പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷിനെ പാമ്പു കടിച്ച് ആശുപത്രയിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉഗ്രവിഷമുള്ള മൂര്‍ഖനാണ് വാവ സുരേഷിനെ കടിച്ചിരിക്കുന്നത്. കോട്ടയം ചങ്ങനാശ്ശേരിക്കടുത്തുള്ള സ്ഥലത്തു വെച്ചാണ് സുരേഷിനെ പാമ്പ് കടിച്ചത്.
ഇതാദ്യമായല്ല വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത്. ഇതിന് മുന്‍പും നിരവധി തവണ ഇദ്ദേഹത്തെ പാമ്പ് കടിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തീര്‍ത്തും അശാസ്ത്രീയമായ രീതിയില്‍ പാമ്പിനെ പിടിക്കുന്നതും ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതും സുരേഷിന്റെ പതിവായിരുന്നു.
ആളുകള്‍ക്ക് മുമ്പിലുള്ള ഇത്തരം ‘ഷോ’കള്‍ക്കിടയിലായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കാറുള്ളത്. ഇത്തരത്തില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്നാണ് വാവ സുരേഷിന്റെ വിരല്‍ മുറിച്ച് മാറ്റിയതും.
‘സ്‌നേക്ക് മാസ്റ്റര്‍’ എന്ന പേരില്‍ ഒരു പരിപാടിയും വാവ സുരേഷ് നടത്തിയിരുന്നു. ഒരു സ്ഥലത്ത് പാമ്പിനെ പിടിക്കാന്‍ പോകുന്നതും പിടിച്ച ശേഷം ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതും മറ്റുമായിരുന്നു പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇത്തരത്തില്‍ പാമ്പുകളെ പിടിക്കുന്നതിനും ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനുമെതിരെ നിരവധി പരിസ്ഥിതി പ്രവര്‍ത്തകരടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു.
വാവ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ എന്ന പരിപാടിക്കെതിരെ വനം വകുപ്പും രംഗത്തെത്തിയിരുന്നു. ഇതടക്കം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പാമ്പുകളെ പ്രദര്‍ശിപ്പിക്കുന്ന പരിപാടികള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
ദൃശ്യ മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ഒരു തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് വാവ സുരേഷ് പാമ്പുകളെ പിടിച്ചിരുന്നത്. പാമ്പുകളെ പിടിക്കുന്നതിനായുള്ള ശാസ്ത്രീയമായ ഒരു മാനദണ്ഡങ്ങളും സുരേഷ് പാലിക്കാറില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
നേരത്തെ, ആനിമല്‍ ലീഗല്‍ ഫോഴ്സ് ജനറല്‍ സെക്രട്ടറി ഏംഗല്‍സ് നായര്‍ വാവ സുരേഷിനെതിരെ രംഗത്തു വന്നിരുന്നു. കേരളത്തില്‍ പാമ്പുകളെ ഏറ്റവും കൂടുതല്‍ ദ്രോഹിക്കുന്ന വ്യക്തി വാവ സുരേഷാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേരളത്തില്‍ മൃഗങ്ങളെ ദ്രോഹിക്കുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ടെന്നും, ആന, പാമ്പ് തുടങ്ങിയവയെ സംരക്ഷിക്കുക എന്ന പേരില്‍ നടക്കുന്നത് അവയെ ഉപദ്രവിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
പാമ്പ് ഒരിക്കലും സ്‌നേഹം മൂത്തിട്ടല്ല ഒരാളെ കടിക്കാറുള്ളതെന്നും, അവയ്ക്ക് സഹികെട്ടിട്ടാണ് കടിക്കുന്നതെന്നുമായിരുന്നു ഏംഗല്‍സ് നായര്‍ പറഞ്ഞത്.
പാമ്പിനെ പിടിച്ച ശേഷം ഇത്തരത്തില്‍ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശനം നടത്തരുതെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നതായും എന്നാല്‍ വാവ സുരേഷ് ഇത് തുടരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തില്‍ പാമ്പ് പിടുത്തത്തിന് ലൈസലന്‍സുള്ള 850 പേരാണ് നിലവിലുള്ളതെന്നും എന്നാല്‍ വാവ സുരേഷിന് പാമ്പ് പിടിക്കാന്‍ ലൈസന്‍സില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ വാവ സുരേഷിന് പാമ്പ് കടിയേറ്റപ്പോഴും ഇദ്ദേഹത്തിന്റെ അശാസ്ത്രീയമായ പാമ്പ് പിടുത്ത രീതികള്‍ക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് ഇത്തരം അശാസ്ത്രീയമായ പാമ്പ് പിടുത്ത രീതികള്‍ വിലക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
Content Highlight: This is not the first time Vava Suresh has been bitten by a snake using unscientific methods.