ഡബ്ല്യൂ.സി.സി അംഗങ്ങള്‍ പി. രാജീവിനെ കണ്ടു; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്നംഗ സമിതി പഠിക്കുന്നു, നിയമ നിര്‍മാണം അതിന് ശേഷമെന്ന് മന്ത്രി
കൊച്ചി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ. സി.സി അംഗങ്ങള്‍ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തി. റിപ്പോര്‍ട്ടിന്‍മേല്‍ സമഗ്ര നിയമ നിര്‍മാണം നടത്തണമെന്ന് കൂടിക്കാഴ്ചയില്‍ ഡബ്ല്യൂ. സി.സി ആവശ്യപ്പെട്ടു.
കൊച്ചി കുസാറ്റ് ഗസ്റ്റ് ഹൗസില്‍വച്ചായിരുന്നു ഡബ്ല്യൂ.സി.സി അംഗങ്ങളുടെ മന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഡബ്ല്യൂ.സി.സി അംഗങ്ങളായ റിമ കല്ലിങ്കല്‍, ആശ അച്ചു ജോസഫ്, രഞ്ജിനി, ദിവ്യ ഗോപിനാഥ്, മിത എം.സി, ജീവ ഗഖ, സംഗീത ജനചന്ദ്രന്‍ എന്നിവരായിരുന്നു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്നംഗ സമിതി പഠിച്ചുവരികയാണെന്ന് പി. രാജീവ് പറഞ്ഞു. ഈ പഠന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ സമഗ്രമായ നിയമ നിര്‍മാണം അലോചിക്കൂ എന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മീഷന്‍ ശുപാര്‍ശയിന്‍മേല്‍ നിര്‍മാണത്തിന് മുമ്പ് തങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് ഡബ്ലൂ.സി.സി അംഗങ്ങള്‍ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ഡബ്ല്യൂ.സി.സി അംഗങ്ങള്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഇടപെടണമെന്ന് ആവശ്യവുമായാണ് അംഗങ്ങള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. കോഴിക്കോട് നടത്തിയ വനിതാ കമ്മീഷന്‍ സിറ്റിങ്ങിനിടെ ഗസ്റ്റ് ഹൗസിലാണ് ഡബ്ല്യു.സി.സി അംഗങ്ങള്‍ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്.
മുന്‍ സാംസ്‌കാരിക മന്ത്രിയോട് സംസാരിച്ചിരുന്നുവെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കേണ്ടതില്ല എന്നാണ് മന്ത്രി അറിയിച്ചതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞിരുന്നു.
ഹേമ കമ്മീഷനല്ല, കമ്മിറ്റിയാണ്. കമ്മീഷനാണെങ്കിലാണ് നിയമസഭയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പഠിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. സിനിമാ മേഖലയില്‍ നിയമനിര്‍മാണം ആവശ്യമാണെന്നും സതീദേവി പറഞ്ഞു.
സിനിമാ മേഖലയില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഡബ്ല്യു.സി.സി ഏറെക്കാലമായി ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ടെന്നും സതീദേവി പറഞ്ഞു. അതിനൊന്നും പരിഹാരമുണ്ടായിട്ടില്ല എന്ന വിഷമമാണ് ഡബ്ല്യു.സി.സി അംഗങ്ങള്‍ പങ്കുവെച്ചത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പ്രൊഡക്ഷന്‍ കമ്പനികളാണ്. എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി വേണം. അതൊന്നും സിനിമാരംഗത്ത് പ്രാവര്‍ത്തികമായിട്ടില്ലെന്ന് സതീദേവി പറഞ്ഞിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരാത്തതില്‍ നിരാശയുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത് നേരത്തെ പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ വിചാരിച്ചാല്‍ റിപ്പോര്‍ട്ട് പുറത്ത് വരുമെന്നാണ് പ്രതീക്ഷ. പിന്തുണ നല്‍കുമെന്ന് വനിതാ കമ്മീഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പോസിറ്റിവായാണ് വനിതാ കമ്മീഷന്‍ പ്രതികരിച്ചതെന്നും പാര്‍വതി പറഞ്ഞിരുന്നു.