Advertisement
India
പ്രിയങ്ക, നിങ്ങള്‍ പിന്മാറില്ലെന്ന് എനിക്കറിയാം, നിങ്ങളുടെ ധൈര്യത്തിന് മുന്‍പില്‍ യു.പി പൊലീസ് അമ്പരന്നു; അഭിനന്ദിച്ച് രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 04, 05:27 am
Monday, 4th October 2021, 10:57 am

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഞായറാഴ്ച നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പ്രിയങ്കയുടെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി.

നിങ്ങളുടെ ധൈര്യത്തിന് മുന്‍പില്‍ ഉത്തര്‍പ്രദേശ് ഭരണകൂടം അമ്പരന്നെന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ എഴുതിയത്. എത്ര തന്നെ തടയാന്‍ ശ്രമിച്ചാലും പ്രിയങ്ക പിന്മാറില്ലെന്ന് അറിയാമായിരുന്നെന്നും അറസ്റ്റ് വരിച്ചതില്‍ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
നീതിക്ക് വേണ്ടിയുള്ള അഹിംസാ സമരത്തില്‍ രാജ്യത്തെ അന്നദാതാക്കള്‍ക്ക് അവര്‍ വിജയം നേടികൊടുക്കുമെന്നും രാഹുല്‍ പറഞ്ഞു.

‘പ്രിയങ്ക, നിങ്ങള്‍ പിന്മാറില്ലെന്ന് എനിക്കറിയാം. നിങ്ങളുടെ ധൈര്യത്തിന് മുന്‍പില്‍ അവര്‍ അമ്പരന്നു. നീതിക്കുവേണ്ടിയുള്ള ഈ അഹിംസാത്മക പോരാട്ടത്തില്‍, ഞങ്ങള്‍ രാജ്യത്തിന്റെ അന്നദാതാക്കളെ വിജയിപ്പിക്കും,’ രാഹുല്‍ പറഞ്ഞു.

ലഖിംപൂര്‍ ഖേരിയിലേക്കുള്ള യാത്രയ്ക്കിടെ യു.പി പൊലീസ് പ്രിയങ്കയെ തടയുന്നതിന്റെ വീഡിയോ കോണ്‍ഗ്രസ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

നിങ്ങള്‍ ഒരു വാറന്റെങ്കിലും കാണിക്കണമെന്നും അല്ലെങ്കില്‍ നിയമപരമായ ഉത്തരവ് ഉണ്ടാകണമെന്നും അല്ലാത്തപക്ഷം താന്‍ പിന്മാറില്ലെന്നും പ്രിയങ്ക യു.പി പൊലീസിനോട് പറയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. വാറന്റില്ലാതെ തന്നെ മറ്റൊരു വാഹനത്തില്‍ കയറ്റിയാല്‍ തട്ടിക്കൊണ്ടുപോയതായുള്ള കുറ്റം നിങ്ങള്‍ക്ക് മേല്‍ ചുമത്തുമെന്നും പ്രിയങ്ക ഗാന്ധി പറയുന്നത് വീഡിയോയിലുണ്ട്.

കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറിയത്.

നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം പ്രദേശത്ത് യു.പി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം