ദിലീപിന് തിരിച്ചടി; മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണത്തിന് ഉത്തരവ്
Kerala News
ദിലീപിന് തിരിച്ചടി; മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണത്തിന് ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th December 2023, 2:05 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന് തിരിച്ചടി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.

ഇതുസംബന്ധിച്ച വിവരങ്ങൾ ജില്ലാ സെഷൻസ് ജഡ്ജി പരിശോധിക്കണമെന്നും ആവശ്യമെങ്കിൽ പൊലീസിന്റെയും മറ്റു അന്വേഷണ ഏജൻസികളുടെയും സഹായം തേടാമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

പരാതികൾ ഉണ്ടെങ്കിൽ അതിജീവിതക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ ആശങ്ക പ്രകടിപ്പിച്ച് അതിജീവിത നൽകിയ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയിട്ടുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ട് പുറത്തിവിട്ടിരുന്നു. എന്നാൽ ഈ വിവരം കോടതിയുടെ രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനെ തുടർന്നാണ് തെളിവുകൾക്ക് പിന്നിൽ ഏതെങ്കിലും രീതിയിലുള്ള ദുരുപയോഗം നടന്നിട്ടുണ്ടെങ്കിൽ അത് തന്നെ വ്യക്തിപരമായി ബാധിക്കുമെന്ന് അതിജീവിത കോടതിയെ അറിയിച്ചത്.

കോടതിയുടെ നിയന്ത്രണത്തിലുള്ള മെമ്മറി കാർഡുകൾ ആരാണ് ഉപയോഗിച്ചതെന്നും എന്തിന് വേണ്ടിയാണ് പരിശോധിച്ചതെന്നും കാർഡിലെ വിവരങ്ങൾ പുറത്ത് പോയിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് വ്യക്തത വരുത്തേണ്ടതെന്ന് അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.

ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ തന്റെ മൗലികാവകാശ ലംഘനമാണെന്നും ആയതിനാൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുള്ള അതിജീവിതയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചിട്ടുള്ളത്. കേസ് അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കോടതിയുടെ നിർണായക ഉത്തരവ്.

Content Highlight: The High Court has ordered an investigation into the change in the hash value of the memory card