ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിന്റെ യു.കെ സന്ദര്‍ശനത്തിനെതിരെ ലണ്ടനില്‍ പ്രതിഷേധം. ട്രംപ് ഇവിടം വിടുകയെന്ന പ്ലക്കാര്‍ഡുയര്‍ത്തി വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുത്തത്.
പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ അടക്കമുള്ളവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. സെന്‍ട്രല്‍ ലണ്ടനിലെ പ്രധാന തെരുവിലൂടെയായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്.
2,50000 പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തെന്നാണ് സംഘാടകര്‍ പറയുന്നത്. രാജ്യത്തിന്റെ മറ്റുനഗരങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടക്കുമെന്നും അവര്‍ വ്യക്തമാക്കി.
“ബ്രിട്ടനില്‍ ട്രംപിന് പ്രവേശനമില്ല.” പ്രതിഷേധത്തില്‍ പങ്കെടുത്ത ഷോപ്പുടമയായ 58 കാരന്‍ ഗിരീഷ് ഗ്രിഗോറന്‍ പറയുന്നു. “ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഭീതിപ്പെടുത്തണമായിരുന്നു. അത് ഇന്ന് ഞങ്ങള്‍ ചെയ്തു. അദ്ദേഹം എത്രത്തോളം സെന്‍സിറ്റീവാണെന്ന് ഞങ്ങള്‍ക്കറിയാം. അദ്ദേഹം ഉപയോഗിക്കുന്ന പ്രകോപനപരമായ വാക്കുകള്‍ കേള്‍ക്കുന്നത് തന്നെ ഭീതിതമായ കാര്യമാണ്. അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ തെരേസ മെ ഒരുങ്ങിയതില്‍ ഏറെ വിഷമമുണ്ട്.” എന്നും അദ്ദേഹം പറഞ്ഞു.
Also Read:ലൂസേഴ്‌സ് ഫൈനല്‍ നടത്തുന്നത് ലോക മണ്ടത്തരമാണ്: തുറന്നടിച്ച് അലന്‍ ഷിയറര്‍
സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, കുടിയേറ്റ അനുകൂലികള്‍, എല്‍.ജി.ബി.ടി വിഭാഗങ്ങള്‍ എന്നിവരും പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ട്. “കുടിയേറ്റം കുറ്റകൃത്യമല്ല” എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു കുടിയേറ്റത്തെ അനുകൂലിക്കുന്നവര്‍ ട്രംപിനെതിരെ അണിനിരന്നത്.
“ഇത്തരം മതഭ്രാന്തന്മാരുമായി യു.കെയ്ക്ക് ഒരു ബന്ധവും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന സന്ദേശം ഞങ്ങളുടെ സര്‍ക്കാറിനും പ്രധാനമന്ത്രിക്കും നല്‍കുകയാണ്.” യു.കെയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്റെ തലവനായ ലെന്‍ മെക്ലൂസ്‌കി പറഞ്ഞു.
Also Read:സൗദികളുടെ ശരാശരി പ്രതിമാസ ശമ്പളം 10,089 റിയാലായി വര്‍ധിച്ചു; വിദേശികളുടേത് 3,768 റിയാല്‍
ലണ്ടനില്‍ പോകാതിരിക്കാന്‍ പറ്റുന്നിടത്തോളം ശ്രമിക്കുമെന്നാണ് ട്രംപ് ദ സണ്‍ പത്രത്തോടു പറഞ്ഞത്. ” എന്നെ തിരസ്‌കരിച്ചുകൊണ്ടുള്ള അവരുടെ പ്രതിഷേധം കാണുമ്പോള്‍ ലണ്ടനിലേക്ക് പോകേണ്ട ഒരു കാര്യവുമില്ലെന്ന് എനിക്കു തോന്നുന്നു.” എന്നാണ് ട്രംപ് പറഞ്ഞത്.
പ്രതിഷേധങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.