ഐ.പി.എല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‌സിനെതിരെ ഒത്തുകളി ആരോപിച്ച് ബി.ജെ.പി എം.എല്‍.എ ജയ് ദീപ് ബിഹാനി രംഗത്തെത്തിയിരുന്നു. ലഖ്നൗവിനെതിരായ തോല്‍വിക്ക് ശേഷമാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ അഡ് ഹോക് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ബിഹാനി ഗുരുതര ആരോപണമുന്നയിച്ചത്. ന്യൂസ് 18 രാജസ്ഥാനില്‍ സംസാരിക്കവെയാണ് ടീമിനെതിരെ ആരോപണവുമായി എം.എല്‍.എ രംഗത്തുവന്നത്.
राजस्थान रॉयल्स का पिछला मैच फिक्स था?
RCA एड-हॉक कमेटी कन्वीनर ने लगाए गंभीर आरोप
BCCI और जांच एंजेंसियों जांच करें तो सच्चाई बाहर होगी- बिहाणी#RajasthanRoyals #IPL #LSGVsRR #BCCI #RajasthanWithNews18 pic.twitter.com/gMc65VxXMA— News18 Rajasthan (@News18Rajasthan) April 21, 2025
അവസാന ഓവറില്‍ വളരെ കുറച്ച് റണ്‍സ് മാത്രം ആവശ്യമുള്ളപ്പോള്‍ രാജസ്ഥാന്‍ എങ്ങനെയാണ് ഹോം ഗ്രൗണ്ടില്‍ തോറ്റതെന്ന് ചോദിച്ചു കൊണ്ടാണ് ബിഹാനി ആരോപണങ്ങള്‍ ഉന്നയിച്ചത്. 2013 ല്‍ രാജസ്ഥാന്‍ റോയല്‍സ് ഒത്തുകളിയില്‍ ശിക്ഷിക്കപ്പെട്ട കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ സീസണില്‍ ഐ.പി.എല്‍ നടത്തിപ്പില്‍ ആര്‍.സി.എയെ പങ്കാളികളാക്കാന്‍ ഫ്രാഞ്ചൈസി അനുവദിക്കുന്നില്ലെന്നും ബിജെപി എംഎല്‍എ ആരോപിച്ചിരുന്നു.
ഇപ്പോള്‍ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ്. ബിഹാനിയുടെ പ്രസ്താവനകള്‍ ‘തെറ്റും, അടിസ്ഥാനരഹിതവും, യാതൊരു തെളിവുമില്ലാത്തതും’ ആണെന്ന് രാജസ്ഥാന്‍ മാനേജ്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദീപ് റോയ് തള്ളിക്കളഞ്ഞതായി എന്‍.ടി.വി. സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഞങ്ങള്‍ നിരസിക്കുന്നു. ഇത്തരം പരസ്യ പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കുന്നവയാണ്. മാത്രമല്ല, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ മള്‍ട്ടി സ്പോര്‍ട് പ്രൈവറ്റ് ലിമിറ്റഡ് (ആര്‍.എം.പി.എല്‍), രാജസ്ഥാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍, ബിസിസിഐ എന്നിവയുടെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും ഗുരുതരമായ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. അവ ക്രിക്കറ്റിന്റെ സമഗ്രതയെയും കളങ്കപ്പെടുത്തുന്നു,’ രാജസ്ഥാന്‍ മാനേജ്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഐ.പി.എല്ലില്‍ മോശം ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് മുന്നേറികൊണ്ടിരിക്കുന്നത്. അവസാന കളിച്ച നാല് മത്സരങ്ങളിലും രാജസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെയും ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയും ജയിക്കാമായിരുന്ന മത്സരമാണ് രാജസ്ഥാന്‍ കൈവിട്ടത്.
നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ആര്‍ തോല്‍വിയുമായി നാല് പോയിന്റുള്ള ടീം പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്. തുടര്‍ തോല്‍വികള്‍ക്ക് പുറമെ നായകന്‍ സഞ്ജു സാംസണിന്റെ പരിക്കും അലട്ടുന്നതിനിടയിലാണ് ഈ വിവാദം ഉണ്ടായത്.
ഏപ്രില്‍ 24ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായാണ് രാജസ്ഥാന്റെ അടുത്ത മത്സരം. മത്സരത്തില്‍ പരിക്കേറ്റ സഞ്ജു ടീമിനൊപ്പം ഉണ്ടാവില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു.
Content Highlight: IPL 2025: BJP MLA Jaydeep Bihani alleges match-fixing against Sanju’s Rajasthan; Team management denies