1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ജഗദീഷ്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകുന്ന ജഗദീഷിനെയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണാന്‍ സാധിക്കുന്നത്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ രേഖാചിത്രത്തിലും ജഗദീഷ് ഭാഗമായിരുന്നു. നടന്‍ ജഗദീഷായിത്തന്നെയാണ് രേഖാചിത്രത്തില്‍ താരം വേഷമിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജഗദീഷ്. തനിക്ക് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയ കാര്യമായിരുന്നു ജഗദീഷായി അഭിനയിക്കുക എന്ന് ജഗദീഷ് പറഞ്ഞു.
രേഖാചിത്രത്തില്‍ തന്റെ ഇന്‍ട്രോ സീന്‍ ഇപ്പോള്‍ കാണുന്നതുപോലെ അല്ലായിരുന്നെന്നും മറ്റൊരു രീതിയില്‍ എഴുതിയതിനെ താന്‍ മാറ്റിയതാണെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. സെറ്റിലേക്ക് താന്‍ കാറില്‍ വന്ന് ഇറങ്ങുന്നതായിരുന്നു ആദ്യത്തെ വേര്‍ഷനെന്നും എന്നാല്‍ താന്‍ ഒരിക്കല്‍ പോലും സെറ്റില്‍ അങ്ങനെ പോയിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു.
ഈ സീന്‍ അഭിനയിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് സംവിധായകനോട് പറഞ്ഞൈന്നും മാറ്റാമോ എന്ന് ചോദിച്ചെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. തന്റെ ആവശ്യപ്രകാരമാണ് സെറ്റിനുള്ളില്‍ വെച്ച് തന്റെ ഇന്‍ട്രോ സീന്‍ എടുത്തതെന്നും ജഗദീഷ് പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്.
‘രേഖാചിത്രത്തില്‍ ജഗദീഷായാണ് ഞാന്‍ വേഷമിട്ടത്. എന്നെ സംബന്ധിച്ച് അത് വലിയ ബുദ്ധിമുട്ടുള്ള ഒന്നാണ്. ആ പടത്തില്‍ എന്റെ ഇന്‍ട്രോ സീന്‍ ആദ്യം ഇങ്ങനെയല്ലായിരുന്നു. ആസിഫിന്റെ ക്യാരക്ടര്‍ എന്നെ കാണാന്‍ വേണ്ടി സെറ്റില്‍ കാത്തുനില്‍ക്കുന്നു, ഞാന്‍ കാറില്‍ വന്നിറങ്ങി കാരവനിലേക്ക് പോകുന്നു’ എന്നായിരുന്നു.
ഇന്നേവരെ ഞാന്‍ ഒരു സെറ്റിലേക്കും വണ്ടി എടുത്തിട്ടില്ല. അതുകൊണ്ട് രേഖാചിത്രത്തിലെ ആ ഭാഗം മാറ്റാന്‍ പറ്റുമോ എന്ന് ഞാന്‍ ജോഫിനോട് ചോദിച്ചു. ഞാനൊരിക്കലും ചെയ്യാത്ത കാര്യം സിനിമയില്‍ കാണിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് അന്ന് മാറ്റാന്‍ പറഞ്ഞത്. അങ്ങനെയാണ് സെറ്റിലിരിക്കുന്ന ഞാന്‍ എന്ന രീതിയില്‍ ആ സീന്‍ മാറ്റിയത്,’ ജഗദീഷ് പറഞ്ഞു.
Content Highlight: Jagadeesh about his intro scene in Rekhachithram movie