ഈ രാജ്യം സ്ത്രീ വിരുദ്ധത നിറഞ്ഞ രാജ്യമാണ്; പാകിസ്ഥാനില്‍ ഔറത്ത് മാര്‍ച്ച് സംഘടിപ്പിച്ച് സ്ത്രീകള്‍
World News
ഈ രാജ്യം സ്ത്രീ വിരുദ്ധത നിറഞ്ഞ രാജ്യമാണ്; പാകിസ്ഥാനില്‍ ഔറത്ത് മാര്‍ച്ച് സംഘടിപ്പിച്ച് സ്ത്രീകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th March 2023, 8:44 am

ഇസ്‌ലമാബാദ്: ഭരണകൂടത്തിന്റെ അനുമതി നിഷേധിക്കപ്പെട്ടിട്ടും ലാഹോറില്‍ വനിതാ ദിനത്തോടനുബന്ധിച്ച് ഔറത്ത് മാര്‍ച്ചുമായി പാകിസ്ഥാന്‍ സ്ത്രീകള്‍. 2000ത്തിലധികം വരുന്ന സ്ത്രീകളും ട്രാന്‍സ് വ്യക്തികളുമാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

വിവാഹ മോചനം, ലൈംഗിക ഉപദ്രവങ്ങള്‍, ആര്‍ത്തവം തുടങ്ങിയ കാര്യങ്ങളെ സൂചിപ്പിക്കുന്ന പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് റാലി നടത്തിയത്. താലിബാന്‍ ഭരണത്തിന് കീഴില്‍ നീതി നഷ്ടപ്പെട്ട അഫ്ഗാന്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ബാനറുകളും ഉണ്ടായിരുന്നു.

‘ഈ രാജ്യത്ത് നിന്നും സമൂഹത്തില്‍ നിന്നും സ്ത്രീകള്‍ക്ക് ലഭിക്കാത്ത സുരക്ഷിതത്വം ആവശ്യപ്പെട്ട് കൊണ്ടാണ് മാര്‍ച്ച് നടത്തുന്നത്’, മാര്‍ച്ചില്‍ പങ്കെടുത്ത അധ്യാപികയായ റബൈല്‍ അക്താര്‍ പറഞ്ഞു.

നേരത്തേ സുരക്ഷാ പ്രശ്‌നങ്ങള്‍ ആരോപിച്ച് സിറ്റി അധികൃതര്‍ മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് സംഘാടകര്‍ ലാഹോര്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി അനുമതി നല്‍കുകയുമായിരുന്നു.

എന്നാല്‍ സംഭവ ദിവസം പൊലീസ് ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ പ്രതിഷേധിക്കുന്നതിനിടെ മാര്‍ച്ചില്‍ പങ്കെടുത്തവരെ പൊലീസ് ലാത്തിവീശുകയും നിരവധി ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

എന്നാല്‍ ഇത് തങ്ങള്‍ക്ക് പുതുമയല്ലെന്നും ഈ രാജ്യം സ്ത്രീ വിരുദ്ധത നിറഞ്ഞ രാജ്യമാണെന്നും സംഘാടകരില്‍ ഒരാളായ ഇമാന്‍ സൈനബ് മസാരി ഹാസിര്‍ അല്‍ ജസീറയോട് പറഞ്ഞു.

‘നൂറ്റാണ്ടുകളായി ഞങ്ങളിത് പറയുകയാണ്. പണ്ട് ആയാലും ഇന്നായാലും ഇവിടെ ഒരു മാറ്റവും വന്നിട്ടില്ല. ഞങ്ങള്‍ സംസാരിക്കുന്നത് സോഷ്യലിസ്റ്റ് ഫെമിനിസമാണ്. ജനാധിപത്യത്തെക്കുറിച്ച്, നിര്‍ബന്ധിത തിരോധാനങ്ങളെക്കുറിച്ച്, തുല്യതയെക്കുറിച്ച്, പൊതു ഇടങ്ങളിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചൊക്കെയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. അതുകൊണ്ടാണ് സ്റ്റേറ്റിന് ഞങ്ങളോട് പ്രശ്‌നം തോന്നുന്നത്’, ഇമാന്‍ പറഞ്ഞു.

ഗ്ലോബല്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ 2022ലെ റിപ്പോര്‍ട്ടില്‍ പീഡനം, കൊലപാതകം, ആസിഡ് ആക്രമണങ്ങള്‍, ഗാര്‍ഹിക പീഡനം, നിര്‍ബന്ധിത വിവാഹം തുടങ്ങിയ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങള്‍ പാകിസ്ഥാനില്‍ വര്‍ധിച്ചുവെന്ന് സൂചിപ്പിക്കുന്നു.

ഇസ്‌ലമാബാദ്, ലാഹോര്‍, മുള്‍ട്ടാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തവണ മാര്‍ച്ച് സംഘടിപ്പിച്ചത്. 2018 മുതലാണ് പാകിസ്ഥാനില്‍ ഔറത്ത് മാര്‍ച്ച് നടത്തി വരുന്നത്.

content highlight: This country is full of misogyny; Women organized Aurat March in Pakistan