എമ്പുരാനെതിരെ വരുന്ന വിവാദങ്ങളോട് പ്രതികരിക്കുകയാണ് നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ.
കേന്ദ്ര ഗവൺമെൻ്റിൻ്റെ കീഴിൽ വരുന്ന സെൻസർ ബോർഡിൻ്റെ അനുമതി നേടി കേരളത്തിൽ പ്രദർശനത്തിനെത്തിയ സിനിമ ആദ്യം കണ്ടവർ അനുകൂലിച്ചെന്നും എന്നാൽ പിന്നീട് എതിർത്തെന്നും അതിൽ രാഷ്ടീയം ഉണ്ടാകുമായിരിക്കും എന്നും പ്രേംകുമാർ പറയുന്നു.
കലാപ്രവർത്തകർക്ക് അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്യം വേണമെന്നാണ് തൻ്റെ ആഗ്രഹമെന്നും വ്യക്തിപരമായി സെൻസറിങ് സംവിധാനങ്ങളോട് തനിക്ക് അനുഭാവം ഇല്ലെന്നും പ്രേംകുമാർ പറയുന്നു.
കലാകാരൻ്റെ ആവിഷ്കരണത്തിൻ്റെ മുകളിൽ കത്രിക വെക്കുന്നതിനോട് താത്പര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മുരളി ഗോപിയുടെ തന്നെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പരിഹസിച്ചു കൊണ്ടുള്ളതായിരുന്നെന്നും എന്നാൽ ആ സിനിമ സഹിഷ്ണുതയോടെ കണ്ട ഒരു സമൂഹമാണെന്നും പ്രേംകുമാർ പറയുന്നു.
കല എന്നു പറയുന്നത് സമൂഹത്തിനെയും മനുഷ്യരെയും ഒരുമിപ്പിക്കുന്നതാകണമെന്നും അതൊരിക്കലും ഒരു ഭിന്നിപ്പിൻ്റെ തലത്തിലേക്ക് പോകരുതെന്നും കലാസൃഷ്ടി ചെയ്യുമ്പോൾ ഔചിത്വം വേണമെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേന്ദ്ര ഗവൺമെൻ്റിൻ്റെ കീഴിൽ വരുന്ന സെൻസർ ബോർഡിൻ്റെ അനുമതി നേടി കേരളത്തിൽ പ്രദർശനത്തിനെത്തിയ ആ സിനിമയെ ഇന്നിപ്പോൾ എതിർക്കുന്നവർ പോലും ആദ്യകാലത്തൊക്കെ ആ സിനിമ കണ്ടിട്ട് അനികൂലിച്ച് സംസാരിച്ചതൊക്കെ നമ്മുടെ മുന്നിലുണ്ട്. അപ്പോൾ എന്താണ് പെട്ടെന്ന് ഒരു പ്രകോപനം അവർക്ക് ഉണ്ടായതെന്ന് അറിയില്ല. അതിനകത്ത് ചിലപ്പോൾ രാഷ്ട്രീയം ഉണ്ടാകും. അതിലേക്കൊന്നും ഞാൻ പോകുന്നില്ല.
കലാപ്രവർത്തകർക്ക് അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്യം വേണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അതൊരു അവകാശം തന്നെയാണ് കലാകാരന്. ഇവിടെ ഈ സിനിമയെ സംബന്ധിച്ചിടത്തോളം എനിക്ക് വ്യക്തിപരമായി സെൻസറിങ് സംവിധാനങ്ങളോട് അനുഭാവം ഉള്ളയാളല്ല ഞാൻ.
കലാകാരൻ്റെ ആവിഷ്കരണത്തിൻ്റെ മുകളിൽ ഭരണകൂട താത്പര്യമാകാം, കത്രിക വെക്കുന്നതിനോടും അത്തരം സ്വാതന്ത്യത്തിന് മേൽ കടന്നുകയറ്റം നടത്തുന്നതിനോടും വ്യക്തിപരമായിട്ട് യോജിക്കുന്ന ആളല്ല ഞാൻ.
ഈ പറയുന്ന സിനിമയുടെ തന്നെ സൃഷ്ടാവായിട്ടുള്ള മുരളി ഗോപി അദ്ദേഹം മുമ്പ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ ചെയ്തിരുന്നു. അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പരിഹസിച്ചു കൊണ്ടുള്ള സിനിമയായിരുന്നു. ആ സിനിമയെപ്പോലും സഹിഷ്ണുതയോടെ കണ്ട ഒരു സമൂഹമാണ് നമുക്കുള്ളത്. അന്നാരും അത് റീസെൻസറിങ് ചെയ്യണമെന്നോ ചില ഭാഗങ്ങൾ ഒഴിവാക്കണമെന്നോ ആരും ആവശ്യപ്പെട്ടില്ല. അത് ആവിഷ്കാര സ്വാതന്ത്യമാണെന്ന് തന്നെയാണ് ഇവിടെയെല്ലാവരും ചിന്തിച്ചത്.
മറ്റൊന്ന് എനിക്ക് പറയാനുള്ളത്, കല എന്നു പറയുന്നത് സമൂഹത്തിനെ മനുഷ്യരെ ഒരുമിപ്പിക്കുന്നതാകണം. അതൊരിക്കലും ഒരു ഭിന്നിപ്പിൻ്റെ തലത്തിലേക്ക് പോകരുത്. ഔചിത്വം എന്ന് പറയുന്നത് കലാപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. കലാസൃഷ്ടി ചെയ്യുമ്പോൾ ഔചിത്വം ഉണ്ടാകേണ്ടതുണ്ട്,’ പ്രേംകുമാർ പറയുന്നു.
Content Highlight: Those who initially supported the film are now opposing it: Premkumar