തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കുന്ന വായ്പാ പരിധി കുറച്ചതില്‍ വിമര്‍ശനവുമായി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. വായ്പാ ബാധ്യതകള്‍ സംബന്ധിച്ച് ഉണ്ടായിരുന്ന നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അടിമുടി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം കണ്ടെത്തിയ നൂതന വിഭവസമാഹരണ രീതി അട്ടിമറിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുവഴി സംസ്ഥാനത്തെ വലിയൊരു ധന പ്രതിസന്ധിയില്‍ കുടുക്കുകയുമാണ് ലക്ഷ്യമെന്നും അത് കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനകളിലൂടെ മനസിലാകുമെന്നും തോമസ് ഐസക് പറഞ്ഞു.
‘കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ഒരു വായ്പാക്കെണി ഒരുക്കിയിരിക്കുകയാണ്. എന്തൊക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ ബാധ്യതകള്‍? ഇതു സംബന്ധിച്ച് ഇതുവരെ ഉണ്ടായിരുന്ന നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി അടിമുടി മാറ്റിയിരിക്കുകയാണ്.
മാത്രമല്ല, തങ്ങളുടെ പുതിയ നിലപാട് മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ലക്ഷ്യം വളരെ വ്യക്തമാണ്. പശ്ചാത്തല സൗകര്യ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി കേരളം കണ്ടെത്തിയ നൂതന വിഭവസമാഹരണ രീതി അട്ടിമറിക്കുകയാണ്.
അതുവഴി സംസ്ഥാനത്തെ വലിയൊരു ധന പ്രതിസന്ധിയില്‍ കുടുക്കുകയുമാണ് ലക്ഷ്യം. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനകളൊന്ന് മാത്രം മതി ഇതിന് തെളിവായി,’ അദ്ദേഹം പറഞ്ഞു.
ഇതുവരെ എടുത്ത വായ്പകള്‍ മുഴുവന്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ വായ്പാ പരിധിയില്‍ നിന്ന് വെട്ടിക്കുറയ്ക്കുമെന്നും തോമസ് ഐസക് പറഞ്ഞു. തങ്ങള്‍ക്ക് ആകാം സംസ്ഥാനങ്ങള്‍ക്ക് പാടില്ലയെന്ന ഇരട്ടത്താപ്പാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനവിരുദ്ധ നിലപാടിനെ മന്ത്രി വി. മുരളീധരന്‍ ന്യായീകരിക്കുന്നതു മനസിലാക്കാമെന്നും പക്ഷേ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂടെച്ചേരുന്നത് എന്തുകൊണ്ടാണെന്നും തോമസ് ഐസക് പറഞ്ഞു.
പ്രസ്താവനയുടെ പൂര്‍ണരൂപം
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ഒരു വായ്പാക്കെണി ഒരുക്കിയിരിക്കുകയാണ്. എന്തൊക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ ബാധ്യതകള്‍? ഇതു സംബന്ധിച്ച് ഇതുവരെ ഉണ്ടായിരുന്ന നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി അടിമുടി മാറ്റിയിരിക്കുകയാണ്.
മാത്രമല്ല, തങ്ങളുടെ പുതിയ നിലപാട് മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ലക്ഷ്യം വളരെ വ്യക്തമാണ്. പശ്ചാത്തല സൗകര്യ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി കേരളം കണ്ടെത്തിയ നൂതന വിഭവസമാഹരണ രീതി അട്ടിമറിക്കുകയാണ്.
അതുവഴി സംസ്ഥാനത്തെ വലിയൊരു ധന പ്രതിസന്ധിയില്‍ കുടുക്കുകയുമാണ് ലക്ഷ്യം. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനകളൊന്ന് മാത്രം മതി ഇതിന് തെളിവായി. സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും എടുക്കുന്ന വായ്പകള്‍ അഞ്ച് തരത്തിലുള്ളവയാണ്.
(1) പൊതുകടം വായ്പ: സംസ്ഥാന സര്‍ക്കാര്‍ ബോണ്ടുകള്‍ ഇറക്കി കമ്പോളത്തില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ കേന്ദ്ര സര്‍ക്കാര്‍ വഴി വിദേശത്ത് നിന്നോ, കേന്ദ്ര സര്‍ക്കാരില്‍ നിന്നോ എടുക്കുന്ന വായ്പകളെയാണ് പൊതുകടം വായ്പ അഥവാ പബ്ലിക് ബോറോയിങ് എന്ന് വിളിക്കുന്നത്. ഈ വായ്പകള്‍ സര്‍ക്കാരിന്റെ സഞ്ചിത നിധിയിലേക്കാണ് വരുന്നത്. അതില്‍ നിന്നാണ് ചെലവഴിക്കുന്നത്.
