പത്താന്‍ റിലീസിനെതിരെ തിയേറ്റര്‍ ഉടമകള്‍ക്ക് ഭീഷണി വീഡിയോ; ഹിന്ദുത്വ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
India
പത്താന്‍ റിലീസിനെതിരെ തിയേറ്റര്‍ ഉടമകള്‍ക്ക് ഭീഷണി വീഡിയോ; ഹിന്ദുത്വ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th January 2023, 9:30 pm

അഹമ്മദാബാദ്: പത്താന്‍ സിനിമ റിലീസ് ചെയ്യരുതെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തിയ ഹിന്ദുത്വ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അഹമ്മദാബാദില്‍ നിന്നുമുള്ള 33വയസുകാരന്‍ സണ്ണി ഗിരീഷ്‌കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ദിവ്യ ഭാസ്‌കര്‍ എന്ന ന്യൂസ് പ്ലാറ്റ്‌ഫോമില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് ഗിരീഷ് തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തിയത്. ഹിന്ദുക്കളുടെയും മുസ്‌ലിങ്ങളുടെയും മതവികാരം വൃണപ്പെടുത്തി എന്നാരോപിച്ചായിരുന്നു ഗിരീഷിന്റെ ഭീഷണി.

ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘ്‌വി പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരില്‍ നിന്നും സുരക്ഷ ഉറപ്പ് നല്‍കി ഒരു ദിവസത്തിന് ശേഷമാണ് സണ്ണിയുടെ ഭീഷണി വീഡിയോ പുറത്ത് വന്നത്. ഹിന്ദു രക്ത് പരിഷദ് എന്ന പേരില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ ഒരു സംഘടനയും നടത്തുന്നുണ്ട്.

ബോളിവുഡ് സിനിമകള്‍ക്കെതിരായ ബഹിഷ്‌കരണ ക്യാമ്പെയ്‌നെതിരെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. നേതാക്കള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ മാധ്യമങ്ങളില്‍ ദിവസം മുഴുവന്‍ ആവര്‍ത്തിച്ചുവരുന്നുവെന്നും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും മോദി പറഞ്ഞു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പത്താനെതിരെ വിവിധ സംഘപരിവാര്‍ കോണുകളില്‍ നിന്നും ഭീഷണിയും ബഹിഷ്‌കരണ ക്യാമ്പെയ്നുകളും നടക്കുന്നതിനിടയിലായിരുന്നു മോദിയുടെ പരാമര്‍ശം.

ജനുവരി 25നാണ് ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ റിലീസ് ചെയ്യുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയാവുന്നത്. അഡ്വാന്‍സ് ബുക്കിങ്ങില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ടര ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം തന്നെ വിറ്റഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീധര്‍ രാഘവനും അബ്ബാസ് തൈരേവാലയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദിന്റേതാണ് കഥ. സത്ജിത് പൗലോസ് ക്യാമറയും ആരിഫ് ഷെയ്ഖ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് വിശാല്‍-ശേഖര്‍ ടീമാണ്.

Content Highlight: Threat video to theater owners against Pathan release; Hindutva activist arrested