ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ ചിത്രം ആദ്യ ഷോ അവസാനിച്ചതുമുതല്‍ അതിഗംഭീര പ്രതികരണങ്ങളാണ് ഏറ്റുവാങ്ങിയത്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 50 കോടി കളക്ഷന്‍ നേടിയ ചിത്രം മികച്ച രീതിയില്‍ മുന്നോട്ട് കുതിക്കുകയാണ്.
മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച ചിത്രമായാണ് പലരും ഈ സിനിമയെ കാണുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു. തുടരം സിനിമയില്‍ കോ ഡയറക്ടറായി പ്രവര്‍ത്തിച്ച ബിനു പപ്പു ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുമുണ്ട്.
ആദ്യ ഷോ അവസാനിച്ചപ്പോള്‍ തന്നെ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തെന്ന് മനസിലായിരുന്നെന്ന് ബിനു പപ്പു പറഞ്ഞു. റൈഫിള്‍ ക്ലബ് എന്ന സിനിമയില്‍ രാമുവിന്റെ കഥാപാത്രം വിജയരാഘവനോട് ചോദിക്കുന്ന ‘ഇങ്ങനെയൊരു ദിവസം ചേട്ടായി പ്രതീക്ഷിച്ചിരുന്നില്ലേ’ എന്ന ഡയലോഗ് താന്‍ തരുണിനോട് ചോദിച്ചിരുന്നെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു.
റൈഫിള്‍ ക്ലബ്ബിലെ ആ മീം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നെന്നും മോഹന്‍ലാലിന്റെ ആരാധകരെല്ലാം അതേ അവസ്ഥയിലായിരുന്നെന്നും ബിനു പപ്പു പറഞ്ഞു. തരുണ്‍ മൂര്‍ത്തിയും അത്തരം ആരാധകരില്‍ ഒരാളാണെന്നും പ്രാന്തനായിട്ടുള്ള ഫാന്‍ ബോയ്‌യാണെന്നും ബിനു പപ്പു പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.
‘പടത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ഇത് കൊളുത്തി എന്ന് മനസിലായി. എല്ലാവരും വിളിച്ചും മെസ്സേജയച്ചും സിനിമയെക്കുറിച്ച് തന്നെ സംസാരിച്ചു. എല്ലായിടത്ത് നിന്നും പോസിറ്റീവ് റെസ്‌പോണ്‍സ് തന്നെയായിരുന്നു കിട്ടിയത്. ഫാന്‍സൊക്കെ ഹാപ്പിയായി ആഘോഷിക്കുന്ന വീഡിയോസൊക്കെ ആരൊക്കെയോ അയച്ചുതന്നു.
റൈഫിള്‍ ക്ലബ്ബിലെ ആ ഡയലോഗുണ്ടല്ലോ, ‘സത്യം പറ ചേട്ടായി, ഇതുപോലൊരു ദിവസം ആഗ്രഹിച്ചില്ലേ’ എന്ന് വിജയരാഘവനോട് ചോദിക്കുന്ന ഡയലോഗ്. അത് ഞാന്‍ തരുണിനോട് ചോദിച്ചു. കാരണം, ആ മീം ലാലേട്ടന്റെ ടാഗ് ചെയ്തുകൊണ്ട് പല ഗ്രൂപ്പിലും ഷെയറാകുന്നുണ്ടായിരുന്നു. ലാലേട്ടന്റെ ആരാധകരില്‍ പ്രാന്തനായിട്ടുള്ള ഫാന്‍ബോയ്‌യാണ് തരുണ്‍,’ ബിനു പപ്പു പറഞ്ഞു.
Content Highlight: Binu Pappu shares the experience after Thudarum movie success