national news
മോട്ടോർ വാഹന അപകട ഇരകൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി രൂപീകരിക്കാൻ കാലതാമസം; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 29, 02:55 am
Tuesday, 29th April 2025, 8:25 am

ന്യൂദൽഹി: മോട്ടോർ വാഹന അപകട ഇരകൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി രൂപീകരിക്കുന്നതിൽ കാലതാമസം വരുത്തുന്ന കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ‘നിങ്ങൾ വലിയ ഹൈവേകൾ നിർമ്മിക്കുന്നു, പക്ഷേ സൗകര്യങ്ങളുടെ അഭാവം മൂലം ആളുകൾ അവിടെ മരിക്കുകയാണ്,’ സുപ്രീം കോടതി വിമർശിച്ചു.

പദ്ധതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനുവരി എട്ടിന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കേന്ദ്രം നിർദ്ദേശം പാലിക്കുകയോ സമയം നീട്ടണമെന്ന് ആവശ്യപ്പെടുകയോ ചെയ്തില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

മോട്ടോർ വാഹനങ്ങളിൽ യാത്ര ചെയ്യവേ ഗുരുതരമായ അപകടം ഉണ്ടായാലോ മരണം സംഭവിക്കുകയോ ചെയ്താലോ നഷ്ടപരിഹാരം നൽകണമെന്ന മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 164 എ 2022 ഏപ്രിൽ ഒന്നിന് മൂന്ന് വർഷത്തേക്ക് പ്രാബല്യത്തിൽ വന്നിരുന്നു. എങ്കിലും പദ്ധതി ഉണ്ടാക്കി കേന്ദ്രം അത് നടപ്പിലാക്കിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

‘നിങ്ങൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? സമയം നീട്ടി നൽകണമെന്ന് നിങ്ങൾ ആവശ്യപ്പെട്ടില്ല. എന്താണ് സംഭവിക്കുന്നത്? എപ്പോഴാണ് പദ്ധതി രൂപീകരിക്കുന്നതെന്ന് നിങ്ങൾ ഞങ്ങളോട് പറയൂ? ഇത് ക്ഷേമ വ്യവസ്ഥകളിൽ ഒന്നാണ്. ഈ വ്യവസ്ഥ നിലവിൽ വന്നിട്ട് മൂന്ന് വർഷമായി. നിങ്ങൾ ശരിക്കും സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ടോ?

നിങ്ങൾക്ക് എങ്ങനെ ഇത്ര നിസാരമായി പെരുമാറാൻ കഴിയുന്നു? ഈ വ്യവസ്ഥയെക്കുറിച്ച് നിങ്ങൾക്ക് ഗൗരവമില്ലേ? റോഡപകടങ്ങളിൽ ആളുകൾ മരിക്കുന്നു. നിങ്ങൾ വലിയ ഹൈവേകൾ നിർമിക്കുന്നു, പക്ഷേ സൗകര്യമില്ലാത്തതിനാൽ ആളുകൾ അവിടെ മരിക്കുന്നു. അപകടമുണ്ടായ ഏറ്റവും അടുത്ത സമയത്ത് തന്നെ ചികിത്സ ലഭിക്കണം. ആ ചികിത്സയ്ക്കായി ഒരു പദ്ധതിയുമില്ല. ഇത്രയധികം ഹൈവേകൾ നിർമിച്ചിട്ട് എന്താണ് പ്രയോജനം?,’ റോഡ് ഗതാഗത മന്ത്രാലയ സെക്രട്ടറിയോട് സുപ്രീം കോടതി ചോദിച്ചു.

1988 ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 2 (12-A) പ്രകാരം ആക്രമണമുണ്ടായി ആദ്യ ഒരുമണിക്കൂർ സുവർണ്ണ മണിക്കൂർ ആയി കണക്കാക്കുന്നു. ആ ഒരുമണിക്കൂറിനുള്ളിൽ സമയബന്ധിതമായ വൈദ്യ സഹായം ലഭിച്ചാൽ മരണം ഒഴിവാക്കാൻ സാധിക്കും.

ഒരു കരട് പദ്ധതി തയ്യാറാക്കിയെങ്കിലും ജനറൽ ഇൻഷുറൻസ് കൗൺസിൽ (ജി.ഐ.സി) എതിർപ്പ് ഉന്നയിച്ചതിനാൽ തടസം നേരിട്ടതായി സെക്രട്ടറി പറഞ്ഞു. തുടർന്ന് മെയ് ഒമ്പതിനകം വിജ്ഞാപനം ചെയ്ത പദ്ധതിയുടെ രേഖകൾ കോടതിയിൽ ഹാരാജാക്കൻ ബെഞ്ച് നിർദേശിക്കുകയും കേസ് മെയ് 13 ലേക്ക് മാറ്റിവെക്കുകയും ചെയ്തു.

നിയമപ്രകാരം നിർബന്ധമാക്കിയിട്ടുള്ള സുവർണ്ണ മണിക്കൂറിൽ വാഹനാപകട ഇരകൾക്ക് പണരഹിത വൈദ്യചികിത്സ നൽകുന്നതിനുള്ള പദ്ധതി രൂപീകരിക്കാൻ ജനുവരി എട്ടിന് സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.

 

Content Highlight: You constructing huge highways but people dying due to lack of facilities: SC to Centre