വെറുതെ ഒറ്റയ്ക്ക് ഇരുന്ന് ഓവര്‍ തിങ്ക് ചെയ്യുന്നത് ഇരട്ടിപ്പണിയാണ്.

അതിനെ പ്രൊഡക്ടീവ് ആക്കി മാറ്റുക. വായിക്കുകയോ സിനിമ കാണുകയോ ഒക്കെ ചെയ്യാം. എന്തെങ്കിലും ഒരു പ്രശ്‌നം വന്നാല്‍ അതില്‍ നിന്നും മാറി മുന്നോട്ടു പോകാനുള്ള ഒരു ശക്തി നമുക്ക് അതുവഴി ലഭിക്കും,’ സിദ്ധാര്‍ത്ഥ് പറയുന്നു.

Content Highlight: Actor Sidharth about a director he called him for a role