(2) പബ്ലിക് അക്കൗണ്ട് വായ്പ: സര്‍ക്കാരിന് രണ്ട് തരത്തിലുള്ള അക്കൗണ്ടുകളാണ് ഉള്ളത്. സഞ്ചിതനിധി അക്കൗണ്ടും പബ്ലിക് അക്കൗണ്ടും. സര്‍ക്കാരിന് ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റുകളും ട്രഷറി സേവിംഗ്സ് ബാങ്കിലെ ഡെപ്പോസിറ്റുകളും ജനങ്ങള്‍ സര്‍ക്കാരിനെ സൂക്ഷിക്കാന്‍ ഇത്തരത്തില്‍ ഏല്‍പ്പിക്കുന്ന മറ്റു തുകകളും പബ്ലിക് അക്കൗണ്ടിലാണ് വരിക.
ഈ അക്കൗണ്ടില്‍ അതത് വര്‍ഷം ഉണ്ടാകുന്ന അസല്‍ വര്‍ധന മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ മൂലധന വരുമാനമായി കണക്കാക്കപ്പെടുക. ബജറ്റില്‍ ഇത് പ്രത്യേകം രേഖപ്പെടുത്തും.
(3) ഓഫ് ബജറ്റ് ബോറോയിങ്: സര്‍ക്കാര്‍ ബജറ്റ് അക്കൗണ്ടില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ചില സ്‌കീമുകള്‍ക്ക് സര്‍ക്കാരിന്റെ കീഴില്‍ തല്‍ക്കാലത്തേക്ക് പണം ഉണ്ടാകണമെന്നില്ല. അപ്പോള്‍ ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളും ഏജന്‍സികളും വഴി ആ തുകകള്‍ ചെലവഴിക്കുകയും പിന്നീട് സര്‍ക്കാര്‍ ഈ തുക ബജറ്റില്‍ നിന്ന് ഏജന്‍സികള്‍ക്ക് നല്‍കുകയും ചെയ്യും.
ഉദാഹരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ധാന്യം സംഭരിക്കുമ്പോള്‍ പലപ്പോഴും എഫ്.സി.ഐ വഴി വായ്പയെടുത്താണ് പണം നല്‍കുക. ഇത് ഓഫ് ബജറ്റ് ബോറോയിങ്ങാണ്. ദേശീയപാത അതോറിറ്റി പോലുള്ളവയ്ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള പണവും ഇത്തരത്തില്‍ അവര്‍ തന്നെ വായ്പയെടുക്കാറുണ്ട്.
കേരളത്തിലെ പെന്‍ഷന്‍ കമ്പനിയുടെ വായ്പ ഓഫ് ബജറ്റ് ബോറോയിങ്ങിന് ഉദാഹരണമാണ്.
പെന്‍ഷന്‍ കൊടുക്കാനുള്ള തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ താല്ക്കാലികമായി പണം ഇല്ലാത്ത അവസ്ഥ വരും. അപ്പോള്‍ പെന്‍ഷന്‍ കമ്പനി വായ്പയെടുത്ത് പെന്‍ഷന്‍ വിതരണം ചെയ്യും. അത് പിന്നീട് സര്‍ക്കാര്‍ പെന്‍ഷന്‍ കമ്പനിക്ക് നല്‍കും.
(4) എക്സ്ട്രാ ബജറ്ററി വായ്പ: ബജറ്റ് അക്കൗണ്ടില്‍ ഉള്‍പ്പെടുത്താത്തതും എന്നാല്‍ സര്‍ക്കാരിന്റെ ഗ്യാരണ്ടിയുടെയും ധനസഹായത്തിന്റെയും അടിസ്ഥാനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകളെ എക്സ്ട്രാ ബജറ്ററി വായ്പ എന്ന് വിളിക്കുന്നു.
