Advertisement
Entertainment
ബേസിലിനോടൊപ്പമുള്ള സിനിമകളിലെ എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുന്നുണ്ട്; അദ്ദേഹം എന്റെ ലക്ക് ഫാക്‌ടർ എന്നുപറയാം: ആനന്ദ് മന്മഥൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 17, 08:59 am
Thursday, 17th April 2025, 2:29 pm

ഈ വർഷം തിയേറ്ററിലെത്തിയ മികച്ച ചിത്രങ്ങളിലൊന്നാണ് പൊന്മാൻ. കലാസംവിധായകൻ എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജ്യോതിഷ് ശങ്കർ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമാണ് പൊന്മാൻ. ജി.ആർ. ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.

ബേസിൽ ജോസഫ് നായകനായ അജേഷായി എത്തിയപ്പോൾ ബ്രൂണോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആനന്ദ് മന്മഥൻ ആയിരുന്നു. പൊന്മാൻ എന്ന ചിത്രത്തെ കുറിച്ചും ബേസിൽ ജോസഫിനെ കുറിച്ചും സംസാരിക്കുകയാണ് ആനന്ദ് മന്മഥൻ. ബ്രൂണോ എങ്ങനെയുള്ള ആളാണെന്ന് സംവിധായകന് കൃത്യമായി അറിയാമെന്നും താനും എവിടെയൊക്കെയോ കണ്ട മുഖമാണ് ബ്രൂണോയുടേതെന്നും ആനന്ദ് പറയുന്നു.

ബേസിലിനോടൊപ്പമുള്ള സിനിമകളിലെ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും ബേസിൽ തന്റെ ലക്ക് ഫാക്ടർ ആണെന്ന് പറയാമെന്നും ആനന്ദ് മന്മഥൻ പറഞ്ഞു.

‘ജ്യോതിഷേട്ടന് ക്യത്യമായി അറിയാമായിരുന്നു ബ്രൂണോ എങ്ങനെയുള്ള ആളാണെന്ന്. എപ്പോൾ എന്ത് ചോദിച്ചാലും ബ്രൂണോ ഈ സമയത്ത് ഇങ്ങനെയാവും ചെയ്യുക എന്ന് കൃത്യമായ മറുപടിയും ഉണ്ടായിരുന്നു. ഞാനും എവിടെയൊക്കെയോ കണ്ട മുഖമാണ് ബ്രൂണയുടേത്. കോളേജ് രാഷ്ട്രീയത്തിൽ നിന്നെല്ലാം വന്നതുകൊണ്ട് ഇങ്ങനെയുള്ള ആരെയൊക്കെയോ കണ്ടിട്ടുണ്ട്.

ബ്രൂണോ എന്തായാലും കോളേജിൽ പോയിട്ടുണ്ടെങ്കിൽ രാഷ്ട്രീയം ഉണ്ടായിരിക്കണം. ബ്രൂണോ എവിടെ നിന്നോ തുടങ്ങി, എവിടെയോ അവസാനിക്കുന്ന ഗ്രാഫുള്ള ഒരു കഥാപാത്രമാണ്. ഇതിനിടയിൽ ഉയർന്നും താഴ്ന്നുമെല്ലാം പോകുന്ന കഥാപാത്രം. ശാരീരികമായും ഞാൻ ബ്രൂണോയുമായി ചേർന്ന് നിൽക്കുകയായിരുന്നു ആ സമയത്ത്.

ബ്രൂണോ ഒരു പണിക്കും പോവാതെ തടിച്ചു കൊഴുത്തിരിക്കുന്ന ശരീരപ്രകൃതിയാണ്. ഞാൻ തടിച്ചിരിക്കുന്നത് കൊണ്ട് ഷർട്ട് അഴിച്ച് നടക്കാൻ ചമ്മലായിരുന്നെങ്കിലും പൊന്മാനിൽ കൂടുതൽ സമയവും ഷർട്ട് അഴിച്ചിട്ടിട്ടായിരുന്നു.

ബേസിലിനോടൊപ്പമുള്ള സിനിമകളിലെ എന്റെ കഥാപാത്രം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ബേസിൽ എന്റെ ലക്ക് ഫാക്‌ടർ എന്നുപറയാം,’ ആനന്ദ് മന്മഥൻ പറയുന്നു.

Content Highlight: Anand Manmadan Talks About Ponman Movie And Basil Joseph