ന്യൂദല്‍ഹി: വഖഫ് ഭേദഗതി നിയമം പൂര്‍ണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. നിയമത്തില്‍ ചില പോസിറ്റിവ് വശങ്ങളുണ്ടെന്നും കോടതി പറഞ്ഞു. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
നിയമനിർമാണം കൊണ്ട് ആർക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി പറഞ്ഞു. നിയമരപരമായി രജിസ്റ്റർ ചെയ്ത ഭൂമികളുടെ തരം മാറ്റാനാകില്ലെന്നും കോടതി വ്യക്തമാക്കി.
നിലവില്‍ വഖഫായി രേഖപ്പെടുത്തിയ സ്വത്തുക്കളുടെ തല്‍സ്ഥിതി തുടരണമെന്നും കോടതി ഉത്തരവിട്ടു. വഖഫ് ബോര്‍ഡില്‍ നിയമനം നടത്തരുതെന്നും കോടതി നിർദേശം നൽകി.
ഹരജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ഒരാഴ്ചത്തെ സമയവും കോടതി അനുവദിച്ചു. ഇതുസംബന്ധിച്ച് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു.
അതേസമയം ദരിദ്രരായ പൗരന്മാരുടെ ഭൂമി കൈയേറ്റങ്ങള്‍ ഒഴിവാക്കുന്നതിനായാണ് നിയമം പാസാക്കിയതെന്നാണ് കേന്ദ്രത്തിന്റെ വാദം. തത്ക്കാലം വഖഫ് ബോർഡിൽ അമുസ്‌ലിങ്ങളെ നിയമിക്കില്ലെന്നും സ്വത്തുക്കൾ ഡീ-നോട്ടിഫൈ ചെയ്യില്ലെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ വഖഫ് നിയമത്തിനെതിരെ 75 ഹരജികള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ അഞ്ചെണ്ണം മാത്രമാണ് കോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികളില്‍ വാദം കേൾക്കുന്നത്. ഹരജികളിൽ അടുത്ത വാദം മെയ് അഞ്ചിന് കേൾക്കും.
കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കോടതി വിധികളുടെ അടിസ്ഥാനത്തില്‍ നിയമം നിര്‍മിക്കാന്‍ മാത്രമെ പാര്‍ലമെന്റിന് സാധിക്കൂവെന്നും കോടതി പറഞ്ഞിരുന്നു.
വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ തീരുമാനം എടുക്കുന്നത് ന്യായമാണോയെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. മതപരമായ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള അവകാശത്തെ മതാചാരമായി കണക്കാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തിരുപ്പതി ദേവസ്വം ബോര്‍ഡില്‍ ഏതെങ്കിലും അഹിന്ദുക്കള്‍ ഉണ്ടോയെന്നും വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദ്യം ഉയര്‍ത്തിയിരുന്നു.
Content Highlight: Waqf Amendment Act will not be stayed, appointments to Waqf Board should not be made until final verdict: Supreme Court