പി.സി ജോര്‍ജിനെ കേരളത്തില്‍ നിന്നും ഭ്രഷ്ട്ട് കല്‍പ്പിച്ച് നാടുകടത്തണം; മാഹി പരാമര്‍ശത്തില്‍ പ്രതിഷേധം; തള്ളി ബി.ജെ.പി
Kerala
പി.സി ജോര്‍ജിനെ കേരളത്തില്‍ നിന്നും ഭ്രഷ്ട്ട് കല്‍പ്പിച്ച് നാടുകടത്തണം; മാഹി പരാമര്‍ശത്തില്‍ പ്രതിഷേധം; തള്ളി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd March 2024, 9:52 am

മാഹി: മാഹിയെ അധിക്ഷേപിച്ച് സംസാരിച്ച ബി.ജെ.പി നേതാവ് പി.സി ജോര്‍ജിനെതിരെ പ്രതിഷേധം ശക്തം. കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ടി രമേശിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടന ചടങ്ങില്‍ ആയിരുന്നു മാഹിയെക്കുറിച്ച് പി.സി ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്.

മാഹി വേശ്യകളുടെ വലിയ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളുടെയും റൗഡികളുടെയും കുത്തകയായിരുന്നു എന്നുമായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. ഈ വിവാദ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

മാഹിയുമായി ഒരു ബന്ധവും ഇല്ലാതെ എന്തൊക്കെയോ പറയുന്ന പി.സി ജോര്‍ജിനെ പോലുള്ളവരെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തണം എന്നായിരുന്നു മാഹി രമേശ് പറമ്പത്ത് എം.എല്‍.എ പറഞ്ഞത്.

വനിതാ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും ജനങ്ങളെക്കുറിച്ച് മോശമായി പരാമര്‍ശിച്ച ജോര്‍ജിനെ പോലുള്ളവരെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും രമേശ് പറഞ്ഞു.

വിവാദ പരാമര്‍ശത്തില്‍ പി.സി ജോര്‍ജ് മാഹിയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നാണ് സി.പി.ഐ.എം ആവശ്യപ്പെട്ടത്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ കൂറുമാറി കൊണ്ടിരിക്കുന്ന ജോര്‍ജ് ഇപ്പോള്‍ ബി.ജെ.പിയില്‍ ആണെന്നും മാഹിയില്‍ ഉള്ള ബി.ജെ.പിക്കാര്‍ പി.സി ജോര്‍ജിന്റെ ഈ നിലപാട് അംഗീകരിക്കുമോ എന്നും സി.പി.ഐ.എം പ്രതിഷേധ കൂട്ടായ്മ ചോദ്യം ഉന്നയിച്ചു.

മയ്യഴിയിലെ അമ്മമാരെയും സഹോദരന്മാരെയും പെങ്ങന്മാരെയും അപമാനിച്ച പി.സി ജോര്‍ജ് പരസ്യമായി മാപ്പ് പറയണമെന്നാണ് മുന്‍ മന്ത്രിയായ വത്സരാജ് ആവശ്യപ്പെട്ടത്.

രാജ്യത്തില്‍ തന്നെ ഏറ്റവും അധികം ഉന്നത വിദ്യാഭ്യാസം നേടിയ മാഹിയിലെ ജനങ്ങളോട് പി.സി ജോര്‍ജ് മാപ്പ് പറയണമെന്നും സബര്‍ഗ വനിതാവേദി ആവശ്യപ്പെട്ടു.

മാഹി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മീഷന്‍ അഡീഷണല്‍ ഡ്യൂട്ടി കൗണ്‍സില്‍ ആയ അഡ്വക്കേറ്റ് എന്‍.കെ സജ്‌നയും പി.സി ജോര്‍ജിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നു. മാഹിയിലെ സ്ത്രീകളെ അപമാനിച്ച പി.സി ജോര്‍ജിനെ കേരളത്തില്‍നിന്ന് ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തണം എന്നാണ് സജ്‌ന പറഞ്ഞത്.

പി.സി ജോര്‍ജിന്റെ പരാമര്‍ശം അത്യന്തം അപലപനീയവും ഖേദകരവും ആണെന്നാണ് പുതുച്ചേരി ബി.ജെ.പി മാഹി മേഖല കമ്മിറ്റി അറിയിച്ചത്. സാംസ്‌കാരിക പൈതൃകമുള്ള ഒരു ജനതയെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടച്ചാക്ഷേപിച്ചതിനെ അവജ്ഞതയോടെ തള്ളിക്കളയുന്നു എന്നാണ് ബി.ജെ.പി മാഹി മേഖല കമ്മിറ്റി പറഞ്ഞത്.

Content Highlight: The protest against P.C George for the controversial statement of Mahe