ന്യൂദല്‍ഹി: മെട്രോ നഗരങ്ങളിലേതും ഗ്രാമങ്ങളിലേതുമടക്കമുള്ള എ.ടി.എമ്മുകള്‍ കാലിയായത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കറന്‍സി ലഭ്യമല്ലാത്തത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതിന്റെ കാരണം സംബന്ധിച്ച് വലിയ ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.
ബാങ്കുകള്‍ക്ക് നല്‍കാന്‍ മതിയായ കറന്‍സിയില്ലാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നാണ് ആര്‍.ബി.ഐ ഉറവിടങ്ങളെ ഉദ്ധരിച്ച് ഇക്‌ണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. കറന്‍സി പ്രിന്റ് ചെയ്യാനുളള മഷി, പേപ്പര്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വലിയ അഭാവമുണ്ടെന്ന് ആര്‍.ബി.ഐ പറയുന്നു.
ഉയര്‍ന്നുവരുന്ന കറന്‍സി ഡിമാന്റ് പരിഹരിക്കാന്‍ മതിയായ അസംസ്‌കൃത വസ്തുക്കള്‍ ഇല്ലെന്നാണ് ആര്‍.ബി.ഐ പറയുന്നത്. “മഷി, പേപ്പര്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുന്നില്ല. അതാണ് ബാങ്കില്‍ പണം വിതരണം ചെയ്യുന്നത് നിയന്ത്രിക്കാന്‍ കാരണം.” എന്നാണ് ആര്‍.ബി.ഐ പറഞ്ഞതെന്ന് ഇക്കാര്യങ്ങളെക്കുറിച്ച് അറിയാവുന്ന വ്യക്തി പറഞ്ഞതായി ഇക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
2017 നവംബര്‍ മുതല്‍ വിനിമയത്തിലുള്ള കറന്‍സിയുടെ അളവ് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. നോട്ടുനിരോധനം പണരഹിത ഇടപാടുപാടുകള്‍ വര്‍ധിപ്പിച്ചോയെന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴും ബാങ്കുകള്‍ പറയുന്നത് പെയ്‌മെന്റ് വാലറ്റുകള്‍ക്ക് ഇ-കെ.വൈ.സി ചട്ടങ്ങള്‍ നിര്‍ബന്ധമാക്കിയത് ഇത്തരം ഇടപാടുകള്‍ക്ക് ക്ഷീണമായിട്ടുണ്ടെന്നാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ പണത്തിലേക്കു തന്നെ നീങ്ങിയെന്നും ബാങ്കര്‍മാര്‍ പറയുന്നു.
Must Read:‘എന്നെ ഉപദേശിച്ച മോദി വല്ലപ്പോഴും വാ തുറക്കണം’; മോദിയെ പരിഹസിച്ച് മന്‍മോഹന്‍ സിങ്
അതിനിടെ, നോട്ട് ദൗര്‍ലഭ്യം വര്‍ധിച്ച സാഹചര്യത്തില്‍ മധ്യപ്രദേശിലെ ദേവാസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബാങ്ക് നോട്ട് പ്രസ് കറന്‍സി പ്രിന്റിങ് വര്‍ധിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ മൂന്ന് ഷിഫ്റ്റുകളിലായാണ് അച്ചടി തുടരുന്നത്.