കിഫ്ബി വായ്പകള്‍ ഇതിന് ഉദാഹരണമാണ്. കിഫ്ബി പ്രൊജക്ടുകളൊന്നും ബജറ്റിന്റെ ഭാഗമല്ല. കിഫ്ബിയുടെ വരുമാനമോ ചെലവോ സര്‍ക്കാര്‍ ബജറ്റ് രേഖകളില്‍ വരുന്നില്ല. ചില പ്രൊജക്ടുകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കിഫ്ബിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
കിഫ്ബി വായ്പെയെടുത്ത് പ്രൊജക്ടുകള്‍ നടപ്പാക്കും. സര്‍ക്കാര്‍ ആന്വിറ്റി മോഡലില്‍ കിഫ്ബിക്ക് എല്ലാ വര്‍ഷവും മോട്ടോര്‍ വാഹന നികുതിയുടെ പകുതി ഗ്രാന്റായി നല്‍കും.
(5) സര്‍ക്കാര്‍ ഗ്യാരണ്ടിയോ ധനസഹായമോ ഇല്ലാതെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിട്ട് എടുക്കുന്ന വായ്പകള്‍: ഈ വായ്പകളുടെ ബാധ്യതകള്‍ ഒരു കാരണവശാലും സര്‍ക്കാരിനുമേല്‍ വരുന്നില്ല. എക്സ്ട്രാ ബജറ്ററി വായ്പകള്‍ പൊതുമേഖലാ സ്ഥാപനം തിരിച്ചടക്കുന്നത് സര്‍ക്കാരിന്റെ സഹായത്തോടെയാണ്.
തിരിച്ച് അടച്ചില്ലെങ്കില്‍ അതിനുള്ള ബാധ്യത സര്‍ക്കാരിന്റെ ചുമലില്‍ വരും. ഇത്തരത്തിലുള്ള ബാധ്യതകള്‍ സൃഷ്ടിക്കാത്ത പൊതുമേഖലാ വായ്പകളാണ് ഈ ഇനത്തില്‍പ്പെടുത്തുക. ഇതുവരെയുള്ള അംഗീകൃത കണക്കെഴുത്ത് രീതി പ്രകാരം സര്‍ക്കാരിന്റെ കടബാധ്യതകള്‍ ഒന്നും രണ്ടും ഇനങ്ങളില്‍പ്പെട്ട വായ്പകളാണ്.
ഈ രണ്ട് ഇനങ്ങളെയും ബജറ്റ് കണക്കുകളില്‍ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവ രണ്ടും ചേരുന്നതാണ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ മൂലധന വരുമാനം. ഇപ്പോള്‍ കേന്ദ്രം പറയുന്നത് മൂന്നും നാലും ഇനങ്ങളിലായി പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകളും കടപരിധി നിശ്ചയിക്കുന്നതില്‍ ഉള്‍പ്പെടുത്തുമെന്നാണ്.
ഇതാണ് ഇപ്പോഴുള്ള വിവാദത്തിന്റെ കാതല്‍. കേന്ദ്ര സര്‍ക്കാരാണ് ഇപ്രകാരം ഓഫ് ബജറ്റ് വായ്പകളും എക്സ്ട്രാ ബജറ്റ് വായ്പകളും കൂടുതലായി എടുക്കുന്നത്. അവയൊന്നും കേന്ദ്ര സര്‍ക്കാരിന്റെ കടബാധ്യതകളില്‍ ഉള്‍പ്പെടുത്തുന്നില്ല.
എന്നാല്‍ ഇപ്പോള്‍ സംസ്ഥാന ധനകാര്യ സ്വാതന്ത്ര്യത്തിന് പൂട്ടിടാന്‍ ഇവ രണ്ടും സംസ്ഥാന സര്‍ക്കാരുകളുടെ കടബാധ്യതയായി കണക്കാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ എടുക്കുന്ന വായ്പകള്‍ തുടര്‍ന്നുള്ള വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍നിന്നു കിഴിവ് ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ശ്രദ്ധിക്കേണ്ട കാര്യം ഭാവി വായ്പയല്ല. ഇതുവരെ എടുത്ത വായ്പകള്‍ മുഴുവന്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് വായ്പാ പരിധിയില്‍ നിന്ന് വെട്ടിക്കുറയ്ക്കാന്‍ പോകുന്നത്. തങ്ങള്‍ക്ക് ആകാം. സംസ്ഥാനങ്ങള്‍ക്ക് പാടില്ലായെന്നാണ് ആ ഇരട്ടത്താപ്പ്. ഈ സംസ്ഥാനവിരുദ്ധ നിലപാടിനെ മന്ത്രി വി. മുരളീധരന്‍ ന്യായീകരിക്കുന്നതു മനസിലാക്കാം. പക്ഷേ, വി.ഡി. സതീശനും കൂടെച്ചേരുന്നത് എന്തുകൊണ്ടാണ്?
content highlight: thomas isaac about borroying limit