Entertainment
മറ്റുരാജ്യങ്ങളിൽ സിനിമ പ്രദർശിപ്പിച്ചു, അവർക്കൊന്നും പ്രശ്നം തോന്നിയില്ല: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 12, 05:52 am
Saturday, 12th April 2025, 11:22 am

ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ് സിനിമയുടെ പ്രദർശനം കുവൈറ്റും സൗദിയും തടഞ്ഞതിനെപ്പറ്റി സംസാരിക്കുകയാണ് ചിത്രത്തിൻ്റെ പ്രൊഡ്യൂസർ ടൊവിനോ തോമസ്.

കുവൈറ്റിൽ സിനിമയുടെ കുറച്ച് ഷോട്ടുകൾ കട്ട് ചെയ്തു കളഞ്ഞുവെന്നും സൗദിയിലും സിനിമ പ്രദർശിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞുവെന്നും ടൊവിനോ പറയുന്നു. അത് ഓരോ രാജ്യങ്ങളുടെ നിയമമാണെന്നും നമ്മുടെ രാജ്യമാണെങ്കിൽ അത് ചോദ്യം ചെയ്യാമായിരുന്നുവെന്നും മറ്റുരാജ്യങ്ങളുടെ നിയമം അങ്ങനെയാണെന്നും ടൊവിനോ അഭിപ്രായപ്പെട്ടു.

ഇപ്പോൾ തത്കാലം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും എന്നാൽ അത് കാര്യമാക്കേണ്ടതില്ലെന്നും ടൊവിനോ പറഞ്ഞു. ഇത്തരം സീനുകൾ പ്രശ്നമില്ലാത്ത രാജ്യങ്ങളിൽ ഇത് പ്രദർശിപ്പിച്ചുവെന്നും അവിടെയൊക്കെ മരണമാസ് സിനിമയെ അംഗീകരിച്ചുവെന്നും ടൊവിനോ പറയുന്നു. അവർക്ക് ഈ സിനിമയിൽ പ്രശ്നമൊന്നും തോന്നിയിട്ടില്ലെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

‘കുവൈറ്റിൽ കുറച്ച് ഷോട്ടുകൾ കട്ട് ചെയ്ത് കളഞ്ഞു. സൗദിയിലും സിനിമ പ്രദർശിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. ഓരോ രാജ്യങ്ങളുടെ നിയമമാണ്. നമ്മുടെ രാജ്യമാണെങ്കിൽ അത് വേണമെങ്കിൽ ചോദ്യം ചെയ്യാം. മറ്റുരാജ്യങ്ങളിൽ അവരുടെ നിയമം അങ്ങനെയാണ്. ഇപ്പോൾ തത്കാലം ആ സിനിമയ്ക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അത് കാര്യമാക്കേണ്ടതില്ല. ഇത് പ്രശ്നമല്ലാത്ത രാജ്യങ്ങളിൽ ഇത് പ്രദർശിപ്പിച്ചു. അവിടെയൊക്കെ സിനിമയെ അക്സെപ്റ്റ് ചെയ്തു കഴിഞ്ഞു. അവർക്ക് ഇതിൽ ഒരു പ്രശ്നവും തോന്നുന്നില്ല,’ ടൊവിനോ പറയുന്നു.

സിനിമുടെ കാസ്റ്റിങ്ങിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തിയുള്ളതിനാലാണ് സൗദിയിൽ ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. എന്നാൽ കുവൈറ്റിൽ ഭാഗങ്ങളൊഴിവാക്കിയാണ് പ്രദർശിപ്പിച്ചത്.

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊജക്ട്സ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവരുടെ ബാനറിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. വിഷു റിലീസായി വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററിൽ എത്തിയത്. ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയത് നടൻ സിജു സണ്ണിയാണ്.

Content Highlight: The film was screened in other countries, and they didn’t have any problems says Tovino Thomas