തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ബി.ജെ.പിക്ക് മുന്നില്‍ ഉപാധിവച്ച് തുഷാര്‍ വെള്ളാപ്പള്ളി. ലോക്‌സഭാ സീറ്റില്‍ തോറ്റാല്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടതായാണ് സൂചന.
എന്നാല്‍ തുഷാറിന്റെ ആവശ്യത്തോട് ബി.ജെ.പി കേന്ദ്രനേതൃത്വം പ്രതികരിച്ചിട്ടില്ല. തുടര്‍ ചര്‍ച്ചകള്‍ക്കായി തുഷാര്‍ ദല്‍ഹിയില്‍ തുടരുകയാണ്.
ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്നും തൃശൂര്‍ സീറ്റ് ബി.ഡി.ജെ.എസിന് തന്നെ ലഭിക്കണമെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്.
തന്റെ സ്ഥാനാര്‍തിത്വം ഉറപ്പിക്കാറായിട്ടില്ലെന്നും തുഷാര്‍ പറഞ്ഞു. തൃശൂരും പത്തനംതിട്ടയുമായി പാക്കേജില്ല. തൃശൂര്‍ മണ്ഡലം ബി.ജെ.പി ഏറ്റെടുക്കില്ല. തൃശൂര്‍ ഉള്‍പ്പെടെ അഞ്ച് സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കിയതാണ്.
താന്‍ മത്സരിക്കാന്‍ മോദിയും അമിത് ഷായും ആവശ്യപ്പെട്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം തുഷാര്‍ ഇല്ലെങ്കില്‍ ബി.ഡി.ജെ.എസിന് തൃശൂര്‍ സീറ്റ് നല്‍കില്ലെന്ന നിലപാടിലാണ് ബി.ജെ.പി.
തുഷാര്‍ തൃശൂരില്‍ മത്സരിക്കുന്നില്ലെങ്കില്‍ സീറ്റ് കെ സുരേന്ദ്രന് നല്‍കിയും പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍പിള്ളയെ നിര്‍ത്തിയും പ്രശ്നം പരിഹരിക്കാനുള്ള നീക്കവും ബി.ജെ.പി നേതൃത്വം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.