സ്‌ക്വിഡ് ഗെയിം 2വിനായി പാടി ഹനുമാന്‍കൈന്‍ഡ്; മരണക്കിണറില്‍ തുടങ്ങിയ കളി ഇനി നെറ്റ്ഫ്‌ളിക്‌സിനൊപ്പം
Music
സ്‌ക്വിഡ് ഗെയിം 2വിനായി പാടി ഹനുമാന്‍കൈന്‍ഡ്; മരണക്കിണറില്‍ തുടങ്ങിയ കളി ഇനി നെറ്റ്ഫ്‌ളിക്‌സിനൊപ്പം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th December 2024, 2:13 pm

ഒരൊറ്റ സീസണ്‍ കൊണ്ട് തന്നെ ലോക സീരീസ് പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടിയ കൊറിയന്‍ സീരീസാണ് സ്‌ക്വിഡ് ഗെയിം. നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട നോണ്‍ ഇംഗ്ലീഷ് സീരീസിന്റെ റെക്കോഡ് ഇപ്പോഴും സ്‌ക്വിഡ് ഗെയിമിന്റെ പേരിലാണ്.

ഇപ്പോള്‍ ലോകമെമ്പാടുമുള്ള സീരീസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണിന് വേണ്ടിയാണ്. ആദ്യവസാനം പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ സീരീസിന്റെ രണ്ടാം സീസണ്‍ ഡിസംബര്‍ 26നാണ് എത്തുന്നത്.

കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യന്‍ സ്‌ക്വിഡ് ഗെയിം ആരാധകര്‍ക്ക് ആവേശം നല്‍കുന്ന ഒരു വാര്‍ത്ത പുറത്തുവിട്ടിരുന്നു. സ്‌ക്വിഡ് ഗെയിം 2വിനായി മലയാളിയും ഇന്ത്യന്‍ റാപ്പറുമായ ഹനുമാന്‍കൈന്‍ഡ് ഗാനമൊരുക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത.

ഗാനത്തിന്റെ പ്രോമോ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്. ‘The Big dwags are coming to the Big Game @hanumankind is the stage of a new squid Game anthem, dropping December 16th’ എന്ന അടികുറിപ്പോടെയായിരുന്നു നെറ്റ്ഫ്‌ളിക്‌സ് ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്തുവിട്ടത്.

ഇപ്പോള്‍ ഹനുമാന്‍കൈന്‍ഡിന്റെ ‘ദി ഗെയിം ഡോണ്ട് സ്‌റ്റോപ്പ്’ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ. ഹനുമാന്‍കൈന്‍ഡിനൊപ്പം കല്‍മി, പരിമള്‍ ഷൈസ് എന്നിവരും ഈ ഗാനത്തിന്റെ ഭാഗമായിട്ടുണ്ട്. ഇന്ത്യന്‍ ഹിപ്-ഹോപ്പിന്റെ ചരിത്ര നിമിഷമാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്.

ഹനുമാന്‍കൈന്‍ഡ്:

ബിഗ് ഡോഗ്സ് എന്ന വൈറല്‍ ഹിറ്റിലൂടെ ഈ വര്‍ഷം ആഗോള പ്രശസ്തി നേടിയ മലയാളി റാപ്പറാണ് ഹനുമാന്‍കൈന്‍ഡ്. കേരളത്തിലെ പൊന്നാനിയില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന റാപ്പറാണ് ഹനുമാന്‍കൈന്‍ഡ് എന്ന സ്റ്റേജ് നാമത്തില്‍ അറിയപ്പെടുന്ന സൂരജ് ചെറുകാട്. അദ്ദേഹത്തിന്റെ ബിഗ് ഡോഗ്സ് എന്ന ഗാനം യൂട്യൂബില്‍ 179 മില്യണിലധികം കാഴ്ചക്കാരുമായി അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധപിടിച്ച് പറ്റിയിട്ടുണ്ട്.

Content Highlight: The Game Don’t Stop, Hanumankind Sing For Netflix’s Squid Game 2 Series