സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. 2001ല്‍ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഗൗതം വാസുദേവ് മേനോന്‍ ഒരു സ്വതന്ത്രസംവിധായകനായി എത്തുന്നത്. പിന്നീട് കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിര സംവിധായകരില്‍ സ്ഥാനം നേടിയെടുത്തു.
സംവിധാനത്തിന് പുറമെ അഭിനയത്തിലും ജി.വി.എം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഡീനോ ഡെന്നിസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ബസൂക്കയില്‍ ഗൗതം വാസുദേവ് മേനോനും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ‘ബെഞ്ചമിന്‍ ജോഷ്വാ’ എന്ന പൊലീസ് കഥാപാത്രമായാണ് ഗൗതം വാസുദേവ് മേനോന്‍ എത്തുന്നത്.
ടെക്‌നോളജിയുടെയും സോഷ്യല്‍ മീഡിയയുടെയും കാലത്ത് ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇപ്പോള്‍ വരുന്ന റിവ്യൂസും മറ്റും തന്റെ സിനിമകളെ എന്തെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍.
സിനിമയുടെ റിവ്യൂകള്‍ തന്നെ അന്നും ഇന്നും ഒരു തരത്തിലും ബാധിക്കാറില്ലെന്നും പണ്ടു കാലത്തും മാഗസിനിലും പത്രങ്ങളിലും സിനിമയുടെ റിവ്യൂസ് വരാറുണ്ടായിരുന്നുവെന്നും ജി.വി. എം പറയുന്നു. താന്‍ ഒരു പഴയ ഫാഷന്‍ഡ് ആയിട്ടുള്ള വ്യക്തിയാണെന്നും തന്റെ എന്നല്ല, മറ്റു സിനിമകളുടെ റിവ്യൂസും കാണാറില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ധാരണകളില്ലാതെ സിനിമ തീയേറ്ററില്‍ പോയി കാണാനാണ് തനിക്കിഷ്ടമെന്നും ഗൗതം വാസുദേവ് കൂട്ടിചേര്‍ത്തു. ബസൂക്കയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ റെഡ് എഫ്. എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അന്നും ഓണ്‍ ദി സ്‌പ്പോട്ടില്‍ റിവ്യൂകള്‍ വന്നിരുന്നു. ഞാന്‍ സിനിമ ചെയ്തു തുടങ്ങുന്നത് 2001 ല്‍ മിന്നലെയാണ്. അപ്പോഴും ഇന്ത്യന്‍ എക്‌സ്പ്രസിലും, ടൈംസ് ഓഫ് ഇന്ത്യയിലും ഒക്കെ റിവ്യൂസ് വരാറുണ്ട്. തമിഴ് മാഗസിനിലും മറ്റുമൊക്കെ റിവ്യൂസ് വരാറുണ്ട്. റിവ്യൂസില്‍ സിനിമക്ക് മാര്‍ക്കിടുന്ന രീതിയൊക്കെയുണ്ടായിരുന്നു. പക്ഷേ ആ ദിവസം മുതല്‍ ഇന്നുവരെ ഒരു റിവ്യൂസും എന്നെ അഫക്റ്റ് ചെയ്തിട്ടില്ല. കാരണം അത് ഞാന്‍ വായിക്കാറില്ല.
ട്വിറ്ററോ, ഇന്‍സ്റ്റാഗ്രാമോ എന്റെ ഫോണില്‍ ഇല്ല. ഞാന്‍ അങ്ങോട്ട് പോയി നോക്കാത്തതിനാല്‍ അത്തരം കാര്യങ്ങളൊന്നും എന്റെ ഫോണില്‍ സ്വാഭാവികമായി വരാറില്ല. റിവ്യൂസ് പോലുള്ള കാര്യങ്ങള്‍ എന്നെ ബാധിക്കാറില്ല. ഞാന്‍ പഴയ ഫാഷനാണ് റിവ്യൂ നോക്കാറേ ഇല്ല. എന്റേതെന്നല്ല മറ്റ് സിനിമകളുടെ റിവ്യൂസും ഞാന്‍ നോക്കാറില്ല. എന്നോട് ആരെങ്കിലും കണ്ട സിനിമയെ കുറിച്ച് പറയാന്‍ വരുകയാണെങ്കില്‍, ഒന്നും പറയണ്ട ഞാന്‍ കണ്ടിട്ട് പറയാമെന്ന് പറയും. കാരണം അത് എങ്ങനെയാണെങ്കിലും എനിക്ക് സിനിമ തീയേറ്ററില്‍ പോയി എക്‌സ്പരീയന്‍സ് ചെയ്യണം,’ ഗൗതം വാസുദേവ് പറയുന്നു.
Content Highlight: Gautham Vasudev Menon talks about movie reviews