Entertainment
ആന്റണി ചേട്ടന്‍ അന്ന് എന്നോട് പറഞ്ഞ ഒരു വാക്കുണ്ട്: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 22, 11:08 am
Tuesday, 22nd April 2025, 4:38 pm

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും.
സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കുന്ന ചിത്രത്തെ കുറിച്ച് വമ്പന്‍ പ്രതീക്ഷകളാണ് സിനിമാ ലോകത്തിന്. പുതിയ സംവിധായകരോടൊപ്പം മോഹന്‍ലാല്‍ സിനിമ ചെയ്യുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നതിനിടയിലാണ് തരുണ്‍ മൂര്‍ത്തിയുമൊത്തുള്ള സിനിമ സംഭവിക്കുന്നത്.

ഏറെ വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഏപ്രില്‍ 25 ന് സിനിമ തീയേറ്ററുകളില്‍ എത്തും. ഇപ്പോള്‍ തുടരും സിനിമയ്ക്ക് മുന്നോടിയായി ആന്റണി പെരുമ്പാവൂര്‍ തന്നോട് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.

മറ്റ് സംവിധായകര്‍ മോഹന്‍ലാലിനെ സമീപിക്കുമ്പോള്‍ അവര്‍ അദ്ദേഹത്തിന് വേണ്ടി ഒരു ലോകം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിട്ടുണ്ടെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു. തങ്ങള്‍ തരുണിനെ തെരഞ്ഞെടുത്തത് താങ്കളുടെ ഒരു മേക്കിങ് സ്‌റ്റൈലും ഒരു വര്‍ക്കിങ് പ്രോസസും അറിയുന്നതുകൊണ്ടാണെന്ന് അവര്‍ പറഞ്ഞിട്ടുണ്ടെന്നും തന്റെ ആ ലോകത്തേക്ക് മോഹന്‍ലാല്‍ എന്ന നടനെ കൊണ്ട് വന്നാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെയടുത്ത് ആന്റണി ചേട്ടന്‍ പറഞ്ഞ ഒരു വാക്ക് ഉണ്ട്. മോഹന്‍ലാല്‍ എന്ന നടനെ കണ്ട് സംവിധാനം ചെയ്യാന്‍ വേണ്ടി സംവിധായകര്‍ എത്തുമ്പോള്‍, ലാലേട്ടന് വേണ്ടിയിട്ട് ഒരു ലോകം അവരുണ്ടാക്കും. അവിടെയാണ് ഇതിന്റെ അപകടം ഇരിക്കുന്നത്. സ്റ്റാറിന് വേണ്ടിയിട്ടുള്ള വേള്‍ഡ് എന്ന പോലെ. കാണുമ്പോള്‍ ഒരു ഭ്രമം തോന്നി ഇവര്‍ അങ്ങോട്ട് മാറാന്‍ ശ്രമിക്കും. മാറി ഇവര്‍ ഒരു ലോകം ഉണ്ടാക്കി, എന്നിട്ട് പിന്നെ അതാകും സിനിമ. അപ്പോള്‍ അത് വേണ്ട.

‘ഞങ്ങള്‍ തരുണിനെ തെരഞ്ഞെടുത്തിരിക്കുന്നത് തരുണാണ് ഈ സിനിമ ചെയ്യേണ്ടതെന്ന് പറയാന്‍ കാരണം തന്റെ ഒരു വര്‍ക്കിങ് പ്രോസസും കാര്യങ്ങളും ഞങ്ങള്‍ കേട്ടിട്ടുണ്ട്. തന്റെ ഒരു വേള്‍ഡ് സെറ്റിങ്ങറിയാം. തരുണിന്റെ സിനിമയുടെ ഒരു മേക്കിങ് സ്‌റ്റൈല്‍ അറിയാം. അതുകൊണ്ട് തന്റെ ആ വേള്‍ഡിവലേക്ക് മോഹന്‍ലാല്‍ എന്ന നടനെ കൊണ്ടു വന്ന് നിര്‍ത്തിയാല്‍ മതി’ എന്നാണ് പറഞ്ഞത്,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Tharun moorthy talks about what Antony Perumbavoor said to him